Sunday, June 5, 2022

മൈ കൂൾ കൂൾ മോം....

"മോനേ ഉമ്പോറ്റ്യമ്മ മരിച്ചു"
ഇതായിരുന്നു പത്തിരുപതു കൊല്ലം മുന്‍പുള്ള ആ ശിവരാത്രിദിവസം ഞാന്‍ ആദ്യം കേട്ട കേള്‍വി, മുഖത്ത് ഒരു ഭാവഭേദങ്ങളും കൂടാതെ എന്നോട് അതു പറഞ്ഞത് ഉമ്പോറ്റ്യമ്മയുടെ ഏറ്റവും ഇളയ മകള്‍, എന്‍റെ അമ്മ....

അമ്മ അന്നു പകല്‍ കരഞ്ഞതേയില്ല, ഞങ്ങള്‍ മൂന്നു മക്കളും മൂക്കിലെ രോമത്തില്‍ പോലും ദേഷ്യം ഉള്ള അച്ഛനും കാണാതെ, ആറു മാസത്തോളം കിടപ്പിലായിരുന്ന ഉമ്പോറ്റ്യമ്മയെ ഉറക്കമില്ലാതെ ശുശ്രൂഷിച്ചപ്പോള്‍ കരയാനുള്ളതെല്ലാം അമ്മ കരഞ്ഞുതീര്‍ത്തിട്ടുണ്ടാകണം....

മലമൂത്രങ്ങളുടെ നാറ്റം കൈയടക്കി വച്ച മുറിയിലേക്കു ഞാന്‍ ചെല്ലുമ്പോള്‍, ഉമ്പോറ്റ്യമ്മ പെടുത്തുതൂറിയ തുണികളും കിടക്കവിരികളും മാറ്റുകയായിരുന്നു അമ്മ.
അമ്മ കരയാത്തത് ഒരത്ഭുതമായി എനിക്കു തോന്നി.... എന്നത്തേയും പോലെ അന്നും അമ്മ തിരക്കിട്ട് ഓടിനടന്നു.....
കരഞ്ഞു നിലവിളിക്കുന്നവര്‍ക്കിടയിലൂടെ അമ്മ വെരുകിനെ പോലെ നടന്നു കാര്യങ്ങള്‍ നോക്കി നടത്തി....
പക്ഷേ വൈകീട്ട് ഉമ്പോറ്റ്യമ്മയെ പട്ടടയിലേക്കെടുക്കുമ്പോള്‍ അമ്മ പൊട്ടിക്കരഞ്ഞു, അച്ഛന്‍റെ മുറിയിലെ കട്ടിലില്‍ കമഴ്ന്നുകിടന്നു അമ്മ കരഞ്ഞു, അമ്മയുടെ കൂടെ ജോലി ചെയ്തവരും ബന്ധുക്കളും അടക്കം പത്തു പന്ത്രണ്ടോളം പേര്‍ ആ കട്ടിലിലിരുന്ന് അമ്മയെ ആശ്വസിപ്പിച്ചു......

ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് മൂത്ത ചേച്ചിയും അമ്മയുമൊത്തുള്ള ഒരു നാള്‍ ആ മരണദിവസം അമ്മ കാണിച്ച മനക്കട്ടിയെ പറ്റിയും വൈകീട്ട് മാത്രം അമ്മ കരഞ്ഞുപോയതിനെ പറ്റിയും ഞാന്‍ പറഞ്ഞപ്പോള്‍ ചേച്ചി എന്നോട് പറഞ്ഞു: "എടാ, അന്ന് കട്ടിലില്‍ കിടന്നു കരയുന്നതിനിടെ അമ്മ എന്നെ അടുത്തു വിളിച്ച് ഒരു കാര്യം പറഞ്ഞിരുന്നു, എന്താണെന്നോ, 'മോളേ ഇത്രയും പേരെ ഒന്നിച്ചു താങ്ങാന്‍ ഈ കട്ടിലിനു പറ്റില്ല, ഒടിഞ്ഞുപോകും, കുറച്ചുപേരെ എന്‍റെ പൊന്നുമോള്‍ ഒന്നു വിളിച്ചോണ്ടുപോ....' എന്ന്"

എന്‍റെ ചെല്ലമ്മക്കൊച്ചേ, എത്ര കൂളാണ് മാതാവേ നിങ്ങള്‍, ഈ കൂള്‍നെസ്സില്‍ കുറച്ച് ഈ വെപ്രാളിയായ മകനു തരാഞ്ഞതെന്തേ??

No comments:

Post a Comment