ഇത് ഒരു റിവ്യൂ അല്ല....
ഒരു റിവ്യൂ പോലും കാണാതെ ആണ് റിലീസിന്റെ അന്ന് മഞ്ഞുമ്മൽ ബോയ്സ് കാണാൻ പോയത്.
സിനിമ കണ്ട് വന്ന ശേഷമുള്ള ദിവസങ്ങളിൽ ആണ് പടത്തെ സംബന്ധിച്ചുള്ള റിവ്യൂ & ഇന്റർവ്യൂ ഒക്കെ കണ്ടത്.
ആ കൂട്ടത്തിലാണ് തമിഴിലെ ഫിൽമിക്രാഫ്റ്റ് അരുണിന്റെ റിവ്യൂ കാണാൻ ഇടയായത്. സിനിമയിൽ 'കണ്മണി അൻപോട്' എന്ന ഇളയരാജ ഗാനം പ്ലേസ് ചെയ്തതിനെ കുറിച്ച് അരുൺ ഇങ്ങനെ പറയുന്നുണ്ട്:
"നമ്മൾ ഇതുവരെ കണ്ട ചിത്രങ്ങളിൽ ഏതെങ്കിലും ഒരു ടീക്കടയിലെ റേഡിയോയിൽ കേൾക്കുന്നതായോ, ആരുടെയെങ്കിലും മൊബൈൽ റിങ്ടോണായോ അതുമല്ലെങ്കിൽ പ്ലേലിസ്റ്റ് മ്യൂസിക് ആയോ സംവിധായകർ ഇളയരാജ ഗാനങ്ങൾ പ്ലേസ് ചെയ്യാറുണ്ട്.
അതിൽ നിന്ന് വ്യത്യസ്തമായി 'കണ്മണി' എന്ന പാട്ടിനെ കൃത്യമായി നമ്മുടെ നൊസ്റ്റാൾജിയയെ ഉണർത്തും വിധം മഞ്ഞുമ്മലിൽ ചില ഫ്രെയിമുകളോട് ബ്ലെൻഡ് ചെയ്തേക്കുന്നത് അടിപൊളിയാണ്"
സിനിമ കണ്ടിറങ്ങിയ ദിവസം മുതൽ ഞാനും 'കണ്മണിയെ' കുറിച്ചാണ് ആലോചിച്ചത്, പ്രത്യേകിച്ചും
'മനിതർ ഉണർന്ത്കൊള്ള ഇത് മനിതക്കാതൽ അല്ല,
അതെയും താണ്ടി പുനിതമാനത്... "
എന്ന വരികൾ...
സിനിമയിലെ ക്ലൈമാക്സ് സീനിനോട് ചേർന്ന് ആ വരികൾ കേൾക്കുമ്പോൾ വാലി എന്ന മഹാനായ ഗാനരചയിതാവ് അത് ഈ സിനിമക്ക് വേണ്ടി കാലങ്ങൾക്ക് മുന്നേ എഴുതി വെച്ചതാണോ എന്ന് തോന്നിപ്പോയി....
Yes, it's pre-written...
ഒന്നാലോചിച്ചു നോക്കിക്കേ....
ഗുണാ സിനിമയിൽ കമൽ ഹാസൻ കഥാപാത്രത്തിന്റെ അതിതീവ്രമായ "പ്രണയത്തെ" സൂചിപ്പിക്കാനായി ചിത്രീകരിച്ച ഗാനരംഗത്തിനായി എഴുതപ്പെട്ട വരികൾ....
ആ സിനിമയും, അതിലെ മേൽപ്പറഞ്ഞ ഗാനരംഗവും എല്ലാം കണ്ട് ഇൻസ്പയർ ആയി അത് ഷൂട്ട് ചെയ്ത സ്ഥലം കാണാൻ പോയ ഒരുപറ്റം കൂട്ടുകാർ, അവരിൽ ഒരുവൻ അതേ സ്ഥലത്ത് വെച്ച് തന്നെ അപകടത്തിൽ പെടുന്നു, അവനെ മരണത്തിന് വിട്ടു കൊടുക്കാൻ തയ്യാറാകാത്ത അവന്റെ സുഹൃത്തുക്കൾ അവനെ അവിടുന്ന് ജീവൻ പണയപ്പെടുത്തി രക്ഷിച്ചെടുക്കുന്നു....
ഈ സംഭവം അധികരിച്ച് വർഷങ്ങൾക്ക് ശേഷം വന്ന ഒരു സിനിമയിൽ പ്രണയത്തേക്കാളും ഏറെ മുകളിൽ നിൽക്കുന്ന "സൗഹൃദത്തെ" സൂചിപ്പിക്കുവാൻ അതേ വരികൾ തന്നെ ഉപയോഗിക്കപ്പെടുന്നു....
കേവിന്റെ ആഴങ്ങളിൽ നിന്നും കുട്ടനും അയാൾക്കൊപ്പം സുഭാഷും പുറത്തേക്ക് എത്തുന്നതിനൊപ്പം ആ വരികളും 'ഗുണാ' എന്ന സിനിമയിലെ പ്രണയത്തിന്റെ ഫ്രെയിമുകളിൽ നിന്നും എലിവേറ്റ് ചെയ്യപ്പെട്ട് കുറേകൂടി അർത്ഥവത്തായ തലത്തിലേക്ക് എത്തിപ്പെടുന്നതായും ഒടുവിൽ അത് അനിവാര്യമായ ഒരു പൂർണ്ണത കൈവരിക്കുന്നതായും എനിക്ക് അനുഭവപ്പെട്ടു.
വല്ലാത്തൊരു മാജിക് അവിടെ പ്രവർത്തിച്ച പോലെ...
സിനിമയിൽ ഒരു സീനിൽ, "മുകളിൽ നിന്ന് വരുന്ന വെളിച്ചം, ഒരുപക്ഷേ അതും ദൈവമാകാം" എന്ന് പറയുന്നുണ്ട്, ഒരുപക്ഷേ അതേ ദൈവം കാലങ്ങൾക്ക് മുന്നേ എഴുതിക്കൂട്ടിയ തിരക്കഥയിലെ സീൻ പോലെ ആ ക്ലൈമാക്സും അതിൽ ബ്ലെൻഡ് ചെയ്യപ്പെട്ട ഈ വരികളും എന്റെ മനസ്സിൽ റീൽ ചെയ്തുകൊണ്ടേയിരിക്കുന്നു......
"മനിതർ ഉണർന്ത്കൊള്ള ഇത് മനിതക്കാതൽ അല്ല,
അതെയും താണ്ടി പുനിതമാനത്..."
❤️
No comments:
Post a Comment