ചില പാട്ടുകൾ അങ്ങനെയാണ്,
കേട്ടാൽ അറിയാണ്ട് നമ്മുടെ കണ്ണിൽ നിന്ന് കണ്ണുനീർ അങ്ങനേ ഒഴുകിക്കൊണ്ടിരിക്കും.
ഈ പാട്ട്,
"പ്രഭുവേ പ്രകാശിതനേ,
പ്രിയരേവരും വരവായ്"
എന്ന ഭക്തിഗാനം കേൾക്കുമ്പോൾ എനിക്കും അങ്ങനെയാണ്,
കണ്ണ് നിറഞ്ഞൊഴുകും, ഒഴുകിക്കൊണ്ടേയിരിക്കും.
അതുപക്ഷേ, ഈ പാട്ടിൽ അടക്കം ചെയ്ത ഭക്തിയിൽ ആറാടിയതിനാൽ ഒന്നുമല്ല, ഒരുകാലത്ത് ഞങ്ങളൊരഞ്ചുപേർ അടങ്ങുന്ന ചങ്ങാതിക്കൂട്ടത്തിന്റെ വൈകുന്നേരചര്യകൾക്ക് സ്ഥിരം തീം സോങ്ങ് ആയിരുന്നു 'പ്രഭുവേ പ്രകാശിതനേ'.
ഒന്നരരണ്ട് കൊല്ലം മുൻപേ,
അഞ്ചിൽ മൂന്നുപേർ പണിയില്ലാതെയും രണ്ടുപേർ പേരിനൊരു പണിയുമായും, ചാക്കോച്ചൻ വാടകക്ക് എടുക്കുകയും, അവൻ തന്നെ വാടക കൊടുക്കുകയും ചെയ്തിരുന്ന ഒരു വെളുത്ത വാഗണാറിലും, ഒരു ആഷ് കളർ സ്വിഫ്റ്റിലുമായി തേരാപാരാ പോരുവഴിദേശം മുഴുവൻ കറങ്ങുന്ന കാലം.
രാവിലെ മുതൽ വൈകീട്ട് വരെ ഫാമിലിക്ക് വേണ്ടി ഓടുന്ന കാറുകൾ രാത്രിയിൽ ഒരു ചിന്ന ബാർ സെറ്റപ്പിലേക്ക് മാറുന്നു.
ഒപ്പം പെൻഡ്രൈവിൽ സേവ് ചെയ്ത "പ്രഭുവേ പ്രകാശിതനേ" കാർ സ്റ്റീരിയോയിൽ പാടിത്തുടങ്ങുന്നു.
കൂട്ടത്തിൽ ഒരുത്തന്റെ കല്യാണപ്പിറ്റേന്ന്, 'കൊങ്ങാക്ക് പിടിവീണല്ലോടാ' എന്നുപറഞ്ഞുള്ള അവന്റെ വിഷമം മാറ്റാൻ ഒന്നരക്കുപ്പി മാജിക് മൊമെന്റസിനൊപ്പം ചക്കോളി മുതൽ പുനലൂർ വരെയും,
തിരിച്ച് വരുംവഴി കൊട്ടാരക്കരേന്ന് വീണ്ടുമൊരു കുപ്പിക്കൊപ്പവും "പ്രഭുവേ" സ്റ്റീരിയോയിൽ പാടി ആർമാദിച്ചു.
പലപ്പോഴും കോട്ടേലെ വിജയാ ബാറിന്റെ പിന്നിലെ കോമ്പൗണ്ടിൽ 'ഭക്ത്യാദരാൽ കാറിന്നരികിൽ' ('ഭക്ത്യാദരാൽ ഖബറിന്നരികിൽ' എന്ന് പാട്ടിലെ വരി) നിന്ന് ഹോട്ടും, ബിയറും, കുതിരക്ക് കൊടുക്കുന്നതും, മാട്ടയും ഒക്കെ മാറി മാറി അടിച്ചു കപ്പാസിറ്റി അളന്നു.
പാട്ടിന്റെ പശ്ചാത്തലത്തിൽ കിടന്ന് തല്ലുണ്ടാക്കി, അങ്ങോട്ടും ഇങ്ങോട്ടും കലിച്ചു മിണ്ടാതിരുന്നു, വീണ്ടും പിണക്കം മാറി കെട്ടിപ്പിടിച്ചു, അപ്പോഴും കാർ അനുസ്യൂതം ഞങ്ങളുടെ തീംസോങ് പാടി, കുപ്പിഗ്ലാസ്സിന്റെ ചിയേഴ്സ് താളം അതിനൊപ്പം ചേർന്നു.
കഴിഞ്ഞയാഴ്ച പരുമല പദയാത്ര ആരുന്നു,
രാവിലെ മാവേലിക്കരയിലെ ഒരു ബേക്കറിയിൽ ഇരുന്നു രാവിലത്തെ ക്വാട്ട കാപ്പി കുടിക്കുന്ന നേരത്ത് പലയിടങ്ങളിൽ നിന്നുള്ള പദയാത്രികർ മാവേലിക്കര ജംഗ്‌ഷനിലൂടെ കടന്നുപോയി, ഒപ്പം ഞങ്ങളുടെ സ്വന്തം 'പ്രഭുവേ പ്രകാശിതനേ' തീർത്ഥാടകരുടെയും, വഴിയിൽ നിന്നവരുടെയും, എന്റെയും കാതുകൾ വഴി പദയാത്ര നടത്തുന്നുണ്ടായിരുന്നു.
അപ്പോൾ തന്നെ ചാക്കോക്ക് ആ പാട്ട് അയച്ചുതരാൻ പറഞ്ഞു വാട്ട്സാപ്പിൽ മെസേജ് വിട്ടു,
അവൻ അയച്ചുതന്നു.
അതെത്രയാവർത്തി കേട്ടു എന്നറിയില്ല.
വൈകുന്നേരം വരെയും അതങ്ങനെ തുടർന്നു.
വൈകീട്ട് ഒരേഴുമണി കഴിഞ്ഞപ്പോഴേക്കും കാര്യങ്ങൾ കയ്യിന്ന് പോയി, ശരിക്കും പിടിവിട്ടുപോയി,
പാട്ടു കേൾക്കെ കേൾക്കെ കരഞ്ഞുകരഞ്ഞൊരു പരുവമായി.
എന്നിട്ടും കേട്ടു,
അങ്ങനേ അങ്ങുറങ്ങിപ്പോയി.....
ഉറക്കത്തിൽ, അഞ്ചുപേരെയും പേറി ഹെഡ്‌ലൈറ്റ് കത്തിച്ചു പായുന്ന വാഗൺആർ ഉച്ചത്തിൽ പാടുന്നുണ്ട്,
"പ്രഭുവേ പ്രകാശിതനേ,
പ്രിയരേവരും വരവായ്"
ഞാൻ കേൾക്കുന്നുണ്ട്.....
(* 'പ്രഭുവേ പ്രകാശിതനേ' എന്ന ഗാനം പരുമല തിരുമേനിയെ സ്തുതിച്ചുകൊണ്ടുള്ള ഒരു ഭക്തിഗാനം ആണ്.)
No comments:
Post a Comment