ഫവാനിച്ചേയി എന്റമ്മായി ആയിരുന്നു,
അമ്മാവൻ തെകഞ്ഞ കുടിയനാരുന്നു
വൈയ്യുന്നേരം പണി കഴിഞ്ഞ് വന്നാൽ
അമ്മാവന്റെ ഒരു കാല്
അമ്മായീടെ നെഞ്ചത്തും,
മറ്റേക്കാല്
അടിനാഭിക്കും ആരുന്നു.
അമ്മാവൻ ചാവുവോളം,
എല്ലാ രാത്രിയും,
അമ്മായി ചവിട്ടുകൊണ്ടു,
കേശു അളിയനെപ്പെറ്റന്ന്
ചവിട്ട് കൊണ്ടില്ല,
ശൂരനാട് സർക്കാരാശൂത്രീലാരുന്നു
പേറെടുപ്പ്.
പകല് കേശു ഉണ്ണിക്കാലിന് ചവിട്ടി,
രാത്രി അമ്മാവൻ മന്ത്കാലിന് ചവിട്ടി.
ഓർമ്മ തെളിഞ്ഞന്ന് തൊട്ട്
കേശുവും അറിഞ്ഞ് ചവിട്ടി,
ആഞ്ഞ് ചവിട്ടി.
അമ്മാവൻ ചത്തന്ന്
രാത്രി,
മാലോകര് പിരിഞ്ഞ് പോയപ്പം,
അമ്മായി,
നെല്ല് കുത്തി കൈപ്പതം വന്ന
ഉലക്ക നെലത്ത് കുത്തി
ചുടലയുടെ മുന്നിൽ നിന്നു.
വെന്തടർന്ന ഒടലെറച്ചി,
ശവം കത്തുന്ന മണം,
പുറമേക്കാൾ വേവ് ഉള്ളിൽ കൊണ്ട്
അമ്മായി നിന്നു.
ചാരം തെറിപ്പിച്ച്,
ചുടലക്കാലുകൾ പൊന്തി,
നെഞ്ചിന്നും നാഭിക്കും നേരെ
പൊന്തിയ കാലുകളെ
ഒലക്കക്ക് അടിച്ച്
അമ്മായി അലറി:
"ചത്തട്ടും നെനക്ക് ചവട്ടി
മതിയായില്ലേടാ മയിരേ"
❤️
No comments:
Post a Comment