ഒരു നീണ്ടയാത്രയല്ലാതിരുന്നിട്ടും കോട്ടയം - തൃശ്ശൂര്‍ ട്രെയിന്‍ യാത്ര എന്‍റെ മനസ്സിനെ വല്ലാതെ ക്ഷീണിപ്പിച്ചു, അഞ്ച് പത്തിന്‍റെ ജന്‍ശതാബ്ദിയില്‍ കയറിയിരുന്നപ്പോഴേ ഒരു രക്ഷയും തരാത്ത തരത്തില്‍ ഉറക്കം എന്നെ ഉടുമ്പുപിടുത്തം പിടിച്ചു കഴിഞ്ഞിരുന്നു, അമ്മയുടെ തോളിലേക്കു ചാരി ഞാന്‍ ഉറക്കം പിടിച്ചു.
പക്ഷേ അമ്മ നല്ല ഉന്മേഷവതിയായിരുന്നു, ഇരുന്നിരുന്ന സൈഡ് സീറ്റിന്‍റെ വിന്‍ഡോയിലൂടെ കടന്നുവന്ന പോക്കുവെയിലിനെ കൂട്ടുപിടിച്ചുകൊണ്ട് അമ്മ പ്രസന്നമായ മുഖത്തോടുകൂടി ഏതോ പുസ്തകം വായിക്കുകയാണ്.
ഏതോ ഒരു ട്രെയിന്‍ കൂകിവിളിച്ചുകൊണ്ട് ഇരച്ചുപായുന്നതിന്‍റെ ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്, ഞങ്ങളിരുന്ന ട്രെയിന്‍ ഇരയെ തിന്നശേഷം ദഹനത്തിനായി അനക്കമറ്റ പെരുമ്പാമ്പുകണക്കെ കിടക്കുകയാണ്, ക്രോസ്സിംഗ് ആയിരിക്കണം.
അമ്മ പുസ്തകം മടക്കിവെച്ച് പുറംകാഴ്ചകളില്‍ കണ്ണുകളെ മേയ്ക്കുകയാണ്, ട്രെയിന്‍ പതിയെ അനങ്ങിത്തുടങ്ങിയിട്ടും അമ്മ കാഴ്ചകാണല്‍ തുടര്‍ന്നു, 'കൊടിഞ്ഞികുത്തല്‍' എന്നൊരു ചോദ്യം എന്‍റെ കൊടിഞ്ഞികളില്‍ കുത്തിയെങ്കിലും ഞാനാ ചോദ്യത്തെ 'കണ്ടോട്ടെ പാവം' എന്നൊരുത്തരം കൊടുത്തു പറഞ്ഞുവിട്ടു.
വീണ്ടുമൊരു ഉറക്കത്തിലേക്ക് ഊളിയിടാന്‍ ശ്രമിക്കുന്ന നേരത്താണ് തൊട്ടടുത്ത സീറ്റിലിരുന്ന മെല്ലിച്ചുനീണ്ട മനുഷ്യന്‍ എന്‍റെ കാഴ്ച്ചാവലയത്തിലേക്ക് നാലോ അഞ്ചോ 'ഹ'കള് ചേര്‍ന്നൊരു പൊട്ടിച്ചിരിയുമായി ഇടിച്ചുകയറിയത്, കാഴ്ചയില്‍ അയാള്‍ ഒരു സാധാരണ മനുഷ്യന്‍ ആയിരുന്നു, ചീകി ഒതുക്കിവെച്ച മുടിയിഴകളില്‍ നരയിഴകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെങ്കിലും മുഖം വാര്ദ്ധക്യത്തിന്‍റെ വരവിനെ വിളിച്ചറിയിക്കുന്നതായിരുന്നു, ഉടവുതട്ടാത്ത കസവ് മുണ്ടും വെള്ളഷര്‍ട്ടുമായിരുന്നു അയാള്‍ ധരിച്ചിരുന്നത്, ജീവനുള്ള മൂര്‍ച്ചമുറ്റിയ കണ്ണുകളായിരുന്നു അയാള്‍ക്ക്, ഞാന്‍ പതിയെ ഉറക്കം വിട്ട് അയാളെ ശ്രദ്ധിച്ചുതുടങ്ങി.
പക്ഷേ, സാധാരണത്വം നിറഞ്ഞ അയാളുടെ പുറംമോടികള്‍ക്ക് ചേരാത്തതായിരുന്നു അയാളുടെ ചേഷ്ടകള്‍, അയാള്‍ രണ്ടു പുസ്തകങ്ങള്‍ ഒരേ സമയം മാറിമാറി വായിച്ചുകൊണ്ടിരുന്നു, ഓഷോയുടെ ചിത്രം പുറംകവറില്‍ പതിപ്പിച്ച 'ലൈംഗികജീവിതം' എന്ന പുസ്തകം അയാള്‍ മൂന്നു മിനിറ്റു നേരം വായിക്കും, എന്നിട്ടതിനിടയില്‍ കൂടി മുന്നിലെ സീറ്റില്‍ ഭര്ത്താവിനൊപ്പമിരിക്കുന്ന ചെറുപ്പക്കാരിയോട് കണ്ണുകള്‍ കൊണ്ട് സംവദിക്കും, ആ സംവാദത്തിനിടയില്‍ ചെറുപ്പക്കാരി പലപ്പോഴായി കണ്ണുകളടച്ചുകൊണ്ട് ഇരുന്നു, നാണം കൊണ്ടാകണം.
പിന്നീടയാള്‍ നളിനി ജമീലയുടെ "ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ" എന്ന പുസ്തകം തുറന്നിട്ട്, ഏറിയാല്‍ ഒരു മിനിറ്റ് നേരം വായിക്കും, എന്നിട്ട് കണ്ണടച്ചിരിക്കും, പൊട്ടിച്ചിരിച്ചുകൊണ്ട് വീണ്ടും ഓഷോയെ കൈയിലെടുക്കും. ഇതങ്ങനെ തുടര്ന്നുകൊണ്ടിരുന്നു.
എന്നെ അയാള്‍ തീരെ ശ്രദ്ധിച്ചില്ലെങ്കിലും അമ്മയേയും അമ്മയുടെ കയ്യിലെ പുസ്തകത്തേയും അയാള്‍ ഇടക്കിടെ പാളി നോക്കുന്നുണ്ടായിരുന്നു.
ഇതിനിടയില്‍ മുന്നിലെവിടെയോ നിന്നൊരു പാട്ടു കേട്ടു, പണ്ടു മുതലേ ഇതേ ശബ്ദത്തിലും, രണ്ട് ഒട്ടുകഷ്ണം തീര്‍ക്കുന്ന പിന്നണിസംഗീതത്തിന്‍റെ അകമ്പടിയിലും കേട്ടിരുന്ന അതേ പാട്ട്: "പര്‍ദേസീ പര്ദേസീ ജാനാ നഹീ". നാശങ്ങള്‍ എന്നു മനസ്സില്‍ പറഞ്ഞ് ഞാന്‍ അവജ്ഞയുടെ മുഖംമൂടി എടുത്തണിഞ്ഞിട്ട് ഒരു രൂപ നാണയം തപ്പിയെടുത്ത് കൈയില്‍ കരുതി.
ഒരു നാടോടി സ്ത്രീ, അവരുടെ ഒക്കത്ത് ഒരു കുഞ്ഞുണ്ടായിരുന്നു, അവരുടെ ഒരു കൈയകലത്തില്‍ എല്ലാ യാത്രക്കാരോടും പിച്ചപ്പാത്രം നീട്ടിക്കൊണ്ട് ഏറിയാല്‍ എട്ടോ ഒന്‍പതോ വയസ്സു തോന്നിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിയും. ഇടക്കിടെ ആ സ്ത്രീ പെണ്‍കുട്ടിയുടെ തോളില്‍ കൈവച്ച് തന്നോടടുപ്പിച്ചു പിടിക്കുന്നുണ്ടായിരുന്നു, അപ്പോഴൊക്കെ ആ പെണ്‍കുട്ടി തോള്‍ വെട്ടിച്ച് കൈകളെ തട്ടിക്കളഞ്ഞു.
പാടിപ്പാടി അവര്‍ ഞങ്ങള്‍ക്കടുത്തെത്തി, "ഇവിടെ പാടണ്ട" എന്നു പറഞ്ഞ് ഞാന്‍ ഒരു രൂപ പാത്രത്തിലിട്ടിട്ട് നേരെയിരുന്നു, അമ്മ ആ കൊച്ചുപെണ്‍കുട്ടിയെ തന്നെ നോക്കിയിരുന്നിട്ട് ബാഗില്‍ നിന്നൊരു ആപ്പിളെടുത്ത് അവള്‍ക്കുനേരേ നീട്ടി, എന്നാല്‍ അവളതു വാങ്ങിയില്ല, തലവെട്ടിച്ചുകൊണ്ട് അവള്‍ അപ്പുറത്തെ സീറ്റിലെ കിറുക്കനായ മനുഷ്യനു (യാത്രക്കിടയിലെപ്പോഴോ ഞാനയാളെ മനസ്സില്‍ കിറുക്കന്‍ എന്ന പേര് വിളിച്ചു തുടങ്ങിയിരുന്നു) നേരെ തിരിഞ്ഞു. ഞാന്‍ അമ്മയെ നോക്കിയൊരു സഹതാപച്ചിരി ചിരിച്ചു..
അപ്പുറത്തെ സീറ്റിലെ കിറുക്കന്‍, ഓഷോയെ വായിക്കുന്ന നേരമായിരുന്നു അത്, അയാള്‍ പുസ്തകത്തില്‍ നിന്നു കണ്ണെടുക്കാതെ തന്നെ പോക്കറ്റില്‍ നിന്നും ആയിരത്തിന്‍റെ രണ്ടു നോട്ടുകള്‍ എടുത്ത് നാടോടി സ്ത്രീയുടെ നേരേ നീട്ടിക്കൊണ്ട് അവരോടായി ചോദിച്ചു: "നിന്‍റെ ഈ മകളെ എനിക്കു തരാമോ, ഞാന്‍ വളര്‍ത്തിക്കോളാം" കിറുക്കന്‍റെ ചോദ്യം കേട്ട് ആ സ്ത്രീ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടിക്കൊണ്ടു പറഞ്ഞു: "ഇല്ല സാര്‍, ഇവള്‍ എന്നോട അരുമയാന കുഴന്തൈ സാര്‍, ഏന്‍ തങ്കം, തരമുടിയാത് സാര്‍, എനക്ക് ഉങ്കളോട കാസും തേവയില്ലൈ" അവര്‍ പറഞ്ഞ മറുപടി കേട്ട് കൊച്ചുപെണ്‍കുട്ടി അവരുടെ മുഖത്തേക്കു തന്നെ സൂക്ഷിച്ചുനോക്കി നിന്നു. കിറുക്കനതു കേട്ട് ചെറുതായൊന്നു പൊട്ടിച്ചിരിച്ചു.
കിറുക്കന്‍റെ ഈ പ്രവര്‍ത്തിയില്‍ ഞാനടക്കം അടുത്തടുത്തിരുന്ന സീറ്റിലെ യാത്രക്കാരെല്ലാം അന്തംവിട്ടിരിക്കുകയായിരുന്നു, പക്ഷേ, അമ്മ മാത്രം നിര്‍വികാരയായി കിറുക്കന്‍റെ ചെയ്തികള്‍ കണ്ടുകൊണ്ടിരുന്നു.
കിറുക്കന്‍ ഒരു കാടത്തം നിറഞ്ഞ ചിരിക്കൊപ്പം ഒരു ആയിരം രൂപാ നോട്ട് നീട്ടിക്കൊണ്ട് സ്ത്രീയോടായി വീണ്ടും ചോദിച്ചു: "ഇന്നത്തെ ഒരു രാത്രിയിലേക്കായി, അല്ലെങ്കില്‍ വേണ്ട, അടുത്ത ഒരു മണിക്കൂറിലേക്കായി നിന്‍റെ ഈ മകളെ എനിക്കു തരാമോ...??" രണ്ടുനിമിഷത്തെ ആലോചനക്കു ശേഷം ആ സ്ത്രീ സമ്മതഭാവത്തില്‍ തലയാട്ടി, ആയിരം രൂപ വാങ്ങി ബ്ലൌസിനിടയില് തിരുകി.
ചുറ്റുമുള്ള ചിലര്‍ അവജ്ഞയോടും വെറുപ്പോടും കൂടി അയാളെയും അവളെയും നോക്കി, ചിലര്‍ ഉദ്വേഗത്തോടെ അടുത്തതെന്ത് എന്നു നോക്കി ഇരുന്നു, ഞാന്‍ രണ്ടാം വിഭാഗത്തിലെ അംഗമായിരുന്നു, അമ്മ ഒന്നും മിണ്ടാതെ അയാളെ തന്നെ സൂക്ഷിച്ചുനോക്കി, അയാള്‍ അമ്മയേയും നോക്കി, എന്നിട്ട് മുഖത്തിന്‍റെ ഏതോ ഒരു ഭാഗം കൊണ്ട് ഒന്നു ചിരിച്ചു. "വാ പോകാം" എന്നു പറഞ്ഞ് അയാള്‍ പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ചുകൊണ്ട് ട്രെയിനിലെ ബാത്ത്രൂമിനു നേര്‍ക്ക് വേഗവേഗം നടന്നു, നാടോടി സ്ത്രീ അയാളുടെയും പെണ്‍കുട്ടിയുടേയും പിന്നിലായി നടന്നു.
യാത്രക്കാരില്‍ ആരും അയാളെ തടഞ്ഞില്ല, എല്ലാവരിലും കടുത്ത ആകാംക്ഷ മാത്രമായിരുന്നു ഉണ്ടായിരുന്നത്, അയാള്‍ പട്ടാപ്പകല്‍ പരസ്യമായി ഒരു കൊച്ചു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ പോകുന്നു.
എന്റെ മനസ്സില്‍ മുഴുവന്‍ ഇന്നു രാത്രി ടി.വികളില്‍ നിറയാന്‍ പോകുന്ന ഫ്ലാഷ് ന്യൂസുകളും, ദൃക്സാക്ഷി എന്ന നിലയില്‍ ടി.വിക്കാര്‍ എന്നോടു ചോദ്യങ്ങള്‍ ചോദിക്കുന്നതും ഞാനവയ്ക്കു ഒരു നിലവിളിയലമുറയുടെ അകമ്പടിയോടെ കൊടുക്കാന്‍ പോകുന്ന മറുപടികളുടെയും രംഗങ്ങള്‍ മാറിമാറി ഇടമുറിയാതെ വന്നുകൊണ്ടിരുന്നു, 'ഞാനയാളെ തടയാന്‍ ശ്രമിച്ചിരുന്നു' എന്ന് തന്നെ പറയണം, എന്നാലെ "നമ്മള്‍ തമ്മില്‍" പരിപാടിയിലൊക്കെ പങ്കെടുക്കാന്‍ കഴിയൂ...
എന്‍റെയും മറ്റു യാത്രക്കാരുടെയും ചിന്തകള്‍ കാടും മലയും കയറിയ നേരം കൊണ്ട് കിറുക്കന്‍ കുട്ടിയുമായി ശൌചാലയത്തിനടുത്തുള്ള ഇടനാഴിയിലെത്തിയിരുന്നു. എന്നിട്ട് അയാള്‍ നാടോടി സ്ത്രീയെ നോക്കി ഒന്നു പൊട്ടിച്ചിരിച്ചു, എന്നിട്ട് അവരോടായി ചോദിച്ചു: "ഇവള്‍ നിന്‍റെ മകളോ.....??"
"ആമാ സാര്‍"
അതുകേട്ട കിറുക്കന്‍ തന്‍റെ കീശയില്‍ നിന്ന് ആയിരത്തിന്‍റെ ഒരു നോട്ടെടുത്ത് ചുരുട്ടി അവളുടെ മുലകള്‍ക്കിടയിലേക്ക് തിരുകിവെച്ചു. അതിനുശേഷം അയാള്‍ വീണ്ടും അവളോട് ആ ചോദ്യം ആവര്‍ത്തിച്ചു: "ഇവള്‍ നിന്‍റെ മകളോ....??"
നാടോടി സ്ത്രീ മിണ്ടിയില്ല, അവളുടെ ഉത്തരത്തിനു കാത്തുനില്ക്കാതെ കിറുക്കന്‍ കുട്ടിയുടെ കൈയില്‍ മുറുകെ പിടിച്ചുകൊണ്ട് ട്രെയിനിന്‍റെ വാതിലിനു നേര്‍ക്കോടി, ഒരു പൊട്ടിച്ചിരിയോടുകൂടി പെണ്‍കുട്ടിയെ വാരിയെടുത്തിട്ട് അതിവേഗമോടുന്ന ട്രെയിനില്‍ നിന്ന് താഴേക്കു ചാടി........
ഒരു നിമിഷത്തെ നിശബ്ദത....
നാടോടി സ്ത്രീ "കടവുളേ" എന്നു നിലവിളിച്ചുകൊണ്ട് അടുത്ത കംപാര്‍ട്ട്മെന്‍റിലേക്കോടി, യാത്രക്കാരില്‍ ഞാനടക്കം അധികം ആള്‍ക്കാരുടെയും മുഖത്ത് പ്രതീക്ഷിച്ചത് നടക്കാതെ പോയതിലെ നിരാശ പ്രകടമായിരുന്നു, പക്ഷേ, ഒന്നു പോയാലും മറ്റൊരു മഹാസംഭവത്തിനു ദൃക്സാക്ഷിയായതിന്‍റെ സന്തോഷം മനസ്സില്‍ എനിക്കുണ്ടായിരുന്നു...
യാത്രക്കാര്‍ ഒന്നും സംഭവിക്കാത്ത രീതിയില്‍ വീണ്ടും അവരവരുടെ ജോലികളിലേക്കും വിനോദങ്ങളിലേക്കും ഉറക്കത്തിലേക്കും മുഴുകി.
ഞാന്‍ പതിയെ ആ മനുഷ്യന്‍ ബാക്കിവച്ചുപോയ പുസ്തകങ്ങളില്‍ നിന്ന് നളിനി ജമീലയുടെ പുസ്തകം കൈയിലെടുത്തു, എടുക്കുന്ന നേരം ഇടങ്കണ്ണുകൊണ്ട് അപ്പുറത്തെ സീറ്റിലെ ഭര്‍തൃമതിയായ ചെറുപ്പക്കാരിയുടെ മുഖത്തേക്കും മുലകളുടെ മുഴുപ്പിലേക്കും നോക്കി. അതു ശ്രദ്ധിച്ചിട്ടാകണം, അവള്‍ കണ്ണുകള്‍ പതിയെ അടച്ചു, നാണം കൊണ്ടാകും........
facebook link

No comments:
Post a Comment