രണ്ടു ദിവസം മുൻപ്, അത്യാവശ്യം കുറച്ചു സാധനങ്ങൾ വാങ്ങാൻ ചങ്കുവെട്ടിയിലെ ഹൈപ്പർമാർക്കറ്റിൽ വരെ പോയതായിരുന്നു ഞാൻ. ഫൂഡ് ആൻഡ് ബിവറേജസ് സെക്ഷൻ കടക്കുന്ന നേരത്താണ് ആ അച്ഛനും മകനും ശ്രദ്ധയിൽ പെട്ടത്, ആ അച്ഛനെ ഞാൻ അറിയും, ചില സാഹിത്യ സദസ്സുകളിൽ കണ്ടിട്ടുണ്ട്. ഏകദേശം അഞ്ചു വയസ്സുള്ള മകനോടൊപ്പം അവർക്ക് വേണ്ട സാധനങ്ങൾ തിരഞ്ഞെടുക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. ഇതിനിടയിൽ മകൻ ട്രോളിയിൽ എടുത്തു വെച്ച ചെറിയ ബോട്ടിൽ 7up അച്ഛൻ തിരികെ റാക്കിൽ കൊണ്ടുവെച്ചു.
എന്നിട്ട് ഒരു വലിയ കുപ്പി കൊക്ക കോള എടുത്തു ട്രോളിയിൽ വെച്ചു. പതിയെ നടന്ന് ഞാൻ നിന്നിരുന്ന ഭാഗത്തെ റാക്കുകൾക്ക് അടുത്തെത്തി. ആ അച്ഛനെയും മകനെയും അടുത്തു കിട്ടി.
"മലപ്പുറത്താണോ വീട്..??" ഞാൻ ചോദിച്ചു
"അതേ"
"കേരളത്തിൽ ഏറ്റവും അധികം കിഡ്നി രോഗികൾ ഉള്ള ജില്ല എന്ന പദവിയിലേക്ക് അതിവേഗം പൊയ്ക്കൊണ്ടിരിക്കുന്ന ജില്ല ഏതെന്ന് അറിയാമോ ചേട്ടന്..???"
"ഇല്ല"
"അത് നിങ്ങളുടെ മലപ്പുറം ആണ്"
ഇവൻ ഇതൊക്കെ എന്നോടെന്തിനാ ഈ പറയുന്നത് എന്ന ഭാവം പതിയെ അയാളുടെ മുഖത്തേക്ക് വരുന്നത് കണ്ടു.
അതുകൊണ്ട് കൂടുതൽ വലിച്ചുനീട്ടി പറയാൻ ഒന്നും നിന്നില്ല,
"മലപ്പുറത്തുള്ള ഡയാലിസിസ് രോഗികളുടെ വൃക്കകളെ പ്രവർത്തനരഹിതമാക്കാൻ ഏറ്റവുമധികം സഹായിച്ച ഉത്പന്നങ്ങളിൽ ഒന്നാണ് ഇപ്പോൾ നിങ്ങളുടെ ഈ ട്രോളിയിൽ ഇരിക്കുന്ന ഈ കൊക്കകോള. മകന് വേണ്ടി ഒരു കുപ്പി കോള എടുത്തുവെച്ചത് കണ്ടതുകൊണ്ട് പറയുവാ ചേട്ടാ, നമ്മുടെ കുഞ്ഞുങ്ങളുടെ കിഡ്നികൾ എങ്കിലും ആരോഗ്യത്തോടെ സൂക്ഷിക്കാൻ നമുക്ക് ശ്രമിച്ചൂടെ, അവരെയും കിഡ്നി പേഷ്യൻറ്‌സ് ആക്കണോ...???"
ഇതു പറഞ്ഞു ഞാൻ ട്രോളി വലിച്ചു മുന്നിലേക്ക് പോയി,
എന്റെ വാക്കുകൾക്കപ്പുറം, സ്വന്തം മകനെയും അവന്റെ ആരോഗ്യത്തെയും ആലോചിച്ചാകും അയാൾ ആ കോള കുപ്പി തിരികെ റാക്കിൽ കൊണ്ടുപോയി വെച്ചു.
സന്തോഷം...
ഇനി ഒരു ചെറുതല്ലാത്ത വാൽക്കഷ്ണം:
ഇപ്പോൾ അന്നം തരുന്ന നാട് മലപ്പുറം ആണ്, എന്നാലും പറയാതിരിക്കാൻ നിവൃത്തിയില്ല..
മലപ്പുറത്തിന്റെ രുചിയേറിയ ആഹാരത്തോടുള്ള ഭ്രമത്തെ മുതലെടുത്ത് ഫാസ്റ്റ്ഫൂഡ് ഭക്ഷണശാലകൾ തുടക്കമിട്ട "സമ്പൂർണ കിഡ്നിരഹിത മലപ്പുറം ജില്ല" യജ്ഞത്തിന്റെ ഭാഗമായി, നിങ്ങളുടെ ഭക്ഷണമേശകളിലേക്ക് നിങ്ങൾ ഓർഡർ ചെയ്ത ഫാസ്റ്റ് ഫൂഡ്'നൊപ്പം അവർ കൊണ്ടുവെക്കുന്ന കോള, നിങ്ങളറിയാതെ നിങ്ങളെ ഒരു കിഡ്നി രോഗി ആക്കി മാറ്റുന്നുണ്ട്. കൊഴുപ്പും അജിനാമോട്ടോയും അളവിലുമധികം നിറഞ്ഞ ഫാസ്റ്റ് ഫൂഡിനൊപ്പം അളവിലുമധികം കൃത്രിമ പഞ്ചസാരയുടെ ഉറവിടം ആയ കോള കൂടി ആകുമ്പോൾ നിങ്ങളുടെ കിഡ്നികൾക്ക് അത് അധികഭാരം നൽകുകയും ക്രമേണ പണി നിർത്തി നിർബന്ധിത റിട്ടയർമെന്റ്'ന് കിഡ്നിയെ പ്രേരിപ്പിക്കുകയും വഴി നിങ്ങൾക്ക് ഡയാലിസിസ് ബെഡിലേക്ക് ഉള്ള വഴി കാണിച്ചു തരുന്നു.
നമ്മൾ വലിയവരുടെ ഉപഭോഗത്തോടൊപ്പം സമയലാഭം കണക്കിലെടുത്തും മറ്റും നമ്മൾ നമ്മുടെ കുട്ടികൾക്കും ഈ തരത്തിലുള്ള ഭക്ഷണരീതി പരിചയപ്പെടുത്തി കൊടുക്കുന്നു, ക്രമേണ അവരുടെയും ഭക്ഷണരീതി ഫാസ്റ്റ്ഫൂഡാധിഷ്ഠിതമായ ഭക്ഷണക്രമങ്ങളിലേക്ക് മാത്രം ആയിത്തീരുന്നു. പ്രിമച്വർ കിഡ്നി ഡിസീസിന് അവരും ഇരകളായി തീരുന്നു.
ഇതിലെല്ലാം ഏറ്റവും രസകരമായ ഒരു സംഗതിയെ കുറിച്ച് പറഞ്ഞില്ല എങ്കിൽ ശരിയാകില്ല,
സൗജന്യ ഡയാലിസിസ് എന്ന പേരിലേക്കായി പണം പിരിവ് നടത്താൻ ഉള്ള വഞ്ചിപ്പെട്ടികൾ മലപ്പുറം ഏരിയയിൽ ഏറ്റവുമധികം വെച്ചിട്ടുള്ള സ്ഥലങ്ങൾ ഏതാണെന്നറിയമോ, അത് നമ്മുടെ മുന്നിലേക്ക് കോളയും ഫാസ്റ്റ് ഫൂഡും നിർലോഭം വിളമ്പി നമ്മളെ സന്തോഷിപ്പിക്കുന്ന ഫാസ്റ്റ് ഫൂഡ് ഭക്ഷണശാലകളിൾ ആണ്, നിങ്ങൾ കഴിച്ച ഭക്ഷണത്തിന്റെ വിലയായി നിങ്ങൾ കൊടുക്കുന്ന കാശിനു പുറമെ ആ വഞ്ചിയിലേക്ക് നിങ്ങളിടുന്ന ഒരു പത്തിന്റെയോ അമ്പതിന്റെയോ നോട്ട്, നാളെ നിങ്ങളുടെ തന്നെ ആരോഗ്യസംരക്ഷത്തിലേക്കായി അവർ സ്വരുക്കൂട്ടുന്നതാണ്.
സൗജന്യ ഡയാലിസിസ് നടത്തിക്കൊടുക്കുന്ന ട്രസ്റ്റുകളുടെ തലപ്പത്ത് കസേരയിട്ടിരിക്കുന്ന പ്രമുഖരിൽ പലരും ഇത്തരം ഹോട്ടലുകളുടെ ഉടമസ്ഥരും ആണെന്നതാണ് അതിലും രസകരം.
കൊന്നാൽ പാപം തിന്നാൽ തീരുമെന്ന വിശ്വാസസംഹിതയിൽ ആണ് അവർ വിശ്വസിക്കുന്നത്.
ഏതൊക്കെ തരത്തിലുള്ള പോസ്റ്റുകൾ/ലേഖനങ്ങൾ/പഠനങ്ങൾ വന്നാലും നമ്മുടെ ഇത്തരത്തിലുള്ള അനാരോഗ്യകരമായ ഭക്ഷണരീതികൾക്ക് ഇനിയുള്ള കാലം വലുതായൊരു മാറ്റം പ്രതീക്ഷിക്കുന്നില്ല എങ്കിലും ആ അച്ഛൻ കോള എടുത്ത് തിരികെ റാക്കിൽ വെച്ചത് പോലെ ചെറിയ മാറ്റങ്ങളിൽ സന്തോഷം കണ്ടെത്തുന്നു.
നന്ദി.
No comments:
Post a Comment