Sunday, December 15, 2019

മാമാങ്കം: എന്റെ, എന്റെ മാത്രം വിശകലനം.




പ്രേക്ഷകരെ,
നിങ്ങൾ എന്തു കാരണം കൊണ്ടാണ് മാമാങ്കം എന്ന സിനിമയെ ഡീഗ്രേഡ് ചെയ്യുന്നത്.
നമുക്കൊന്ന് വിശകലനം ചെയ്യാം.

തുടക്കം തന്നെ നിങ്ങളുടെ വാദങ്ങളെ ശരിവെച്ചു കൊണ്ട് നെഗറ്റീവ് പോയിന്റുകളിൽ നിന്ന് തുടങ്ങാം:

1. VFX
*
ശരിയാണ്,
മാമാങ്കം സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന VFX ശരാശരിയിലും താഴെ നിൽക്കുന്ന ഒന്നാണ്.
ഇത്രയൊക്കെ ചരിത്രപ്രാധാന്യമുള്ള വിഷയത്തെ അധികരിച്ചു നിർമ്മിക്കപ്പെടുന്ന സിനിമയിൽ അതിന്റെ ഗ്രാഫിക്സ് വർക്കുകൾ ഏറ്റവും മെച്ചപ്പെട്ടതാക്കേണ്ടത് തന്നെയാണ്.
രാജമൗലിയെ കണ്ടുപഠിക്കൂ എന്ന് പദ്മകുമാറിനോടും, ഷോബു യർലഗഡയേയോ, പ്രസാദ് ദേവിനേനിയേയോ കണ്ടുപഠിക്കൂ എന്ന് വേണു കുന്നപ്പള്ളിയോടും ധൈര്യപൂർവ്വം പറയാം.

2. ഫൈറ്റ് സീക്വൻസുകൾ
*
ശരിയാണ്,
മാമാങ്കം എന്ന ചിത്രം പൂർണ്ണമായും കളരിപ്പയറ്റ് എന്ന ആയോധനകലയിൽ അധിഷ്ഠിതമായ ഒന്നാണ്. അങ്ങനെ ഒരു ചിത്രത്തിൽ ഉപയോഗിക്കുന്ന സംഘട്ടന രംഗങ്ങൾക്ക് ആ ആയോധനകലയോട് പരമാവധി നീതി പുലർത്തേണ്ടിവരും. അതിൽ വളരെ വലിയൊരു തെറ്റ് ചിത്രത്തിന്റെ ശില്പികൾക്ക് സംഭവിച്ചിട്ടുണ്ട്. ചിത്രത്തിലെ കളരിപ്പയറ്റ് രംഗങ്ങളിൽ റോപ്പ് കെട്ടിയുള്ള രീതിയും ഗ്രാഫിക്‌സും മുഴച്ചുനിൽക്കുന്നത് ആസ്വാദനത്തെ നന്നായി തന്നെ ബാധിച്ചു.

3. കാസ്റ്റിങ്
*
ശരിയാണ്,
മമ്മൂട്ടി എന്ന നടൻ ഇല്ലായിരുന്നു എങ്കിലും മാമാങ്കം എന്ന സിനിമ സംഭവിക്കുമായിരുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഈ സിനിമ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ഓൺലൈൻ ആൻഡ് ഓഫ്‌ലൈൻ ഡീഗ്രേഡിങ്ങിന് പ്രധാന കാരണം മമ്മൂട്ടി എന്ന നടന്റെ മിസ്‌കാസ്റ്റിംഗ് ആണെന്ന് തന്നെ പറയാം. കാരണം, മോഹൻലാൽ ഫാൻസ് ഒടിയൻ എന്ന ബിലോ ആവറേജ് സിനിമയുടെ തോൽവിക്ക് പകരമെന്നോണം അല്ലെങ്കിൽ ഒരു പകപോക്കൽ എന്നപോലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രതി ചിത്രത്തെ മൊത്തം തരംതാഴ്ത്തി. മമ്മൂട്ടി അല്ലാതെ തികഞ്ഞ മെയ്‌വഴക്കം ഉള്ള മറ്റേതൊരു നടനായിരുന്നെങ്കിലും സിനിമ മറ്റൊരു തലത്തിലേക്ക് എത്തിപ്പെട്ടേനെ. പ്രായം, മെയ്‌വഴക്കം, ഇവ രണ്ടും മമ്മൂട്ടിയുടെ സിനിമയിലെ പ്രകടനത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. കാരണം കളരി നിന്നടിക്കുന്ന ഒരു ആയോധനകല അല്ല, അതിൽ നിന്നും, ചാടിയും, പറന്നുയർന്നും, മലക്കവും പെരുമലക്കവും മറിഞ്ഞും ആയുധങ്ങൾ പലത് ചുഴറ്റിയും വീശിയും പ്രകടനങ്ങൾ നടത്തേണ്ടിവരും. മമ്മൂട്ടിക്ക് ഇന്നും ഇനിയുള്ള കാലവും അതിനുള്ള ബാല്യമില്ല.

4. തിരക്കഥയുടെ ഇഴച്ചിൽ
*
തെറ്റാണ്,
നിങ്ങൾ ശരിക്കുള്ള മാമാങ്കം തിരക്കഥ (സജീവ് പിള്ളയുടെ) വായിച്ചാൽ ഇനിയുമിനിയും ലാഗ് അനുഭവപ്പെടും അതിൽ. ആ തിരക്കഥയെ ചുരുക്കി തരക്കേടില്ലാത്ത ക്യാപ്സ്യൂൾ രൂപത്തിൽ തന്നെയാണ് പദ്മകുമാർ അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, മാമാങ്കം എന്നത് വെറും വെട്ടിക്കൊല്ലലും വെട്ടിച്ചാകലും മാത്രമല്ലെന്ന് മനസ്സിലാക്കുക. അതിനുപിന്നിൽ നിരവധി കുടുംബങ്ങളുടെയുണ് ഒരു നാടിന്റെ തന്നെയും കണ്ണീരിന്റെ കഥയുണ്ട്. ചാവേറായി പോകുന്ന ഓരോ വള്ളുവനാടൻ പോരാളിയുടെയും പിന്നിൽ ഒരുപാട് സെന്റിമെന്റൽ ബാക്ക്ഡ്രോപ്പുകൾ ഉണ്ട്. അവയോട് പരമാവധി നീതിപുലർത്തി തന്നെയാണ് മാമാങ്കം അവതരിപ്പിച്ചിരിക്കുന്നത്.

5. മമ്മൂട്ടിയുടെ കഥാപാത്രം ഒടുവിൽ മമാങ്കത്തിൽ പങ്കെടുക്കാതെ, അച്യുതനെ രക്ഷിക്കാതെ ശവം ചുമന്നു കൊണ്ടുപോകുന്നതിലെ വ്യർത്ഥത.
മമ്മൂട്ടിയുടെ സ്ത്രീവേഷത്തിന്റെ ആവശ്യകത ഉണ്ടായിരുന്നോ.
*
തെറ്റാണ്,
മാമാങ്കം എന്ന സിനിമ പറയുന്നത് ഒരു യഥാർത്ഥ ചരിത്രം ആണ്. അല്ലാതെ ബാഹുബലി പോലെയൊരു കെട്ടുകഥ അല്ല. കെട്ടുകഥയിൽ എഴുത്തുകാരന് അയാളുടെ ഇഷ്ടത്തിന് മാസ്സോ ഫൈറ്റോ എഴുതിച്ചേർക്കാം. പക്ഷെ, സിനിമ ചരിത്രത്തെ രേഖപ്പെടുത്തുന്ന ഒന്നാകുമ്പോൾ അതിൽ അത്രകണ്ട് വെള്ളംചേർക്കൽ നടക്കില്ല. മാമാങ്കത്തിന്റെ ചരിത്രം വായിച്ചവർക്ക് അറിയാം, മമാങ്കത്തിൽ പങ്കെടുക്കാൻ ഒരു ചാവേറിന് ആകെ കഴിയുന്നത് ജീവിതത്തിൽ ഒരു തവണ മാത്രം. എന്തെന്നാൽ മാമാങ്കതട്ടിൽ കാൽകുത്തിയാൽ അയാൾക്ക് അടുത്ത മാമാങ്കം കാണാൻ കഴിയില്ല.
ഒന്നുകിൽ, സമൂതിരിയെ കൊന്ന് വീരനായി നാട്ടിലെത്താം, അതിൽപിന്നെ മാമാങ്കം ഇല്ലല്ലോ. മാമാങ്കത്തിന്റെ രക്ഷാപുരുഷൻ ആയി വെള്ളാട്ടിരി (വള്ളുവക്കോനാതിരി) വാഴിക്കപ്പെട്ടുകഴിഞ്ഞാൽ പിന്നെ ചാവേറെന്നെ സ്ഥാനം അലങ്കരിക്കേണ്ട കാര്യമില്ല.
അല്ലെങ്കിൽ, മാമാങ്കത്തറയിൽ പടവെട്ടി വീരസ്വർഗം പൂകാം.
മമ്മൂട്ടിയുടെ കഥാപാത്രതിന് ഇത് രണ്ടും സാധിച്ചില്ല എന്ന് മാത്രമല്ല, സമൂതിരിയെ കൊല്ലാതെ സ്വജീവൻ രക്ഷിച്ച അയാൾ ആ മാമാങ്കത്തോട് കൂടി അയാളുടെ കുലത്തിൽ നിന്നും നിഷ്കാസിതനാക്കപ്പെട്ടു. വീരപുരുഷനായ ചാവേർ എന്ന സ്ഥാനത്ത് നിന്നും നപുംസകം എന്ന നിലയിൽ അയാളെ അയാളുടെ കുടുംബവും കുലവും കാണുവാൻ തുടങ്ങി. അതിന്റെ തെളിവാണ്, കുടുംബയോഗം കൂടുമ്പോൾ അയാളെ 'അത്' എന്നും, വലിയമ്മാവനെ കുറിച്ചു പറയുന്ന നേരം ചന്തുണ്ണി, കുടുംബത്തിൽ ആരും അയാളെ ഒരിക്കലും പേരെടുത്തു പറയാറില്ലെന്നും, 'അത്' എന്നോ 'ഇത്' എന്നോ ആണ് വിശേഷിപ്പിക്കാറുള്ളത് എന്നും പറയുന്നത്.
(ചരിത്രങ്ങളിൽ നപുംസകങ്ങളെ അല്ലെങ്കിൽ ഭ്രഷ്ടരാക്കപ്പെട്ടവരെ ഒരിക്കലും പേരെടുത്ത് വിളിച്ചിരുന്നില്ല, 'അത്' എന്നോ 'ഇത്' എന്നോ മാത്രമേ വിളിക്കുകയുള്ളൂ)
അതു സ്വയം മനസ്സിലാക്കിയതുകൊണ്ടാണ് വലിയ പണിക്കർ ആ നപുംസകവേഷം സ്വയം എടുത്തണിയുന്നതും, മമ്മൂട്ടിയുടെ സ്ത്രീവേഷം എന്നത് അത്യന്താപേക്ഷിതമായ ഒന്നായി തീരുന്നതും (മമ്മൂട്ടി വളരെ ഭംഗിയായി തന്നെ അത് അവതരിപ്പിച്ചിട്ടുണ്ട്).
1755 വരെ നടന്ന മാമാങ്കമഹോത്സവങ്ങളിൽ, 1695 നടന്ന മാമാങ്കം ഒഴികെ ഒന്നിലും ചാവേറുകളുടെ ശവശരീരം തിരികെ വള്ളുവനാട്ടിലേക്ക് പോയിട്ടില്ല. 1695'ൽ ചന്തുണ്ണി എന്ന കുട്ടിച്ചാവേർ സമൂതിരിയെ വെട്ടി എന്നതും, മമാങ്കത്തിൽ വീരമൃത്യു വരിച്ച അവന്റെ ശവശരീരം മലപ്പുറം പാങ്ങിൽ എത്തി എന്നുള്ളതും നേര്. അതെങ്ങനെ എത്തി എന്ന് ഇന്നും ആർക്കും അറിയാത്ത വിഷയമാണ്. അത് കൊണ്ടുവന്നത് ആരെന്നതിൽ വലിയ ഒരു സംശയം നിലനിന്നതിനാൽ സജീവ് പിള്ള ലഭ്യമായ ചെറിയ വിവരങ്ങളിൽ നിന്ന് സൃഷ്ടിച്ചെടുത്ത സാങ്കൽപിക കഥാപാത്രമാണ് ചന്ത്രോത്ത് വലിയ പണിക്കർ എന്ന കഥാപാത്രം.

മാമാങ്കം എന്നത് ഒരു കെട്ടുകഥ അല്ല,
കൃത്യമായ ചരിത്രമാണ്.
ഒരിക്കലും ഒരു ഫാൻ എന്ന നിലയിലോ, മാസ്സ് പ്രതീക്ഷിക്കുന്ന പ്രേക്ഷകൻ എന്ന നിലയിലോ കാണേണ്ട സിനിമ അല്ല മാമാങ്കം. അത് ഒരു കേരളീയൻ എന്ന അഭിമാനം ഉളിൽ നിറച്ചു കാണേണ്ട അതുല്യ സൃഷ്ടി ആണ്.
കാരണം അത് പറയുന്നത് നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട നമ്മുടെ നാടിന്റെ ചരിത്രത്തെ ആണ്.
മോഹൻലാൽ-മമ്മൂട്ടി ആരാധകരുടെ തമ്മിൽ തല്ലിൽ തീർന്നുപോകേണ്ട ഒന്നല്ല ഈ നല്ല സിനിമ.

ഒരു തവണ നിങ്ങൾ ഞാൻ പറഞ്ഞ കാര്യങ്ങൾ കൂടി മനസ്സിൽ വെച്ചുകൊണ്ട് കണ്ടുനോക്കൂ. നിങ്ങൾ ആ ചിത്രത്തെ ഇഷ്ടപ്പെടും.
ഉറപ്പ്.

- രാജീവ് കെ ശ്രീധരൻ

No comments:

Post a Comment