Thursday, November 23, 2023

"ഹെർക്കുലീസ് എം.റ്റി.ബി ഡി.എക്സ്"

മുന്നോട്ട് പോകാനായി വട്ടത്തിൽ ചവിട്ടുമ്പോൾ,

ഈ വണ്ടി എന്റെ ഓർമ്മകളിലേക്ക് നീളത്തിൽ തിരിച്ചോടുന്നു,

ഹെർക്കുലീസ് എം.റ്റി.ബി ഡി.എക്സ്

പത്തുമണി ബെല്ലടിയുടെ ബാക്ക്ഗ്രൌണ്ട് മ്യൂസിക്കോടെ സ്‌കൂളിൻ്റെ മുറ്റത്തേക്ക്,

നാലുമണി ബെല്ലിനെ കടന്ന് പെമ്പിള്ളേർക്കിടയിലൂടെ,

ബെല്ലടിച്ചടിച്ച് അരിച്ചരിച്ച് ട്യൂട്ടോറിയൽ കുടുസ്സുമുറികളുടെ ചോക്കുപൊടി മണത്തിലേക്ക്,

ചിലദിവസങ്ങളിൽ ട്യൂട്ടോറി ക്ലാസുകൾ കട്ട് ചെയ്ത്

മൈതാനങ്ങളുടെ കളിയാരവങ്ങളിലേക്ക്,

കളികഴിഞ്ഞ് കൂട്ടരോടൊപ്പം നടത്തുന്ന മത്സരസൈക്കിളോട്ടങ്ങളിലേക്ക്,

അവന്റെ വളഞ്ഞ കൊമ്പുകളിൽ പിടിച്ചു ഞാൻ

എഴുന്നേറ്റുനിന്നു ചവിട്ടി കീഴടക്കിയ കയറ്റങ്ങളിലേക്ക്,

എന്റെയുമവന്റെയും 'കൈവിട്ട'യഭ്യാസങ്ങൾക്കു കൂട്ടുനിന്ന ഇറക്കങ്ങളിലേക്ക്,

കക്കിയ ചെയിൻവെച്ചിട്ടെട്ടിന്റെ പണിയെന്റെ കൈക്കിട്ടവൻ തന്ന

ആശുത്രിവാസങ്ങളുടെ അവധിദിവസങ്ങളിലേക്ക്,

ഒടുവിൽ,

അവളിലേക്ക്,

എന്റെ പ്രണയത്തിലേക്ക്....

അവളുടെ വീടിനു മുന്നിലൂടെ
പോകുമ്പോഴുള്ള പ്രത്യേകതാളത്തിലെ ബെല്ലടികളിലേക്ക്,

സ്കൂളിലെയക്കേഷ്യാമരങ്ങളുടെ തണലിലെ പ്രണയസല്ലാപങ്ങളിലേക്ക്,

അവൾ പോയ ദിവസം, അവന്റെ, എന്റെ സൈക്കിളിന്റെ മടിയിലിരുന്ന്,

ഞാൻ കരഞ്ഞുതീർത്ത കണ്ണീരോർമ്മകളിലേക്ക്..

അവൻ,

എന്റെ പ്രിയ ഹെർക്കുലീസ്,

അവൻ എന്നെയും പേറി പിന്നിലേക്ക് ഓടുകയാണ്....

No comments:

Post a Comment