Saturday, October 7, 2017

താത്രീവിചാരം

തന്റെ സമാകാലീനരായ പുരുഷകേസരികളെ യാതൊരുവിധത്തിലുള്ള തരംതിരിവുകളും കൂടാതെ കുറിയേടത്ത് താത്രി ഒരു ഒഴിയാബാധ എന്ന കണക്കിന് ആവേശിച്ചതായിരുന്നെങ്കിൽ, ഇന്ന് താത്രിക്കുട്ടിയുടെ ഭ്രഷ്ടനന്തരം നൂറ്റിപതിനൊന്ന് വർഷങ്ങൾ തികഞ്ഞ ഈ സമയത്ത് അവരുടെ ലീലാവിലാസങ്ങൾക്ക് അടിമപ്പെട്ടിരിക്കുന്നത് ഞാനാണ്,
ശരിക്കും "താത്രീബാധിതൻ".

കുറിയേടത്ത് ഇല്ലത്തെ അപ്‍ഫൻ ആയിരുന്ന രാമൻ നമ്പൂതിരി വേട്ട താത്രിക്കുട്ടി എന്ന കുറിയേടത്ത് താത്രിയെ ഒരു 'കലിയടങ്ങാക്കാളി' എന്ന നിലയിൽ അല്ലാതെ 'കേളിയടങ്ങാക്കാളി' എന്ന രീതിയിൽ നമ്മുടെ സമൂഹത്തെ ആരെങ്കിലും ധരിപ്പിച്ചിട്ടുണ്ടെങ്കിൽ/അങ്ങനെ നാം ധരിച്ചുവെച്ചിട്ടുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ അബദ്ധം, കാരണം അവർ തന്റെ കാമപൂർത്തീകരണത്തിനായല്ല, മറിച്ച് തന്റെ മാനം കൊണ്ട് അമ്മാനാട്ടം നടത്തിയ വർഗ്ഗത്തോടുള്ള പകപോക്കലിനായാണ് സ്വന്തം ശരീരത്തെതന്നെ ആയുധമാക്കികൊണ്ട് അന്നുകാലത്ത് സമൂഹത്തിൽ സുപ്രസിദ്ധരും, കുപ്രസിദ്ധരും, അപ്രസിദ്ധരുമായ പുരുഷപ്രജകളെ സമീപിച്ചിരുന്നതെന്ന് ഇന്ന് ലഭ്യമായ എല്ലാ താത്രീസംബന്ധിയായ ലിഖിതങ്ങളിൽ നിന്നും നമുക്ക് വളരെ വ്യക്തമായി വായിച്ചെടുക്കാൻ കഴിയും.

അതിനൊരു അപവാദമായി പറയാവുന്നത് കാവുങ്ങൽ ശങ്കരപ്പണിക്കരോടുള്ള താത്രിയുടെ വേറിട്ടൊരു സമീപനം ആണ്.
കപ്ലിങ്ങാടൻ കഥകളിരീതിയിൽ നിപുണൻ ആയ കാവുങ്ങൽ ശങ്കരപണിക്കരോട് താത്രിക്ക് ഉണ്ടായത് പകയല്ല, അദ്ദേഹത്തിനോടോ ഒരുപക്ഷേ അദ്ദേഹത്തിന്റെ കീചകനോടോ താത്രിക്കുണ്ടായിരുന്ന അതിരുകവിഞ്ഞ ആരാധനയോ ആ വേഷത്തോടുള്ള പ്രണയമോ ആയിരിക്കണമെന്ന് എം.ഗോവിന്ദൻ തന്റെ 'ഒരു കൂടിയാട്ടത്തിന്റെ കഥയിലൂടെ ഇങ്ങനെ പറഞ്ഞു വെക്കുന്നുണ്ട്,

"വേളി കഴിഞ്ഞവള്‍, കേളികളാടുവാന്‍ വേറെയുമാളുകളെന്നു കേള്‍വി.
വേഷപ്പകര്‍ച്ചയില്‍ വിഭ്രമമാര്‍ന്നുവോ?
ഭാവങ്ങള്‍ കണ്ടനുഭാവമായോ?"

എന്നിരിക്കിലും താൻ/തന്നെ പ്രാപിച്ച സകലപുരുഷന്മാരെയും സ്മാർത്തവിചാരണയുടെ സമയത്ത് രാജാവിന്റെയും സ്മാർത്തനായ പട്ടചോമയാരത്ത് (പട്ടശ്ശാമന) ജാതവേദൻ നമ്പൂതിരിയുടെയും മുൻപിൽ എല്ലാ തെളിവുകളും സഹിതം നിർത്തുവാനായി താത്രി തന്നാലാവുന്നതും, തന്റെ വിശ്വസ്തരായ ദാസിവൃന്ദത്തിന്റെ സഹായത്തോടും കൂടി എല്ലാ തന്ത്രങ്ങളും പയറ്റി, അതിൽ വിജയിക്കുകയും ചെയ്തു എന്നത് ചരിത്രം.

പക്ഷേ.....

ഇത്രയധികം നൈപുണ്യത്തോടെ എല്ലാ കരുക്കളും നീക്കിയ താത്രി അറുപത്തിനാലാളിനപ്പുറം രാജാവിന്റെ പേര് പറയാൻ എന്തേ മടിച്ചൂ....???? (രാജാവല്ല, രാജദാസൻ/രാജബന്ധു ആയ മറ്റൊരു വ്യക്തിക്കായി രാജാവ് ഝടുതി സ്മാർത്തവിചാരണ അവസാനിപ്പിച്ചതാണെന്നും പറയപ്പെടുന്നു)
വിചാരണക്കപ്പുറം തനിക്കു വന്നുചേരാവുന്ന ഭ്രഷ്ടെന്ന നരകത്തെ എന്തായാലും താത്രി മുൻകൂട്ടി കണ്ടിരുന്നിരിക്കണം, അങ്ങനെയുള്ള താത്രി, തന്നെ ഭ്രഷ്ടയാക്കാൻ നമ്പൂതിരികുലത്തിനൊപ്പം അധികാരസ്ഥാനത്തിരുന്ന് പ്രയത്നിച്ച രാജാവിനെയും ഭ്രഷ്ടനാക്കാനല്ലേ ശ്രമിക്കേണ്ടിയിരുന്നത്.....????
അവിടെ താത്രിയുടെ മനസ്സിൽ ഭയാനകമായ ശിക്ഷയോർത്തുള്ള ഭയത്തേക്കാൾ, അല്ലെങ്കിൽ എല്ലാം നശിപ്പിക്കാൻ വെമ്പി നിൽക്കുന്ന കലിയേക്കാൾ വലുതായൊരു വികാരമായിരുന്നിരിക്കണം,
പ്രണയം എന്ന വികാരം......

അറുപത്തിയഞ്ചാമന്റെ പേര് പറയാതെ ഒരു തെളിവെന്നവണ്ണം അയാൾ നൽകിയ മോതിരത്തെ ദാസിവശം രാജാവിനെ കാണിച്ചു സ്മാർത്തവിചാരം നിർത്തുകവഴി താത്രി ഒരു കോടതിയായി സ്വയം മാറുകയായിരുന്നു, ഒരു വാക്കിനപ്പുറം നാട് ഭരിക്കുന്ന രാജാവിനു തന്നെ അരുതാത്തതെന്തോ സംഭവിക്കുമെന്ന ഭയം അയാളിൽ ജനിപ്പിക്കാൻ 'ഇനിയും ഞാൻ പറയണോ' എന്ന താത്രിയുടെ ചോദ്യത്തിന് കഴിഞ്ഞു,
താത്രി സ്വയം വിധിയും, വിധികർത്താവും, വിധിയെ അനുഭവിക്കാൻ വിധിക്കപ്പെട്ടവളുമായി മാറുകയായിരുന്നു......

അതെ, സ്ത്രീ ഒരു നിയന്താവായി മാറുന്ന നിമിഷം, അവളുടെ വാക്കുകൾക്ക് മുന്നിൽ നാട്ടരചൻ പോലും മുട്ടുകുത്തുന്ന കാഴ്ച. കാലികപ്രസക്തം എന്ന് സംശയലേശമെന്യേ പറയാവുന്നതാണ് താത്രിയുടെ ജീവിതം. ഒരുപക്ഷെ, ജഗന്നിയന്താവിനാൽ അന്നേ എഴുത്തപ്പെട്ടിട്ടുള്ളതാകണം കൃത്യം നൂറുകൊല്ലം തികയുന്ന വേളയിൽ ഏറെക്കുറെ സമാനമായ രീതിയിൽ തന്നെ സംഭവങ്ങളുടെ പുനരവതരണം നടന്നിരിക്കണം എന്നത്.....
നിയതി.... നിയതി...

(മേൽപ്പറഞ്ഞ കുറിപ്പിൽ ഏറിയപങ്കും താഴെ പറയുന്ന പലരോടായി കടപ്പെട്ടവയാണ്. അവരെഴുതിയവയെ ഞാൻ ചെറുതായി റീഫ്രേസ് ചെയ്യുകയായിരുന്നു. ചുരുക്കം ചില വാക്കുകളേ എന്റേതായുള്ളൂ എന്ന് അറിയിച്ചുകൊള്ളട്ടെ.)

കടപ്പാട്:
പുസ്തകങ്ങൾ:
1. താത്രിക്കുട്ടിയുടെ സ്മാർത്തവിചാരം: ആലങ്കോട് ലീലാകൃഷ്ണൻ.
2. കുറിയേടത്ത് താത്രി: നന്ദൻ
3. ഭ്രഷ്ട്: മാടമ്പ് കുഞ്ഞുകുട്ടൻ

സിനിമ:
1. പരിണയം: ഹരിഹരൻ, എം.ടി.വാസുദേവൻ നായർ
2. വാനപ്രസ്ഥം: ഷാജി.എൻ.കരുൺ

കവിത:
1. ഒരു കൂടിയാട്ടത്തിന്റെ കഥ: എം.ഗോവിന്ദൻ

No comments:

Post a Comment