Sunday, May 29, 2022

അയ്മൂട്ട്യാക്കയും മാറ്റരാസിയുടെ നെഞ്ചത്തുള്ള സിദാന്റെ ഹെഡ്ഡറും

മലപ്പുറത്ത് താമസമാക്കി ആറു മാസം കഴിഞ്ഞപ്പോൾ ഒരു കൂട്ടുകാരനും ഫാമിലിക്കും വേണ്ടി വാടകക്ക് ഒരു വീട് തപ്പിയിറങ്ങിയതായിരുന്നു അന്ന്.
കുറെ വീടുകൾ പോയി കണ്ടു, ചിലത് കയ്യിലെ കാശിന് ഒത്തില്ല, ചിലത് സൗകര്യത്തിൽ കൂട്ടുകാരന് ഒത്തില്ല.
അങ്ങനെ തപ്പിയ വഴിക്കാണ്, പല റേഞ്ചിലുള്ള കുറച്ചധികം വാടക വീടുകളുടെ ഉടമയായ അയ്മൂട്ട്യാക്കയിൽ (പേര് സാങ്കല്പികം)ഞങ്ങൾ പോയി തട്ടി നിന്നത്. ഫാമിലിക്കുള്ള വീട് എന്ന് കേട്ടതും കാക്ക സ്വന്തം വീടിനോട് ചേർന്നുള്ള ഒരു മൂന്നുമുറി വീട് (ഹാൾ, അടുക്കള, ബെഡ്റൂം, വിത്ത് അറ്റാച്ച്ഡ് ബാത്റൂം) കാണിച്ചു തന്നു. അയ്യായിരം വാടക. എല്ലാം കൊണ്ടും കൂട്ടുകാരൻ ഹാപ്പി.
വീടുറപ്പിച്ചു.
അതിന്റെ സന്തോഷത്തിൽ അയ്മൂട്ട്യാക്ക ഞങ്ങളെ സ്വന്തം വീട്ടിലേക്ക് വിളിച്ചു ചായയും മുട്ടബജ്ജിയും തന്നു സത്കരിച്ചു.
സൽക്കാരത്തിനിടക്ക് പുറത്തുനിന്നും സുന്ദരിയായ ഒരു പെൺകുട്ടി, നല്ല ഇമ്പമുള്ള ശബ്ദത്തിൽ പാട്ടൊക്കെ പാടി ആ വീട്ടിലേക്ക് വന്നു. അകത്ത് ഞങ്ങളെ കണ്ട് പാട്ടും പെൺകുട്ടിയും നിന്നു.
"ഇളയ മകളാണ്, ഹയ"
ശരീരം കൊണ്ടും ശാരീരം കൊണ്ടും ആ കൊച്ച് അതിസുന്ദരി ആയിരുന്നു. സത്യം...
ഞങ്ങൾ ഒരു 'ഹായ്' പറഞ്ഞു, അവൾ ഒന്നു ചിരിച്ചു, അകത്തേക്ക് പോയി.
"പൊന്നളിയാ, ഇതിനെയൊക്കെ ദിവസവും കണികണ്ടായിരിക്കുമല്ലോ ഇനി ഞാൻ ദിവസവും ഉണരാൻ പോകുന്നത്, ഒരു രക്ഷയുമില്ല. ആർമാദിച്ചു മരിക്കും". അയ്മൂട്ട്യാക്ക കേൾക്കാതെ/കാണാതെ കൂട്ടുകാരൻ എന്റെ ചെവിയിൽ പറഞ്ഞു.
സൽക്കാരം ഒക്കെ കഴിഞ്ഞ് പോകാൻ നേരം മുറ്റത്തേക്കിറങ്ങിയപ്പോൾ അവിടെ ഒരു ഓട്ടോറിക്ഷ കിടക്കുന്നത് കണ്ടു. അതിന്റെ പിന്നിലെ കറുത്ത ഗ്ലാസ്സിൽ ഒരു ചുവപ്പ് നിറത്തിലുള്ള ഒരു മനുഷ്യൻ വെള്ള നിറത്തിലുള്ള ഒരാളുടെ നെഞ്ചിൽ തലകൊണ്ട് ഇടിക്കുന്ന ഒരു സ്റ്റിക്കർ ഉണ്ടായിരുന്നു.

'സിനദിൻ സിദാനും, മാർക്കോ മാറ്റരാസിയും'

മുറ്റത്തു വെച്ച് കൂട്ടുകാരൻ അയ്മൂട്ട്യാക്കക്ക് അഡ്വാൻസ് കൊടുത്തു.
ഓട്ടോയുടെ പിന്നിലെ സ്റ്റിക്കർ തടവി നിൽക്കുന്ന എന്നെയും സ്റ്റിക്കറും നോക്കി കാക്ക, "അതാരൊക്കെയാന്ന് എന്നറിയുമോ" എന്ന് ഞങ്ങൾ രണ്ടാളോടും ചോദിച്ചു.
'എന്തൊരൂള ചോദ്യം, അതറിയാത്ത ആൾക്കാരുണ്ടോ' എന്ന് മനസ്സിൽ വന്നെങ്കിലും, "പിന്നേ, സിദാനും മാറ്റരാസിയും, ആർക്കാ അറിയാത്തത്...??? കാക്ക ഫ്രാൻസ് ആരാധകൻ ആണോ" എന്ന് ഞാൻ തിരിച്ചു കാച്ചി.
അപ്പോൾ കാക്ക പറഞ്ഞു,
(മലപ്പുറം സ്ലാങ്ങിൽ ആണ് കാക്ക പറഞ്ഞത്, അത് അതുപോലെ എഴുതാൻ എനിക്ക് പറ്റാത്തത്തിൽ വിഷമമുണ്ട്)
"ഈ ഒരു സ്റ്റിക്കർ മലപ്പുറത്തെ പല ഓട്ടോറിക്ഷകളുടെയും പിന്നിൽ കാണാം, അതിന്റെ അർത്ഥം അവരെല്ലാം ഫ്രാൻസ് ആരാധകർ ആണെന്നല്ല. അവരൊക്കെ സ്വന്തം ഫാമിലിക്ക് അത്ര വില കൊടുക്കുന്നു എന്നാണ്. അതായത് വീട്ടിലുള്ളവരെ തൊട്ടാൽ/എന്തേലും പറഞ്ഞാൽ ഹമ്ക്കേ, അന്റെ നെഞ്ചുംകൂട് ഇടിച്ചു കലക്കും പന്നീ എന്നാണ് ആ സ്റ്റിക്കറിന്റെ അർത്ഥം".

ഞങ്ങൾക്ക് എല്ലാം മനസ്സിലായി....

ഇതൊക്കെ കേട്ട് മുട്ടബജ്ജി തൊണ്ട തൊടാതെ വിഴുങ്ങിയ കണക്ക് നിന്ന കൂട്ടുകാരനെ വിളിച്ചുകൊണ്ട് ഞാൻ കാറിൽ കയറി, കാക്കയോട് യാത്ര പറഞ്ഞ് ഇറങ്ങി.

പോകുന്ന വഴി കോട്ടക്കൽ വെച്ചു കിട്ടിയ ബ്ലോക്കിൽ മുന്നിലെ ഓട്ടോയുടെ പിന്നിലെ ഗ്ലാസ്സിലും സമാനമായ സ്റ്റിക്കർ കണ്ടു. അതു കണ്ടപ്പോൾ ഞാൻ അവനെ ചുമ്മാ ഒന്നു പാളിനോക്കി,
അവനും അതേ സ്റ്റിക്കർ തന്നെ നോക്കി ഇരിക്കുന്നു.

വളരെ മാന്യനായി, ഇപ്പോഴും അതേ വീട്ടിൽ അവൻ സകുടുംബം പാർക്കുന്നു,
ഒന്നോ രണ്ടോ ദിവസം നോമ്പും പിടിച്ചെന്നു കേട്ടു.

സ്റ്റിക്കറിന് പിന്നിലെ കഥ (അതറിയാത്തവർക്ക് വേണ്ടി):

2006 ലോകകപ്പ് ഫുട്‌ബോൾ ഫൈനലിൽ, കളിക്കിടെ തന്റെ ജേഴ്സിയിൽ പിടിച്ചുവലിച്ച ഇറ്റാലിയൻ സ്‌ട്രൈക്കർ മാർക്കോ മാറ്റരാസിയോട് ഫ്രാൻസിന്റെ താരം സിനദിൻ സിദാൻ ചിരിച്ചു പറഞ്ഞു:

"You can have it after the match".

മറുപടിയായി മാറ്റരാസി പറഞ്ഞത് പക്ഷേ കടുത്തുപോയി,

"I would prefer your whore sister".

ഒന്നും നോക്കിയില്ല, മാറ്റരാസിയുടെ നെഞ്ചുനോക്കി സിദാൻ കൊടുത്തൊരു ഹെഡ്ഡർ.

ശുഭം.

❤️

No comments:

Post a Comment