Saturday, October 7, 2017

കൊറിക്കാനുള്ളവ

1.

എന്നില്‍ നിന്നു തുടങ്ങി നിന്നിലേക്ക്,
പാതിരാവില്‍,
കള്ളക്കടത്ത് നടത്തുന്ന,
പ്രണയത്തിന്‍റെ സ്പിരിറ്റ് ലോറികള്‍......

2.

ഇനിയെങ്കിലും നീയറിയണം...
അനുരാഗമെന്ന കൊടിയ വിഷം,
കവിതയിൽ ചാലിച്ചെഴുതിയവയായിരുന്നു,
നിനക്കിന്നുവരെ ഞാനെഴുതിയ പ്രണയലേഖനങ്ങളെല്ലാം.....

3.

കണ്ണു തുറക്കുമ്പോൾ,
ഞാനും നീയും,
ആരുമാരുടേതല്ലെന്ന ചിന്തകളുടെ ഞാറുകൾ അടുപ്പിച്ചു നട്ട
വയലിനു നടുവിലായിരുന്നു,
കണ്ണുചിമ്മുന്ന വേഗത്തിൽ നമുക്കു ചുറ്റുമായ്,
അവ വളർന്നുതുടങ്ങുന്നുണ്ട്,
വേഗം,
അതിലും വേഗം,
നമുക്ക് പരസ്പരം ആരെങ്കിലുമായിത്തീരേണ്ടതുണ്ട്,
അതിലും വേഗം,
നമുക്ക് നമ്മളായ് മാറേണ്ടതുണ്ട്,
അതിലും വേഗം,
നമുക്ക് നഗ്നരാകേണ്ടതുണ്ട്.......

4.

ഇരവിൻ്റെ തണവിനെ കൂട്ടുപിടിച്ച്,
വസന്തങ്ങളുടെ കിടക്കകളിലേക്ക് വിരുന്നുപോകാൻ,
ഊഴംകാത്തു നിൽക്കുന്ന ചെറിമരങ്ങൾ....

5.

ഇരവിൻ്റെ നെഞ്ചിലൂടെ വലിച്ചുകെട്ടിയൊരു
പഴയ വീണതന്ത്രിയാകുന്നു നീ...........
ഇരവ് ഞാനാകുന്നു........
നിന്നെ ഞാൻ മീട്ടുമ്പോളുയരുന്ന
ചിലമ്പിച്ച നാദം,
നമുക്കിടയിലെ നിശ്ശബ്ദപ്രണയവുമാകുന്നു........

6.

നാമിരുവരുടെ മുയൽക്കുഞ്ഞുങ്ങൾക്കായ് മാത്രം
ഒരുക്കിയ ക്യാരറ്റ് തോട്ടം,
എൻ്റെ കിടക്ക.....

7.

പറന്നു പോയ മേഘങ്ങളെ ചേർത്ത്,
നിൻ്റെയളവുകളിൽ തുന്നിയ അടിയുടുപ്പുകൾ....

8.

അവസാനത്തെ കവിൾ ലഹരിയിൽ
ലോകം ഒന്നാകെ നിന്നു പോയി,
ഞാൻ നടന്നു തുടങ്ങിയിരിക്കുന്നു,
ലോകം ഏറെ പിന്നിലായിരിക്കുന്നു,
പിഴിഞ്ഞു വെച്ച നാരങ്ങാ തൊണ്ടുകൾ,
എനിക്കു ചുറ്റും പുതിയ ലോകം തീർക്കുന്നു......

No comments:

Post a Comment