മാതൃഭൂമിയിലെ വാചകമേളയിൽ കഴിഞ്ഞ ദിവസം നടി രേവതി പറഞ്ഞ ഒരു ക്വോട്ടും സമാനവിഷയത്തിൽ വിദ്യാബാലൻ രേഖപ്പെടുത്തിയ അഭിപ്രായവും ആണ് മുകളിൽ കൊടുത്തിരിക്കുന്നത്.
ഇത് ഇപ്പോൾ ഇവിടെ പോസ്റ്റ് ചെയ്യാൻ കാരണം ഇന്നലെ ഉച്ചക്ക് ശേഷം വന്ന ഒരു ഫോൺ കാൾ ആണ്. ഞാനുമായി ഏറെ സൗഹൃദം ഉള്ള, എന്നോട് എന്തും പറയാൻ സ്വാതന്ത്യം ഉള്ള നഴ്സിങ് പ്രൊഫഷനിൽ തന്നെ ജോലി ചെയ്യുന്ന ഒരു കൂട്ടുകാരി ആണ് വിളിച്ചത്. ദിനേന ജോലിസ്ഥലത്തും പുറത്തും ഉണ്ടായിട്ടുള്ള നല്ലതും ചീത്തയുമായ അനുഭവങ്ങൾ എന്നും ഞങ്ങൾ ചർച്ച ചെയ്തിരുന്നു.
കാണാൻ തരക്കേടില്ലാത്ത അൽപ്പം സുന്ദരി ആയ എന്റെ കൂട്ടുകാരി കുറച്ചുമാസങ്ങൾക്ക് മുന്നേ ഞങ്ങൾ ഒരുമിച്ച് ഒരു ഡയാലിസിസ് യൂണിറ്റിൽ ജോലി ചെയ്ത സമയത്ത് ജോലിക്കിടയിൽ സംഭവിച്ച ഒരു കാര്യം അവൾ എന്നോട് പറഞ്ഞിരുന്നു. എഴുപതിന് അടുത്ത് പ്രായമുള്ള ഒരു രോഗിയെ അവൾ പരിചരിക്കുന്നതിനിടെ രോഗി അവളുടെ കൈകളിൽ തടവി, അതു തടഞ്ഞ അവളോട്, ഒന്നു തൊട്ടെന്നു വെച്ച് എന്താ പ്രശ്നം എന്ന് രോഗി ചോദിച്ചു. "മുറിക്ക് പുറത്തു നിൽക്കുന്ന ഭാര്യയെ വിളിക്കാം ആവശ്യം പോലെ തടവിക്കോളൂ" എന്ന് പറഞ്ഞ അവളോട് ആ മനുഷ്യൻ പറഞ്ഞത് "അത് തടവി കുറെ മടുത്തു" എന്നാണ്. ഡയാലിസിസ് കഴിഞ്ഞ് പുറത്തുപോകും വഴി മേൽപ്പറഞ്ഞ രോഗി വാതിലിൽ നിൽക്കുകയായിരുന്ന എന്റെ സഹപ്രവർത്തകയുടെ ശരീരത്ത് മനപ്പൂർവം കൈ ഉരസിക്കൊണ്ട് ഇറങ്ങിപ്പോയത് എന്റെ കണ്മുന്നിൽ വെച്ചാണ്.
പുറത്തിറങ്ങിയ രോഗിയെയും അവരുടെ ഭാര്യയെയും വിളിച്ചു നിർത്തി ഡയാലിസിസ് പേഷ്യന്റായ ടിയാന്റെ ശരിക്കുള്ള രോഗം എന്താണെന്ന് ഞങ്ങൾ മൂന്നാല് പേർ അയാളുടെ ഭാര്യക്കും ബന്ധുക്കൾക്കുമായി പറഞ്ഞു മനസ്സിലാക്കി കൊടുത്തു.
അതിനുശേഷം അയാളുടെ ഭാഗത്ത് നിന്ന് അത്തരമൊരു നീക്കം പിന്നീടുണ്ടായിട്ടില്ല.
പിന്നീട് ഞങ്ങൾ രണ്ടു സ്ഥലങ്ങളിൽ ആയി ജോലി, എങ്കിലും ദിവസവും പരസ്പരം സമയം കണ്ടെത്തി സംസാരിച്ചിരുന്നു. അങ്ങനെയൊരു സംസാരത്തിനിടെ ഇതുപോലെ തന്നെ പ്രായമായ മറ്റൊരു രോഗിയിൽ നിന്നും എന്റെ സഹപ്രവർത്തകക്ക് മേൽപ്പറഞ്ഞ രീതിയിൽ തന്നെ ഉപദ്രവം നേരിടേണ്ടി വന്നു, എന്നാൽ അന്ന് അവൾ തന്നെ അയാളോട് അൽപ്പം ദേഷ്യത്തിൽ സംസാരിച്ചു കാര്യം സോൾവ് ചെയ്തു (എന്നവൾ വിശ്വസിച്ചു) എന്നവൾ പറഞ്ഞത്.
ഇക്കഴിഞ്ഞ ദിവസം അവൾ എന്നെ ഫോൺ ചെയ്തത് രണ്ടാമത് പറഞ്ഞ വയസ്സേറെ ചെന്ന രോഗി വീണ്ടും തടവാനും തലോടാനും തുടങ്ങി എന്ന വിവരം വിഷമത്തോടെ പറയാൻ വേണ്ടി ആയിരുന്നു. "ഞാൻ ഇതാരോട് പരാതിപ്പെടും രാജീവേട്ടാ, ഇല വന്ന് മുള്ളിൽ വീണാലും, മുള്ള് വന്ന് ഇലയിൽ വീണാലും, കേട് ഇലക്കല്ലേ ഏട്ടാ" എന്ന് അവൾ പറഞ്ഞത് ആണ് എന്നെ ഏറെ ചൊടിപ്പിച്ചത്.
ഈ 'ഇലയും മുള്ളും' ചൊല്ല് നിങ്ങൾ എത്ര നാൾ പാടി നടക്കും പ്രിയപ്പെട്ട പെണ്ണുങ്ങളേ....??
കാലം ഏറെ പുരോഗമിച്ചു എന്നറിയാതെ പീഢനകൂപങ്ങളിൽ അടിമമണ്ഡൂകങ്ങൾ ആയി ഇനിയും ഏറെ പേർ കഴിയുന്നുണ്ട് എന്ന വസ്തുത ആണ് മേൽപ്പറഞ്ഞ എന്റെ കൂട്ടുകാരിയുടെ അനുഭവത്തിലൂടെ എനിക്ക് ഈ പോസ്റ്റിലൂടെ ലോകത്തോട് പറയാൻ ഉള്ളത്. വുമൺ എംപവർമെന്റ് എന്ന സംഗതി കേവലം ഹാഷ്ടാഗുകളിലും എഫ്ബി പോസ്റ്റുകളിലും ആളില്ലാക്കസേരകൾ സാക്ഷിയാകുന്ന വാഗ്ധോരണികളിലും നിറഞ്ഞുനിൽക്കേണ്ട ഒന്നല്ല. അതാദ്യം ഉണ്ടാകേണ്ടത് നിങ്ങളുടെ ഉള്ളിൽ നിന്നു തന്നെ ആണ് പ്രിയപ്പെട്ട കൂട്ടുകാരികളേ. സ്വയം എംപവേഡ് ആണ് എന്നൊരു ബോധ്യം ഉള്ളിൽ ഉണ്ടാക്കി എടുക്കുക. അത് നിങ്ങൾക്ക് മേൽപ്പറഞ്ഞ രീതിയിലോ, അതിലും ഗ്രേഡ് കൂടിയതോ ആയ മൊളസ്റ്റേഷൻ ആക്ടിവിറ്റീസ് തടയുന്നതിനുള്ള പ്രതികരണശേഷി നൽകും. കുറിക്കുകൊള്ളുന്ന ഒരു പ്രതികരണമോ ശക്തമായ ഒരു താക്കീതോ തുടർ ഉപദ്രവങ്ങളിൽ നിന്ന് നിങ്ങളെ ഒരു പരിധി വരെ സംരക്ഷിക്കും. അതുപോലെ പരിധി വിട്ടുള്ള ആക്രമണങ്ങളെ അറിയിക്കേണ്ടവരെ അറിയിച്ച് അതിനുവേണ്ട തുടർനടപടികൾ കൈക്കൊള്ളാനും നിങ്ങൾ തന്നെ മുൻകൈ എടുക്കണം.
ഇലയിൽ ചെന്നു വീണാൽ മുള്ളുകളും ഒടിഞ്ഞുതുടങ്ങും എന്ന് മുള്ള് നിൽക്കുന്ന മരങ്ങളും അറിഞ്ഞു തുടങ്ങട്ടെ.....
എൻ.ബി: നഴ്സസ് എന്നാൽ മൊത്തത്തിൽ പോക്കായ ഒരു കൂട്ടം ആണെന്ന് ഒരു പൊതുധാരണ ജനങ്ങൾക്കിടയിൽ ഇന്നും ഉണ്ട്. ചെയ്യുന്ന ജോലിയുടെ സ്വഭാവവും, മേൽപ്പറഞ്ഞ കണക്ക് 'ഇല മുള്ള്' ചിന്താഗതിയിൽ നിന്നുകൊണ്ടുള്ള നഴ്സുമാരുടെ മൗനവും ആളുകൾക്കിടയിൽ ഇത്തരം ധാരണകൾ വളർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.
പുഴുക്കുത്തുകൾ ഇല്ല എന്ന് പറയുന്നില്ല, സമൂഹത്തിൽ ഇന്നുള്ള എല്ലാ പ്രൊഫഷനുകളിലും കാണപ്പെടുന്ന പുഴുക്കുത്തുകളേക്കാൾ ഏറെ കുറവാണ് നഴ്സിങ് സമൂഹത്തിലേത് എന്ന് പറയാൻ കഴിയും.
അത്തരം ധാരണകൾ മനസ്സിൽ ഊട്ടിയുറപ്പിച്ച് നിങ്ങൾ നഴ്സുമാരോട് ഞങ്ങൾ അപമര്യാദയായേ പെരുമാറൂ എന്നുറപ്പിച്ചു വരുന്ന വെറിപിടിച്ച ഒരുവിഭാഗത്തിന് നേരെ ഇനിയും പല '22 എഫ്.കെ'യും ആവർത്തിക്കേണ്ടതായും വരും,
മടിക്കേണ്ട.....
No comments:
Post a Comment