ചുട്ടുപൊള്ളുന്നൊരു പകലിന്‍ തുടക്കത്തില്‍,
"ഇനിയെന്ത്, എങ്ങോട്ട്" എന്ന ചിന്തകളെ
കത്തിക്കാളുന്ന ദാഹത്തിന് മാനഭംഗപ്പെടുത്താന്‍ കൊടുത്ത്
കണ്‍മുന്നിലെ തരിശുനിലങ്ങളില്‍ മിന്നുന്ന
നക്ഷത്രങ്ങളെ എണ്ണിത്തിട്ടപ്പെടുത്താന്‍ പാടുപെടുകയായിരുന്നു.
വയറിനുള്ളില്‍ നിന്ന്,
തൊണ്ടവഴി നാവ് വരെ
മുകളിലേക്കും
തിരിച്ചും
പിന്നെ
വശങ്ങളിലേക്കും,
ചുട്ടുപൊള്ളുന്ന കന്‍മദം,
അല്ലെങ്കിലതുപോലെ എന്തോ ഒന്ന്,
പരന്നൊഴുകുന്നു.
(വെള്ളത്തിനു പകരം കന്‍മദം കുടിച്ചൊരു മന്തുകാലനുണ്ടായിരുന്നു,
പക്ഷേ, ഞാനയാളല്ലല്ലോ),
പൊള്ളിയുരുകിയ മണ്ണില്‍ വീണ്
പൊള്ളിയുരുകിയൊടുങ്ങാനൊരുങ്ങീ ഞാന്‍.
അന്നേരം,
ഇരിക്കാനൊരു ചില്ലതേടിയൊരടക്കാക്കുരുവി,
അവിടേക്കതിന്‍റെ തളര്‍ന്ന ചിറകുകള്‍ വീശി പറന്നെത്തി.
മരക്കാലുകളൊന്നുമില്ലാത്ത,
ജലസ്പര്‍ശമേറ്റിട്ടേറെ കൊല്ലങ്ങളായ,
തരിശായൊരു ഭൂമികയിലതു തളര്‍ന്നിരുന്നു.
തളര്‍ന്ന ഭൂമി,
തളര്‍ന്ന പക്ഷി,
പിന്നെ,
തളര്‍ന്ന ഞാന്‍...
പതിയെ ആ പറവ,
തന്‍ കൊക്കിലടക്കിപ്പിടിച്ചൊരു വിത്തെടുത്തെന്‍റെ
കൈകളിലേകിയിട്ടിങ്ങനെ പറഞ്ഞു:
"ജലമതിന്നവസാന ബീജമിതു
നീ കാത്തുകൊള്‍ക-
യവസരം പോലെയിതു നട്ടുവളര്‍ത്തണം,
തണ്ണീര്‍ത്തടങ്ങളായ്,
പുഴകളായ്,
നദികളായ്ച്ചെറുതോടുകളായ്,
ചോലകളാറുകള്‍, പിന്നെക്കായലുകളൊടുക്കം,
പലകടലുകളായ് നീയിതിനെ വളര്‍ത്തിടേണം."
ഇവ്വണ്ണം പറഞ്ഞൊടുവിലാച്ചെറുപക്ഷി തളര്‍ന്നുവീണു,
തിളക്കുന്ന മണ്ണെ പുണര്‍ന്നൊടുങ്ങി.
ചിലനേരങ്ങളിലെന്നല്ല,
ഒരുവിധമെല്ലാ നേരങ്ങളിലും
മനുഷ്യന്‍, ഒരുമാതിരി മറ്റവനാണ്,
ഒരു മഹാ മറ്റവന്‍.
ഇവിടെ ഞാനൊരു മറ്റവനായി.
കൊക്കും,
പപ്പും,
പൂടയും,
ചെറുകാലുകളും,
ചെറുനഖങ്ങളും
മാറ്റിവെച്ചു (അവ ദഹിക്കില്ല),
ആകെ കുറച്ചുള്ള മാംസളതകളെ
എല്ലുകള്‍ക്കൊപ്പം കടിച്ചുപറിച്ചു,
ചോരയില്‍ കുതിര്‍ന്ന്,
വായക്കു പുറത്തേക്കു തെറിച്ചൊരു ചെറിയ കണ്ണിനെ,
ചൂണ്ടുവിരലില്‍ തോണ്ടി പല്ലില്‍ വെച്ചു.
പിന്നെ,
നാളെയൊരു കാലത്തിലേക്കായ് കരുതിവെച്ചേക്കുവാന്‍,
ആ പറവ തന്ന വിത്തിനെ പൊട്ടിച്ച്,
അതില്‍നിന്നുമിറ്റുവീണ നാലുതുള്ളിജലത്തെ
നാവില്‍ വാങ്ങി ഞാനെന്‍റെ മരണത്തെ
നാലുനിമിഷമപ്പുറത്തേക്ക് നീട്ടി.....
No comments:
Post a Comment