Friday, December 20, 2019

പ്രതി പൂവൻ കോഴി



ഉണ്ണി ആറിന്റെ ആദ്യ നോവലായ 'പ്രതി പൂവൻകോഴി' ചർച്ച ചെയ്തത് സമീപകാല സാമൂഹിക രാഷ്ട്രീയ അവസ്ഥകളെ ആയിരുന്നു.
എന്നാൽ അതേ പേരിൽ, ഉണ്ണി.ആറിന്റെ കഥ & തിരക്കഥയിൽ, വെള്ളിത്തിരയിൽ എത്തിയത് ഉണ്ണി.ആറിന്റെ തന്നെ 'സങ്കടം' എന്ന ചെറുകഥ ആണ്. 'സങ്കടം' മുന്നോട്ട് വെക്കുന്നത് ശക്തമായ ഒരു സ്ത്രീ കേന്ദ്രീകൃത വിഷയമാണ്. ആ കഥയെ മടുപ്പില്ലാത്ത വിധം, അതിലെ രാഷ്ട്രീയത്തിന്റെ സത്ത ചോരാതെ ബിഗ് സ്‌ക്രീനിൽ എത്തിക്കാൻ ഉണ്ണി.ആറിനും, റോഷൻ ആൻഡ്രൂസിനും, മഞ്ജു വാര്യർക്കും സാധിച്ചിട്ടുമുണ്ട്.

പ്രതി പൂവൻകോഴിയെ ചുരുക്കത്തിൽ ഇങ്ങനെ പറയാം,
ബസുകളിൽ, പൊതു ഇടങ്ങളിൽ, തിരക്കുകളിൽ, എന്ന് വേണ്ടാ എല്ലായിടത്തും പെണ്ണിന്റെ അനുവാദമില്ലാതെ അവളുടെ ശരീരത്തിലേക്ക് കൈ നീട്ടുന്ന ഓരോ ആണിന്റെയും കീഴ്ത്താടിക്ക് കിട്ടുന്ന നല്ല ഉറച്ച ഇടി.

ആളുകൂടുന്നിടങ്ങളിൽ പെണ്ണ് നേരിടുന്ന ശാരീരികമായ ഉപദ്രവങ്ങൾക്കുള്ള മറുപടി പിന്നത്തേക്ക് വെക്കാതെ പെൺകുട്ടികൾ അപ്പപ്പോൾ തന്നെ കൊടുക്കുക എന്ന ഉറച്ച, ശക്തമായ ഒരു സന്ദേശം നൽകിക്കൊണ്ടാണ് സിനിമ അവസാനിക്കുന്നത്.
ചിത്രത്തിന്റെ കഥ ലീനിയർ ആയി പറയാവുന്ന ഒന്നായത് കൊണ്ട് കഥാസാരം ഒന്നും പറയുന്നില്ല.
ചിത്രം മുന്നോട്ട് വെക്കുന്ന പെൺരാഷ്ട്രീയത്തോട് നീതിപുലർത്തുന്ന തിരക്കഥ കൊണ്ട് കഥാകൃത്ത് കൂടിയായ ഉണ്ണിയും അഭിനയം കൊണ്ട് മഞ്ജുവും, എതിർ നിൽക്കുന്ന ആന്റപ്പൻ എന്ന റോളിൽ തിളങ്ങിയ സംവിധായകൻ കൂടിയായ റോഷനും കലക്കി.

ഉണ്ണി ആർ സിനിമകളുടെയും കഥകളുടെയും പ്രത്യേകത അവയിലെ മനോഹരമായ, കുറിക്കു കൊള്ളുന്ന സംഭാഷണങ്ങൾ ആണ്. അത്തരം സംഭാഷണങ്ങൾ ഈ സിനിമയിലും ഉണ്ട്. മനസ്സിൽ ഉറച്ചുപോകുന്ന, നമ്മളെ ചിന്തിപ്പിക്കുന്ന ഡയലോഗുകൾ.
അലൻസിയറിന്റെ ഗോപി എന്ന കഥാപാത്രം തയ്യൽ മെഷീനിന്റെ ചക്രത്തെയും സൈക്കിൾ ചക്രത്തെയും കുറിച്ച് പറയുന്ന ഡയലോഗ് ഒക്കെ നമ്മുടെ മനസ്സിൽ അങ്ങനെ തട്ടിക്കിടക്കുന്നതാണ്.

അധികം വലിച്ചു നീട്ടാതെ ഒന്നേമുക്കാൽ മണിക്കൂർ കൊണ്ട് ചിത്രം അതിന്റെ കഥയെ പ്രേക്ഷകനിൽ എത്തിച്ചിട്ടുണ്ട്.
മഞ്ജു വാര്യരുടെ മികച്ച അഭിനയത്തോടൊപ്പം റോഷൻ ആൻഡ്രൂസ് വില്ലൻ വേഷത്തിലും പൊളിച്ചടുക്കി.
എന്തൊരു സ്‌ക്രീൻ പ്രസൻസ് ആണ് റോഷന് ഉള്ളത് എന്ന് നമ്മൾ അത്ഭുതപ്പെട്ടുപോകും.

തീർച്ചയായും ഒരു മസ്റ്റ് വാച്ച് മൂവി ആണ് 'പ്രതി പൂവൻകോഴി'.

2 comments: