Saturday, October 7, 2017

കള്ളൻ

മിലി... മിലി രാധാദേവി,
എന്‍റെ ബാല്യകാല സുഹൃത്ത്, ഒരു ഫുൾടൈം തിയെറ്റർ ആര്‍ട്ടിസ്റ്റ്.
ചിലപ്പോഴൊക്കെ കവിതകളെഴുതാറുണ്ട്, എഴുതിയ ശേഷം അവ ചുരുട്ടി ഒരു പ്ലാസ്റ്റിക്ക് കവറിലാക്കി കെട്ടിവെക്കും. അവളറിയാതെ അതിലെ രണ്ടു കവിതകൾ വായിച്ചതിന്‍റെ അനുഭവത്തിൽ, അതൊക്കെയെടുത്ത് ഏതെങ്കിലും വാരികയിലേക്ക് അയച്ചു കൊടുക്കാനോ പുസ്തകമായി പ്രസിദ്ധീകരിക്കാനോ ഞാനൊരിക്കൽ പറഞ്ഞു.

അന്നെന്നോട് അവൾ പറഞ്ഞ മറുപടി ഇതായിരുന്നു:
"എടാ, നിനക്കറിയുമോ, ഞാനീ കെട്ടിവെക്കുന്ന കടലാസുകൂട്ടങ്ങളും അവയിലെ എണ്ണമറ്റ അക്ഷരങ്ങളും ആ പ്ലാസ്റ്റിക്ക് കവറിന്‍റെ അസ്വാതന്ത്ര്യത്തിൽ, എനിക്കു മാത്രം കേള്‍ക്കുന്ന ഒച്ചയിൽ പരസ്പരം കാര്യം പറയാറുണ്ട്, തങ്ങളെ പേറുന്ന കവിതകളുടെ വിഷയങ്ങളോര്‍ത്ത് ചിരിക്കാറുണ്ട്, കരയാറുണ്ട്,അക്ഷരങ്ങൾ പരസ്പരം സംഭോഗത്തിലേര്‍പ്പെടാറുണ്ട്.
എനിക്കു വേണ്ടിയാണവർ ഇതൊക്കെ ചെയ്യുന്നത്, എനിക്ക് അനുഭവിക്കാന്‍ മാത്രം. അവരെ ഞാൻ പുറംലോകത്തേക്ക് ഇറക്കിവിട്ടാൽ, അവര്‍ നാട്ടുകാര്‍ കേള്‍ക്കെ സംസാരിക്കും, ചിരിക്കും, കരയും, ഭോഗിക്കും. അപ്പോള്‍ എനിക്കവരെ കേള്‍ക്കാന്‍ കഴിയാതെയാകും, എനിക്കവരെ നഷ്ടപ്പെടും, അതുകൊണ്ട്......"

"വേണ്ട, നീ പ്രസിദ്ധീകരിക്കേണ്ട, പ്രശ്നം തീർന്നില്ലേ...??" സഹികെട്ട് ഞാൻ പറഞ്ഞു.

ഏതാണ്ട് ഒരു മാസം മുന്‍പാണ്‌, മിലി അയാളെ പറ്റി എന്നോട് സംസാരിച്ചു തുടങ്ങിയത്. പിന്നീടുള്ള ഓരോ ദിവസങ്ങളിലും അവള്‍ എനിക്കു കേള്‍ക്കാന്‍ വേണ്ടി 'അയാളെ' പറഞ്ഞുകൊണ്ടേയിരുന്നു, അവളുടെ ചെഞ്ചുണ്ടുകളുടെ ലാസ്യതാളങ്ങളിൽ നിറയുന്ന അയാളെ ഞാൻ കേട്ടുകൊണ്ടുമിരുന്നു.

അയാൾ ഒരു കള്ളനായിരുന്നു, മിലിക്ക് ഏറെ പ്രിയപ്പെട്ടവനായിക്കഴിഞ്ഞിരുന്ന ഒരു കള്ളൻ.

അന്ന്, ഞങ്ങളൊന്നിച്ച് വയനാട്ടിലേക്ക് ബൈക്കിൽ പോകുമ്പോൾ അവൾ അയാളെ പറ്റി പറഞ്ഞു തുടങ്ങി:
"പുറംലോകമറിയാതെ, പുറംലോകത്തെ അറിയാതെ, തങ്ങളുടെ നമ്പൂരിമാരുടെ പൌരുഷങ്ങളെ മാത്രം കണ്ട് കാലം കഴിച്ച്, ആശയും ആവേശവുമൊടുങ്ങാതെ മണ്ണടിഞ്ഞ ആത്തേമ്മമാരുടെ പ്രേതങ്ങളോ, അല്ലെങ്കില്‍ ആ പ്രേതങ്ങളാല്‍ ബാധിക്കപ്പെട്ട ചില പുതുതലമുറ പെണ്‍കുട്ടികളോ ഓരോ ബ്രാഹ്മണത്തറവാടുകളുടെയും മച്ചുകളില്‍ കാണും എന്ന് നല്ല ബോദ്ധ്യമുള്ള ഒരു കള്ളനായിരിക്കണം അയാൾ, അതുകൊണ്ടാകണം മച്ചിൻമുകളിലെ എന്‍റെ മുറിയുടെ ജനാലയിലൂടെ തെങ്ങിൻമുകളിലിരുന്ന് പരിസരം മറന്നയാൾ ഒളിഞ്ഞു നോക്കിയത്.

ഞാൻ എന്തോ ഓർത്തുകിടക്കുകയായിരുന്നു, ജനലിനപ്പുറത്തെ ഇരുട്ടിലാണെങ്കിലും ആ തെങ്ങ് എന്‍റെ കാഴ്ചക്കുള്ളില്‍ തന്നെയായിരുന്നു. എന്‍റെ കിടപ്പിന്‍റെ രീതിക്കനുസൃതമായി ആ തെങ്ങ് എന്‍റെ കാലുകൾക്കിടയിൽ കുലച്ചുയര്‍ന്ന ഒരു ലിംഗമാണെന്ന് പലപ്പോഴും എനിക്ക് തോന്നാറുണ്ട്.

അപ്പോഴാണ് ഒരു ഗൌളി ഭിത്തിമേല്‍ കയറും പോലെ ശ്രദ്ധിച്ച് അയാൾ എന്‍റെ 'ലിംഗത്തിലേക്ക്' പൊത്തിപ്പിടിച്ചു കയറിയത്, ഞാനയാളെ കണ്ടു, അയാള്‍ എന്നെയും, എന്നാല്‍, ഞാനയാളെ കാണുന്നില്ലെന്ന് അയാൾ ധരിച്ചു, ഞാനങ്ങനെ ഭാവിക്കുകയും ചെയ്തു.

കുറേനേരം അങ്ങനെ നോക്കിയിരുന്നിട്ട് അയാൾ ഇറങ്ങിപ്പോയി.

പിന്നീടുള്ള ഓരോ രാത്രികളിലും ഇത് ആവര്‍ത്തിച്ചു. ചിലപ്പോൾ ഞാന്‍ പാട്ടു കേള്‍ക്കുകയാവാം, ഫോണില്‍ സംസാരിക്കുകയാവാം, മേക്കപ്പ് ചെയ്യുകയാവാം, എന്തുതന്നെയായാലും അയാൾ അങ്ങനെ നോക്കിയിരിക്കും, ഇറങ്ങിപ്പോകും.

ഇടയിലൊരു ദിവസം, പ്രോഗ്രാം കഴിഞ്ഞ് ഏറെ വൈകി, തളര്‍ച്ചയോടെയാണ് ഞാന്‍ വീട്ടിലെത്തിയത്, എന്നെ കാത്തുകാത്തിരുന്ന് അമ്മയും ഉറങ്ങിയിരുന്നു.

മുറിയിലേക്ക് കയറുമ്പോള്‍, അയാൾ, എന്‍റെ 'തേങ്കായ് മരത്തിലെ തിരുടന്‍', എന്നെ കാത്ത് തെങ്ങില്‍ ഇരിപ്പുണ്ടായിരുന്നു, എന്തോ ഭയങ്കരമായ ഒരുൾപ്രേരണയിൽ ഞാൻ ഓടി ജന്നലിനടുത്തെത്തി, അയാളെ നോക്കി ചിരിച്ചു. അയാളും ചിരിച്ചുകാണണം, എന്നെ നോക്കിക്കൊണ്ടുതന്നെ അയാൾ ഉയരങ്ങളില്‍ നിന്നിറങ്ങി ഭൂമിയെ തൊട്ടു.

പിറ്റേന്ന് അയാളുടെ വരവിനായി ഞാന്‍ കാത്തിരുന്നു, അയാള്‍ സമയത്തിനു തന്നെ എത്തി, ഞാന്‍ പതിയെ ജനലിനടുത്ത് ചെന്നു, കൈയെത്താവുന്ന ദൂരത്ത് അയാള്‍, ഞാന്‍ ചിരിച്ചു, അയാളും.
അയാളുടെ പേരു ചോദിക്കാന്‍ തുനിഞ്ഞ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അയാള്‍ ആദ്യം എന്നോടു ചോദിച്ചു:

"പേരെന്ന..??"

"മിലി, നിങ്ങളോ..??"

"മുത്ത്, എസക്കിമുത്ത്"

"കള്ളനാണോ...??"

"ആമാ, തിരുടന്‍ താന്‍... ആനാ ഇങ്കെ...."

"ഉം, എനിക്കു മനസ്സിലായി...."

അയാള്‍ ചിരിച്ചുകൊണ്ട് ഇറങ്ങിപ്പോയി.

പിന്നീട് പലപ്പോഴായി അയാൾ, അയാളെയും രത്തിനലച്ച്മിയേയും അവരിരുവരും മാത്രമുള്ള അയാളുടെ വീടിനെയും പറ്റി പറഞ്ഞു, ഞാന്‍, എന്നേപ്പറ്റിയും നിന്നേപ്പറ്റിയും പറഞ്ഞു." അവള്‍ പറഞ്ഞു നിര്‍ത്തി.

"നിന്‍റെ കള്ളന്‍ കൊള്ളാമല്ലോ മോളേ..." അവള്‍ ചിരിക്കുന്നത് റിയര്‍വ്യൂ മിററിലൂടെ ഞാന്‍ കണ്ടു.

പിന്നെയും അവള്‍ എസക്കിമുത്തിനെ ഞങ്ങളിരുപേരുടെയും ഇടയില്‍ ഇരുത്തി:

"ഒരുദിവസം, നീ എനിക്കു തന്ന "ബിഹൈന്‍ഡ് ദി ഗ്രീന്‍ ഡോര്‍" തുടരെ തുടരെ കണ്ട് എനിക്ക് ഭ്രാന്തായ ദിവസം, ഞാനൊന്നുമറിഞ്ഞില്ല, എന്നില്‍ വിശപ്പടങ്ങാത്തൊരു ആത്തേമ്മ ആവേശിച്ചതും, അരക്കുതാഴേക്ക് ഞാന്‍ നഗ്നയായതും, എന്‍റെ വിരലുകള്‍ പലവുരു എനിക്കുള്ളില്‍ ചിത്രങ്ങളെഴുതിയതും, ഒന്നും ഞാനറിഞ്ഞില്ല.

രാത്രിയിലെപ്പോഴോ മയക്കം വിട്ടുണരുമ്പോള്‍, അയാള്‍ അവിടെയുണ്ട്, ആ സ്ഥിരസ്ഥാനത്ത്. എനിക്കെന്‍റെ നഗ്നതയില്‍ നാണം തോന്നിയതേയില്ല. അതേപടി അയാളുടെ അടുത്തേക്ക് ഞാന്‍ ചെന്നു. അയാള്‍ പതിവുപോലെ ചിരിച്ചു, ഞാനും ചിരിച്ചു. എന്നിട്ടയാള്‍ താഴേക്കിറങ്ങിപ്പോയി."

എന്‍റെ കൈയില്‍ നിന്ന് ബൈക്കിന്‍റെ നിയന്ത്രണം പോയി, ഞാന്‍ ഒരുവിധം ബൈക്ക് വഴിയോരത്തേക്ക് ഇറക്കി നിര്‍ത്തി. ചെറുതായി അണക്കുന്നുണ്ടായിരുന്നു ഞാന്‍. മിലി യാതൊരു ഭാവഭേദവുമില്ലാതെ ഇരിക്കുകയായിരുന്നു, ഇതൊക്കെ പ്രതീക്ഷിച്ചതുപോലെ.

"തീര്‍ന്നോ നിന്‍റെ ഒടുക്കത്തെ കഥ..??" വിറക്കുകയായിരുന്നു ഞാനും, എന്റെ ശബ്ദവും.

"ഇല്ല, തീര്‍ന്നിട്ടില്ല, ഇനിയുമുണ്ട്,
പക്ഷേ, ഇനി പറഞ്ഞുകഴിയുമ്പോൾ, ഇപ്പോഴത്തേപ്പോലെ നീ റോഡരികിലേക്ക് ബൈക്ക് ഇറക്കിനിര്‍ത്തുകയില്ല, എന്നെയടക്കം ഈ വണ്ടി ഒരു കൊക്കയിലേക്കു നീ തള്ളിയിട്ടേക്കും,
അല്ലെങ്കില്‍ പാഞ്ഞുവരുന്ന ഏതെങ്കിലുമൊരു കണ്ടെയ്നര്‍ ഇതിനേം എന്നേം നിന്നേം തിന്നേക്കും. നീ വണ്ടിയെടുക്ക്".

അന്ന് അതിനുശേഷം അവള്‍ ഒന്നും പറഞ്ഞില്ല, പതിയെ പതിയെ ഞാനാ കള്ളനെ മറക്കുകയായിരുന്നു,
ഒരുപക്ഷേ, അയാളെ ഓര്‍ത്തുകൊണ്ടുതന്നെ മറക്കാന്‍ ശ്രമിക്കുകയായിരുന്നു, അതിനാലാകാം ഞാനതില്‍ വിജയിച്ചില്ല.

എന്നാല്‍ മിലി, അവള്‍ അയാളെ കണ്ടുകൊണ്ടേയിരുന്നു, അയാളെ ദിനം ദിനം കണ്ടുകൊണ്ട് അയാളെ പറ്റി ഓര്‍ത്തുകൊണ്ടേയിരുന്നു,
എന്നോടതേപ്പറ്റിയൊന്നും പറഞ്ഞില്ലെന്നു മാത്രം.

ഇതിനിടെ ഒരാഴ്ചത്തെ ഇടവേള ഉണ്ടായി, ഞങ്ങള്‍ പരസ്പരം കണ്ടില്ല,

ഇന്നലെ ഞാന്‍ അവളെ പോയി കണ്ടു,
അവളുടെ തറവാട്ടില്‍, വൈകിയ സന്ധ്യാനേരത്ത് അവിടെ പോയതില്‍ ആ കള്ളനെ നേരില്‍ കാണുക എന്നൊരുദ്ദേശ്യം കൂടിയുണ്ടായിരുന്നു.
അവള്‍ മേശപ്പുറത്ത് തലവെച്ച് ഉറങ്ങുകയായിരുന്നു.
ഞാൻ, അവളെ തട്ടിവിളിച്ച് അടുത്തിരുന്നു.

"കഴിഞ്ഞ ഒരാഴ്ച കണ്ടില്ല, എന്തുപറ്റി..??"

സ്ത്രീ കഥാപാത്രങ്ങളുടെ സ്ഥിരം ഉത്തരം "ഏയ്, ചെറിയൊരു പനി" പ്രതീക്ഷിച്ചിരുന്ന എന്നെ നോക്കി അവള്‍ പറഞ്ഞു:

"മുത്തു കാലൊടിഞ്ഞു കിടപ്പിലാണ്, ഉയരെ നിന്നു വീണു"

ഒരു ജനലിനിപ്പുറം നഗ്നയായി നില്‍ക്കുന്ന മിലിയേയും, ജനലിനപ്പുറത്തുനിന്നും അവളിലേക്കു നീളുന്ന മുത്തുവിന്‍റെ രണ്ടു കൈകളേയും അതേ തുടര്‍ന്നു സംഭവിക്കുന്ന ഒരു വീഴ്ചയേയും ഞാന്‍ ഭാവനയില്‍ കണ്ടു.

"കൈപ്പറമ്പത്തെ നായര്‍, നിന്റെ തന്ത, അയാളുടെ തെങ്ങുകളില്‍ അള്ള് വെച്ചിരുന്നു" അവള്‍ പറഞ്ഞു.

രണ്ടു രീതിയിലും ഞാന്‍ ഇളിഭ്യനായി.

"അതുകൊണ്ട്, കാലൊടിഞ്ഞതിന്‍റെ പിറ്റേന്ന് ഞാന്‍ അയാളെ പോയി കണ്ടു, എന്നെ കാണാന്‍ സ്ഥിരമായി രാത്രിയില്‍ എത്താറുള്ള അയാളെ എനിക്കു പോയി കാണാന്‍ പറ്റിയ സമയം രാത്രി തന്നെയാണെന്ന് ഉറപ്പിക്കാന്‍ എനിക്ക്, രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലല്ലോ."

അവൾ വീണ്ടും അവനിലേക്ക്‌, ആ കള്ളനിലേക്ക് പോകുകയാണ്.

"ഓടിട്ട, തേച്ചിട്ടില്ലാത്ത ഒറ്റമുറി വീടായിരുന്നു അയാളുടേത്, വാതിലില്‍ മുട്ടിവിളിച്ചില്ല, എന്‍റെ വരവ് പ്രതീക്ഷിച്ച പോലെ ജന്നല്‍ തുറന്നിട്ടിരുന്നു, നിലത്തു നിന്നാല്‍ പോലും ആ ജനലിലൂടെ മുറിയുടെ അകം മുഴുവൻ എനിക്കു കാണാമായിരുന്നെങ്കിലും, ഞാന്‍ അടുത്തു കണ്ട ചെറിയ ഇലഞ്ഞിമരത്തില്‍ അള്ളിപ്പിടിച്ചിരുന്ന് അകത്തേക്കു നോക്കി.
പ്ലാസ്റ്ററിട്ട് കാലുകള്‍ നീട്ടിവെച്ച് നഗ്നനായി മലര്‍ന്നുകിടക്കുന്നുണ്ടായിരുന്നു എന്‍റെ തിരുടന്‍.
അയാളുടെ മുകളിലിരുന്നുകൊണ്ടയാളിലെ തിരുടനെ തന്നിലേക്കാവാഹിച്ചളക്കുന്ന രത്തിനലച്ച്മി. അയാള്‍ സുരതസുഖത്തിന്‍റെ ഓരോ ഘട്ടത്തിലും "ലച്ച്മീ, ലച്ച്മീ" എന്ന് മുരളുന്നുണ്ടായിരുന്നു.

എനിക്കു നിരാശ തോന്നി. എന്‍റെ ജീന്‍സിട്ട തുടകള്‍ ഇലഞ്ഞിത്തടിയില്‍ ഉരുമ്മിയുരഞ്ഞു.

അവരെ അത്യധികം ക്ഷീണിപ്പിച്ച രതിയായിരുന്നു അത്, എന്നിട്ടും അതിനു ശേഷം അവൾ, രത്തിനം, പിറന്ന പടി ജനലിനടുത്തെത്തി,
എന്നെ ഇതിനിടയിൽ എപ്പോഴോ അവൾ കണ്ടിരിക്കുന്നു.

അവൾ എന്നെ നോക്കി ചിരിച്ചു.

എനിക്കതിനു കഴിഞ്ഞില്ല,
അപ്പോള്‍ എന്‍റെ മനസ്സില്‍ തോന്നിയ കുറ്റബോധത്തില്‍ രത്തിനത്തോട് എന്തോ പറയാനൊരുങ്ങിയ എന്നെ തടഞ്ഞുകൊണ്ട് അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു,

"ഒന്നും സൊല്ലവേണ്ടാമ്മാ, എനക്കെല്ലാമേ തെരിയും."

എന്റെ തുടകൾക്കൊപ്പം മനസ്സും നീറുന്നുണ്ടായിരുന്നു.
പതിയെ ഇലഞ്ഞിമരത്തെ വിട്ടിറങ്ങി ഞാന്‍ തിരിച്ചുനടന്നു."

എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു:

"നീ ഭയങ്കരി തന്നെ...
എത്ര വിശ്വനീയമായ രീതിയില്‍ നീയൊരു കള്ളക്കഥ പറഞ്ഞ് എന്നെ വിശ്വസിപ്പിച്ചിരിക്കുന്നു. ഇത് നമുക്ക് ഏതെങ്കിലുമൊരു വാരികയിലേക്ക് അയച്ചുകൊടുക്കുകതന്നെ വേണം."
കേട്ടതൊന്നും സത്യമല്ലെന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നവന്റെയുള്ളിൽ നിന്ന് വന്ന വാക്കുകൾ.

കള്ളി വെളിച്ചത്തായ പോലെ അവള്‍ ഒരു ഇളിഭ്യച്ചിരി ചിരിച്ച് എന്നെ അവളിലേക്കടുപ്പിച്ച് എന്‍റെ നെറ്റിയില്‍ ഒരുമ്മ തന്നു, ഒന്ന് ഒരായിരം ഉമ്മകളായി, പരസ്പരം നെറ്റികളും ചുണ്ടുകളും ശരീരമാസകലവും ഉമ്മകളുടെ മഴയില്‍ നനഞ്ഞു. കെട്ടിപ്പുണര്‍ന്ന് കട്ടിലില്‍ വീണു, മുറിയിലെ ഓരോ വായുകണങ്ങളും 'പ്രാണനാഥനെനിക്കു' പാടി ഞങ്ങളെ പുല്‍കി.

ആര്‍ത്തലച്ച്, വിയർപ്പിൽ നനഞ്ഞ്, അവളുടെ നഗ്നമായ നെഞ്ചിലേക്കു വീണ എന്‍റെ തലമുടിയിഴകളിലൂടെ വിരലോടിച്ച് അവള്‍ മൃദുലമായ ശബ്ദത്തില്‍ എന്‍റെ ചെവിയില്‍ പറഞ്ഞു:

"തേങ്കായ് മരത്തിലെ തിരുടന്‍"

ഞെട്ടി എഴുന്നേറ്റ ഞാന്‍ കട്ടിലില്‍ കിടന്നുകൊണ്ടുതന്നെ ജനലിലൂടെ പുറത്തേക്ക് നോക്കി, ഞങ്ങളിരുവരുടെയും കാലുകള്‍ക്കിടയില്‍ നിന്ന് ആകാശത്തേക്ക് കുലച്ചുവെച്ചൊരു ലിംഗം,

ആ തെങ്ങ്,

അതില്‍ കെട്ടിപ്പിടിച്ച് ഞങ്ങളേത്തന്നെ നോക്കിക്കൊണ്ട് ഒരാള്‍.....

No comments:

Post a Comment