സിനിമയിൽ ഒരു സീനിൽ ഉർവശിയുടെ പുരികങ്ങളുടെ ചലനം വല്ലാതെ കൂടുന്നുണ്ട്, ലീലാമ്മ കടന്നുപോകുന്ന വികാരങ്ങളുടെ വേലിയേറ്റത്തിന് പ്രേക്ഷകർ സാക്ഷിയാകുന്ന ഒരു സീൻ ആണത്"
എന്ന് എഴുതി തുടങ്ങാൻ ആണ് ശ്രമിച്ചത്.
പിന്നെയാണ് ആലോചിച്ചത്,
പടത്തിലെ ഒരു സീനിൽ അല്ല, ഒട്ടുമൊത്ത സീനുകളിലും ഉർവശി എന്ന നടിയുടെ മുഖത്ത് ആണ് ക്യാമറ.
ഒരുപക്ഷേ, പാർവതിയുടെ അഞ്ജുവിനേക്കാൾ ക്രിസ്റ്റോയുടെ ക്യാമറ ഫോക്കസ് ചെയ്തത് ഏറെയും ലീലാമ്മയിൽ ആണ്, അവരുടെ മനോവ്യാപാരങ്ങൾ പ്രതിഫലിക്കുന്ന മുഖത്തേക്ക് തന്നെ ആണ്.
അവരുടെ പുരികങ്ങൾ മാത്രമല്ല, കണ്ണുകളും കവിൾത്തടങ്ങളും എല്ലാം നമ്മളെ വിസ്മയിപ്പിക്കും, അവ്വിധം ആഴത്തിൽ ഉർവശിയിലേക്ക് ലീലാമ്മയും അവരുടെ ദുഖങ്ങളും, സ്നേഹവും, ഇടക്ക് വന്നുപോകുന്ന ചെറിയ ദേഷ്യവും ഈർഷ്യയും ഒക്കെ ആവേശിച്ചിട്ടുണ്ട്.
പാർവതിയെ ടേക്ക് ഓഫ്’ലെ സമീറയുടെ തുടർച്ചയായാണ് തോന്നിയത്. ചുറ്റുപാടും പൊങ്ങിയ വെള്ളത്തിന്റെ നടുവിൽ, ഇഷ്ടമില്ലാത്ത കല്യാണത്തിന് വഴങ്ങി കൊടുത്തതിന്റെ ഫലമായി അനുഭവിക്കേണ്ടി വന്ന വേദനകളുടെ നടുവിൽ, ഭർത്താവിന്റേതല്ലാത്ത ഗർഭം നൽകുന്ന വിഷമങ്ങൾക്ക് നടുവിൽ, മകന്റെ കുഞ്ഞിനെ കാത്തിരിക്കുന്ന ലീലാമ്മയുടെ സ്നേഹത്തിന് മുന്നിൽ, ശ്വാസം മുട്ടുന്ന അഞ്ജുവിന്റെ റോൾ പാർവതി അനായാസം കൈകാര്യം ചെയ്തിരിക്കുന്നു. ആ ശ്വാസംമുട്ടലുകൾക്കിടയിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച് പരാജയപ്പെട്ട് അഞ്ജു തിരിച്ചുവരുന്ന സീനിൽ ഒറ്റക്ക് വള്ളം തുഴഞ്ഞുവരുന്ന അവളുടെ മുന്നിലേക്ക് മഴ പെയ്തിറങ്ങുമ്പോൾ നമുക്കും ആ ശ്വാസം മുട്ടൽ അനുഭവപ്പെടും.
ഉർവശി-പാർവതിമാരുടെ ഈ സിനിമയിലെ അഭിനയത്തെ കുറിച്ച് പലരും ഇതിനേക്കാൾ വിശദമായി എഴുതിയതാണ്.
എന്നാൽ, അതിഗംഭീര പ്രകടനങ്ങൾ കൊണ്ട് ഇവർക്കൊപ്പം തന്നെ കട്ടക്ക് കട്ട നിൽക്കാൻ സിനിമയിലെ മറ്റ് താരങ്ങൾ ആയ ജയ കുറുപ്പിനും, പ്രശാന്തിനും, വീണ നായർക്കും കഴിഞ്ഞിട്ടുണ്ട്.
ജയ കുറുപ്പിന്റെ ചില നേരങ്ങളിലെ വെറുതേ ഉള്ള നിൽപ്പ് പോലും topnotch പെർഫോമൻസ് എന്ന ഗണത്തിൽ പെടുത്താം. അന്ത:സംഘർഷങ്ങളുടെ ആഴം അവരുടെ ആ static posture'ൽ നമുക്ക് അറിയാൻ കഴിയും.
പടത്തിൽ തന്നെ ആദ്യമായി കാണിക്കുന്ന സീൻ മുതൽ, താനൊരു ദീനക്കാരൻ ആണെന്നൊരു impact പ്രേക്ഷകന്റെ ഉള്ളിൽ ഉണ്ടാക്കിയെടുക്കാൻ പ്രശാന്തിന്റെ അഭിനയത്തിനാകുന്നുണ്ട്. അയാളുടെ ചിരി തെളിച്ചമുള്ളതല്ല, താൻ പേറുന്ന രോഗത്തെ പ്രതി അയാൾക്കുള്ള ഭയം ആ മങ്ങിയ ചിരിയിൽ പ്രതിഫലിക്കുന്നുണ്ട്.
ഭാര്യയ്‌ക്കൊപ്പം ഉള്ള സ്വകാര്യ നിമിഷങ്ങളിലേക്ക് അയാൾ കടക്കുന്നത് പോലും ധൃതിപ്പെട്ടാണ്, വരാനിരിക്കുന്ന ഭീകരമായ എന്തിനെയോ ഭയക്കുന്ന ഒരാളെ പ്രശാന്തിന്റെ തോമസുകുട്ടിയിൽ നമുക്ക് കാണാം. ഈ റോളിലേക്കായി പ്രശാന്ത് നടത്തിയ ശരീരികമായ ട്രാൻസ്ഫർമേഷനും ഏറെ convincing ആണ്.
സിസ്റ്റർ റോസമ്മ എന്ന കഥാപാത്രമായി വന്ന വീണ നായരും പെർഫോമൻസ് കൊണ്ട് വളരെ മികച്ചുനിന്നതായി തോന്നി. പുറമേ ശാന്തമായി ഒഴുകുന്ന പുഴയുടെ ഉള്ളൊഴുക്ക് വളരെ ശക്തമായിരിക്കും. ഒരു കന്യാസ്ത്രീ എന്ന റോളിലേക്ക് വരുമ്പോൾ പുറമേക്ക് വേണ്ട ശാന്തതയുടെ ഡിഗ്രി കുറച്ച് കൂടും, അതിനനുസരിച്ചു ഉള്ളുരുക്കത്തിന്റെയും. അത് രണ്ടും ഇവിടെ പിച്ച് പെർഫെക്റ്റ് ആണ്. അടക്കം വന്ന അസാധ്യ പെർഫോമൻസ്. ഉർവശിയുടെ ഒരു കുത്തുന്ന ഡയലോഗിൽ നിർന്നിമേഷയായി നിൽക്കുന്ന റോസമ്മയിൽ, പെർഫോമൻസിന്റെ ആ ഡെപ്ത് കാണാൻ കഴിയും.
ഇനിയൊരാൾ ജലം ആണ്,
വെള്ളം…
ചുറ്റോറും നിറഞ്ഞു നിൽക്കുന്ന വെള്ളം സിനിമയിൽ pivotal ആയ ഒരു കഥാപാത്രം ആണ്.
വെള്ളം സങ്കടമാണ്, തോമസുകുട്ടിയുടെ വയ്യായ്കകൾക്കൊപ്പം പൊങ്ങുന്ന വെള്ളം ആ വീട്ടിലേക്ക് ഇടയ്ക്കിടെ കടന്നുവരുന്ന ദുഃഖമാണ്. വർഷത്തിൽ ഏറെനാളും വെള്ളം കയറുന്ന വീടിന്റെ മുറ്റം മണ്ണിട്ട് പൊക്കുന്ന കാര്യവും വെള്ളം കയറാത്ത മുറി ശരിയാക്കണം എന്ന കാര്യവും ഉർവശി പറയുന്നത് മകന്റെ കുഞ്ഞ് അഞ്ജുവിന്റെ വയറ്റിൽ ഉണ്ടെന്ന കാര്യം അറിയുമ്പോൾ ആണ്.
ആണ്ടോടാണ്ട് ദുഃഖത്തിൽ മുങ്ങിനിൽക്കുന്ന ആ വീട്ടിൽ തോമസുകുട്ടിയുടെ കുഞ്ഞിന്റെ വരവിലൂടെ സന്തോഷം വന്നുചേരുമെന്ന ലീലാമ്മയുടെ പ്രതീക്ഷ ആണ് അവിടെ കാണാൻ കഴിയുന്നത്.
വെള്ളം താഴ്ന്നാൽ മാത്രം വഴികൾ - ഭൗതികവും, മാനസികവും, ജൈവികവുമായ വഴികൾ - തെളിയുന്ന സങ്കടാവസ്ഥകളുടെ ആകെത്തുകയാണ് ഉള്ളൊഴുക്ക് എന്ന സിനിമ.
മേലേ ഞാൻ എഴുതിയതെല്ലാം അഭിനേതാക്കളുടെ പ്രകടനങ്ങളെ കുറിച്ചാണ്, സിനിമയുടെ മൊത്തത്തിലുള്ള പ്രകടനത്തെ അല്ല.
സിനിമയുടെ എക്സിക്യൂഷനെ പറ്റി എനിക്ക് ഉള്ള യോജിപ്പില്ലായ്മ എന്തെന്നാൽ, ചിത്രം കൈകാര്യം ചെയ്യുന്നത് പല കഥാപാത്രങ്ങളുടെയും സങ്കടങ്ങൾ നിറഞ്ഞ ഉള്ളൊഴുക്ക് ആണെങ്കിലും ആ സങ്കടങ്ങൾ ഒഴുകി പ്രേക്ഷകനിലേക്ക് എത്താൻ പല സീനുകളിലും കഷ്ടപ്പെടുന്നപോലെ തോന്നി.
മരണം കൂടാൻ വന്ന ഒരു അടുത്ത ബന്ധുവായി പ്രേക്ഷകനെ മാറ്റാൻ പൊട്ടൻഷ്യൽ ഉള്ള ഒരു കഥയിൽ പക്ഷെ, ചിലയിടങ്ങളിൽ ആ വീട്ടുകാരുടെ വിഷമം ഒന്ന് എത്തിനോക്കി കണ്ട് പോയ ഒരു വഴിപോക്കനായി പോലും നമുക്ക് മാറേണ്ടി വരുന്നപോലെ തോന്നി.
അഞ്ജുവും രാജീവും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢത അഞ്ജു തന്നെ ലീലാമ്മയോട് ഒരു വൈകാരികമായ സീനിൽ പറയുന്നുണ്ടെങ്കിലും, നിർണായകമായ ഒരു തീരുമാനമെടുക്കാൻ അഞ്ജുവിനെ പ്രാപ്തയാക്കുന്ന വിധം (ശാരീരികമായ അടുപ്പത്തിന് അപ്പുറം) എത്രത്തോളം തീവ്രമാണ് അവരുടെ ഇഷ്ടമെന്ന് നമ്മളെ convince ചെയ്യാൻ പരാജയപ്പെട്ടത് പോലെ തോന്നി.
ചുരുക്കത്തിൽ,
ചിലയിടങ്ങളിൽ ഒഴുക്കിന്റെ വഴിതിരിഞ്ഞു പോയെന്ന് തോന്നുമെങ്കിലും മൊത്തത്തിൽ ഗംഭീരപ്രകടനങ്ങളുടെ കുത്തൊഴുക്ക് ആണ് സിനിമ.
(ചുറ്റും പൊങ്ങി നിൽക്കുന്ന സങ്കടങ്ങളുടേയും വിഷമങ്ങളുടെയും ഇടയിൽ നിന്ന് നേരിയ ഒരു ആശ്വാസത്തിലേക്ക് വള്ളം തുഴഞ്ഞുപോകലിലാണ് ആണ് സിനിമ തീരുന്നതെങ്കിലും, എല്ലാവരുടെയും കപ്പ് ഓഫ് ചായ ആകണമെന്നുമില്ല.
സിനിമ സംഭവിക്കുന്ന ജ്യോഗ്രഫിക്കൽ ടെറൈനിൽ ഇടയ്ക്കിടെ സംഭവിക്കുന്ന ഇത്തരം അനുഭവങ്ങളിലൂടെ കടന്ന് പോയവർക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാൻ കഴിയും എന്നാണ് ചിലരൊക്കെ അഭിപ്രായപ്പെട്ടത്.)
എനിക്ക് ഇഷ്ടപ്പെട്ടു.
❤️
No comments:
Post a Comment