ഒരു എറണാകുളം-കായംകുളം ട്രെയിൻ യാത്രയിലാണ് ഇ.വി. റെജിയുടെ "ദർശനാ ടാക്കീസ്" വായിക്കാൻ എടുത്തത്. വായിച്ചുതുടങ്ങി ഒരുമണിക്കൂർ തികച്ച് വേണ്ടിവന്നില്ല അതു തീർക്കാൻ. അത്രക്ക് ഹൃദ്യവും സരസവുമായ ആഖ്യാനം.
ഏതൊരു നാടിൻ്റെ ചരിത്രം ചികഞ്ഞാലും നമുക്ക് കാണാൻ കഴിയും തൊണ്ണൂറുകളോ ഏറിയാൽ രണ്ടായിരാമാണ്ട് വരെയോ അന്നാട്ടിലെ ജനതയുടെ ഹരമായിരുന്നിരുന്ന ഒരു 'സിനിമാ ടാക്കീസ്' അഥവാ 'സിനിമാ കൊട്ടക' എന്ന ചെറു തീയേറ്ററുകളെ.
വലിയ വലിയ തീയേറ്ററുകൾ ചവച്ചുതുപ്പിയ ചണ്ടികളായ സിനിമകൾ കളിക്കേണ്ടിവരികയും, ക്രമേണ, നാടിന്റെ വളർച്ചക്കനുസരിച്ച് പുതുകാലത്തിന്റെ മൾട്ടിപ്ലക്സ് സംസ്ക്കാരത്തിൽ മുങ്ങി പ്രദർശനങ്ങൾ നിർത്തിവെക്കേണ്ടി വന്നതുമായ ചെറുചെറുസിനിമാപ്രദർശനശാലകൾ. അത്തരമൊരു തീയേറ്ററായ "ദർശന ടാക്കീസ്" സിനിമാശാലയിലെ അവസാനത്തെ പ്രദർശനം കാണാൻ ഭാര്യയോടു കള്ളം പറഞ്ഞ് തന്റെ പഴയകാല കൂട്ടുകാരനായ "ഫുൾസൈക്കിൾ" ചവിട്ടി ദർശനയിലെത്തുന്ന ബാലകൃഷ്ണന്റെ ഓർമ്മകളുടെ ഫ്രെയിമുകളിലേക്കാണ് പുസ്തകത്തിലൂടെ ഇ.വി.റെജി നമ്മളെ നയിക്കുന്നത്.
90'സ് കിഡ്സ് ആയ ഒരാൾക്കും അപരിചിതമായ ഓർമ്മകളായിരിക്കില്ല അവയൊന്നും.
പഴയകാല സിനിമാപ്രദർശനശാലകളുടെ ഓർമ്മകളെ പേറുന്ന എല്ലാ വായനക്കാരിലും 'ഇത് എന്റെ തന്നെ കഥയാണല്ലോ' എന്ന ചിന്ത ഈ പുസ്‌തകവായന പകരുമെന്നത് തീർച്ചയാണ്.
"ചക്കുവള്ളി അംബിക"
പുസ്തകത്തിലെ നായകന് ദർശന ടാക്കീസ് ഓർമ്മകൾ ഉള്ളത് പോലെ, പ്രദർശനം നിർത്തിയ ഒരു
ടാക്കീസിന്റെ ഓർമ്മകൾ ഞാനടക്കം ഉള്ള ഓരോ ചക്കോളിക്കാരനും മനസ്സിൽ കാത്തുസൂക്ഷിക്കുന്നുണ്ട്.
അതാണ് ഞങ്ങളുടെ "അംബിക". വായനയുടെ നേരമത്രയും ചക്കുവള്ളിയിലെ പൂട്ടിപ്പോയ തീയേറ്ററായ "ചക്കോളി അംബിക"യായിരുന്നു എന്റെയുള്ളിൽ.
അധികം സിനിമകളൊന്നും ഞാനവിടെ കണ്ടിട്ടില്ല.
ഭരതൻ്റെ 'അമരം' ആയിരുന്നു ഞാനവിടെ കണ്ട ആദ്യചിത്രം, പിന്നീട് 'കമ്മീഷണർ', 'പത്രം' തുടങ്ങിയ സിനിമകളും കണ്ടിട്ടുണ്ട്.
ചക്കുവള്ളിയുടെ വെള്ളിയാഴ്ചകൾ അംബികയുടെ സ്വന്തമായിരുന്നൊരു കാലം ഉണ്ടായിരുന്നു.
ക്രമേണ കരുനാഗപ്പള്ളിയിലും അടൂരിലുമൊക്കെയായി ആധുനിക സംവിധാനങ്ങളോടു കൂടിയ തീയേറ്ററുകൾ തലപൊക്കിയതോടുകൂടി അംബികയിൽ ജനം കുറഞ്ഞു. ദർശന ടാക്കീസിലെന്നപോലെ പതിയെ അംബികയും വിട്ടുവീഴ്‌ചകളുടെ "വട്ടത്തിൽ ഏ" പ്രദർശനങ്ങളിലേക്ക് ഒതുങ്ങി. കുടുംബപ്രേക്ഷകരുടെ വരവ് നിലച്ചു.
ഷക്കീല എന്ന നടിയെ ആദ്യമായി കേരളക്കരക്കു പരിചയപ്പെടുത്തിയ 'കിന്നാരത്തുമ്പികൾ' അംബികയിലെ ആദ്യ അഡൽറ്റ്സൊൺലി ചിത്രമായി പ്രദർശിപ്പിക്കപ്പെട്ടു.
അംബിക തീയേറ്ററിൻ്റെയും നൌഫലിന്റെ വീടിന്റെയും ഇടയിലുള്ള വഴിയിലൂടെയായിരുന്നു അക്ഷര ട്യൂട്ടോറിയലിലേക്ക് ഉള്ള വഴി.
വഴി തുടങ്ങുന്നിടത്തുള്ള നൌഫലിന്റെ വാപ്പാടെ കടയുടെ മുന്നിലുള്ള സിനിമാ പരസ്യ ബോർഡിൽ ഷക്കീല ചേടത്തി നാട്ടുകാർക്ക് മുന്നിൽ തന്റെ വരവറിയിച്ചു കൊണ്ട് പ്രത്യക്ഷയായി.
അക്ഷര ട്യൂട്ടോറിയലിൽ പോകുന്ന പോക്കിലും, പിന്നീട്
ഒൻപതരക്കുള്ള ഓച്ചിറ-അടൂർ കോമോസിന് കടമ്പനാട് സ്‌കൂളിലേക്കു പോകുമ്പോൾ ബസിന്റെ വാതിലിൽ തൂങ്ങിനിന്നുകൊണ്ടും,
ഭൂമിയിലേക്ക് ഇപ്പോൾ വീണുപോകും എന്ന കണക്ക് എങ്ങുമെത്താത്ത കച്ചകളിൽ അടക്കം ചെയ്‌ത ചേടത്തിയുടെ അപാരസൌന്ദര്യത്തെ ഞങ്ങൾ ആവോളം കണ്ടു.
തുടർന്ന് മറ്റു മൂന്നു പേർ കൂടി അംബികയിലേക്ക് ആഴ്ചയാഴ്ചകളിൽ വിരുന്നെത്തി. മറിയ, രേഷ്‌മ, സജിനി ത്രയങ്ങളും പിന്നെ ഇടക്കിടെ ഷക്കീലയും അംബികയുടെ സ്വന്തമാൾക്കാരായി. സാബു സാറിന്റെയും ലാലു സാറിന്റെയും സിദ്ധിക്ക് സാറിന്റെയും ക്ലാസുകൾക്കിടയിൽ ഞങ്ങൾ അംബികയിൽ നിന്നുയരുന്ന പ്രണയകാമ ശീൽക്കാരങ്ങൾക്കായി കാതോർത്തു.
നാട്ടുകാർക്ക് പതിയെ ഈ പ്രദർശനങ്ങളും മടുത്തുതുടങ്ങി.
ആൾവരവ് കുറഞ്ഞപ്പോൾ അംബികയൊരു റിനോവേഷനു തയ്യാറായി.
രണ്ടായിരത്തിൽ, അൽപ്പം മോടിപിടിപ്പിക്കലുകളോടു കൂടി അംബിക ഉയിർത്തെഴുന്നേറ്റു. ലോഹിതദാസിൻ്റെ 'അരയന്നങ്ങളുടെ വീട്' പിടിച്ച് തിരിച്ചുവരവ് ഗംഭീരമാക്കി, അതിന് ശേഷം വന്നത് 99'ലെ റിലീസ് ആണെങ്കിലും അപ്പോഴും ഹിറ്റായി തന്നെ നിന്ന ഷങ്കറിന്റെ 'മുതൽവൻ'.
പക്ഷേ ആ ഗാംഭീര്യം തുടരാൻ അംബികക്ക് കഴിഞ്ഞില്ല. കേബിൾ ടെലിവിഷന്റെ അഭൂതപൂർവമായ പ്രചാരത്തിലും, പുതിയ തിയേറ്ററുകളുടെ ഉദയത്തിലും മുങ്ങിപ്പോയി അംബികയിലെ സിനിമാപ്രദർശനങ്ങൾ. താമസിയാതെ പ്രദർശനങ്ങളെ ഓർമ്മയുടെ തിരശ്ശീലയിലേക്കു തള്ളി അംബികക്ക് എന്നെന്നേക്കുമായി താഴ് വീണു.
കുറച്ചുനാൾ മുൻപ് ഞാൻ അംബികയുടെ മുന്നിലെത്തിയപ്പോൾ അകത്തേക്ക് ഒരു നോക്ക് നോക്കി.
പഴയ കെട്ടിടം പൊളിച്ചിരിക്കുന്നു. കെട്ടിടം നിന്നിടത്ത് നീട്ടിക്കെട്ടിയ അയകൾ സ്ഥാനം പിടിച്ചിരിക്കുന്നു. അതിൽ ഉണങ്ങാനിട്ട റബ്ബർ ഷീറ്റുകൾ, പടർന്നു കയറിയ കോവൽ വള്ളികൾ.
പണ്ട് കാഴ്ചയുടെ പുത്തനനുഭവങ്ങൾ ഓരോ ചക്കോളിക്കാരനും പകർന്നുകൊടുത്ത അംബിക ഓർമ്മകളുടെ ശവപ്പറമ്പായി മാറിയിരിക്കുന്നു.
ഒരു കാലത്ത് എൻ്റെ നാടിനെ സിനിമ കാണാൻ പഠിപ്പിച്ച അംബിക തീയേറ്റർ, തന്നിലൂടെ പ്രേക്ഷകർ കണ്ടുതീർത്ത ചലച്ചിത്രങ്ങളുടെ ഓർമ്മകൾ അടക്കിപ്പിടിച്ച് കൊണ്ട്, മണ്ണിനടിയിൽ നിശ്ശബ്‌ദയായി മുകളിലെ നീല തിരശ്ശീലയിലേക്ക് കണ്ണയച്ച് കിടക്കുന്നു....
❤️😭
(2015)
No comments:
Post a Comment