വിലപേശി സാധങ്ങൾ വാങ്ങുക എന്നത് എനിക്ക് തീരെ വർക്ക് ആകാത്ത തന്ത്രം ആണ്.
സാധനങ്ങൾ ഒക്കെ വാങ്ങി വില ഉറപ്പിക്കുന്ന ഘട്ടം എത്തുമ്പോഴേക്കും ഞാൻ ഒരു വില "പേശ മുടിയാത മനിതൻ" ആയി മാറും.
അത് compensate ചെയ്യാനെന്നോണം കൂടെയുള്ള സ്ത്രീജനം മിടുക്കി ആണ്. എന്തും വിലപേശി ആദായം നോക്കി മാത്രേ വാങ്ങൂ...
ഇന്നലെ, അറിയാത്ത ഭാഷ സംസാരിക്കുന്ന യെമനിയോട് എന്തൊക്കെയോ മലയാളത്തിലും അൽപ്പം അറബിയും ഒക്കെ കൂട്ടിച്ചേർത്ത് അവൾ വിജയകമായി വിലപേശി സാധനം വാങ്ങുന്നത് കണ്ടപ്പോൾ പണ്ട് ഉണ്ടായ
വിലപേശൽ സംബന്ധിച്ച രണ്ട് കഥകൾ ഓർമ്മ വന്നു....
രണ്ട് കഥകളും നടക്കുന്നത് 2005-06 കാലത്താണ്, ഭൂമിക ബാംഗ്ലൂർ ആണ്.
1. ബാർഗയിൻ 'മാസ്റ്റർ'.
നഴ്സിംഗ് പഠിക്കാൻ ബാംഗ്ലൂർ എത്തിയ വർഷം.
കോളേജിൽ പോകണമെങ്കിൽ ബ്ലാക്ക് ഷൂസ് വേണം, കുറച്ച് പേർ മാത്രമേ നാട്ടിൽ നിന്ന് അത് കൊണ്ടുവന്നുള്ളൂ
ഷൂസ് വാങ്ങാനായി എല്ലാരും കൂടി മജെസ്റ്റിക് പോകുന്നു.
പല കടകൾ തപ്പി വിലപേശി അങ്ങനെ മുന്നോട്ട് പോകുന്ന വഴി, തരക്കേടില്ലാത്ത സാധനം bulk ആയി വിലകുറച്ചു കിട്ടും എന്ന് തോന്നിയ ഒരിടത്ത് നിന്ന് പേശൽ തുടങ്ങുന്നു.
മജെസ്റ്റിക്'ൽ കടക്കാർ പറയുന്ന വിലയുടെ നാലിലൊന്ന് പറയണം എന്ന് സീനിയർ ചേട്ടന്മാർ പറഞ്ഞു തന്നിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ പേശാൻ മിടുക്കുള്ള അളിയന്മാർ കടക്കാർ പറഞ്ഞ പറഞ്ഞ വിലയുടെ നാലിലൊന്നിൽ തൊട്ട് തുടങ്ങി.
(2000 പറയുന്നു, 500'ന് കിട്ടുമോന്ന് നമ്മുടെ ഡിമാൻഡ്)
പേശി പേശി 1800, 1500, 1300 വരെ എത്തി, അവിടെ കടക്കാരൻ "പുഷ്പ" ആയി...
ഇനി താഴത്തില്ല....
വീണ്ടും പേശി,
താഴത്തില്ലെന്ന് പുള്ളി കട്ടായം പറഞ്ഞു.
അതുവരെ മുന്നിൽ നിന്ന് "പേശൽ പട" നയിച്ച ഒരു അളിയൻ ഇതിനിടെ നിരന്തരമായ ഈ പേശലിൽ മനം മടുത്ത് ഷോപ്പിന് പുറത്തേക്ക് പോയി...
Bulk ഓർഡർ ആയതുകൊണ്ട് കൂടി കടക്കാരനോട് കൂടുതൽ bargain ചെയ്യാൻ ബാക്കി ഉള്ളവർ തീരുമാനിച്ചു.
അങ്ങനെ അരമുക്കാൽ മണിക്കൂർ അവർ പറഞ്ഞ് പറഞ്ഞ് വില ഒടുക്കം 750'ൽ എത്തിച്ചു.
കടക്കാരനും കബൂൽ പറഞ്ഞ് പാക്ക് ചെയ്യാൻ ഒരുങ്ങുമ്പോ പുറത്തേക്ക് പോയ അളിയൻ വിലപേശൽ ഇനിയും തീർന്നില്ല എന്ന് കരുതി ദേഷ്യത്തിൽ തിരിച്ചുവന്ന് പറഞ്ഞു,
"ലാസ്റ്റ് വില, 1000 രൂപ, അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല."
ഇത് കേൾക്കേണ്ട താമസം, കടക്കാരൻ വില വീണ്ടും പൊക്കി 1000'ൽ എത്തിച്ചു.
ഇനിയും താഴ്ത്തി പേശാൻ നിന്നാൽ അവൻ അപ്പുറമിപ്പുറം ഉള്ള കന്നഡക്കാരെ ഒക്കെ വിളിച്ച് നമ്മളെ തല്ലിക്കും എന്ന് ഉറപ്പുള്ളായിരുന്നത് കൊണ്ട് ആ "ലാസ്റ്റ് വില" കൊടുത്ത് സാധനം വാങ്ങി എല്ലാരും പോന്നു.
😆
2. ബാർഗയിൻ മാസ്സ് സ്റ്റാർ.
ഇതും നടക്കുന്നത് മജെസ്റ്റിക് വെച്ച് തന്നെ.
ഞങ്ങളുടെ ആദ്യവർഷം തന്നെ കോളേജും ഹോസ്റ്റലും വേറെ ബിൽഡിങ്ങിലേക്ക് മാറിയത് (അത് ഒരു വലിയ കഥ ആണ്, പിന്നൊരിക്കൽ പറയാം) കൊണ്ട് പുതിയ ഹോസ്റ്റലിലേക്ക് വേണ്ട അത്യാവശ്യം സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയ ഞങ്ങൾ ആറംഗ സംഘം.
ഈരണ്ട് പേരായി പിരിഞ്ഞു സാധനം വാങ്ങാമെന്ന പ്ലാനിൽ പലവഴിക്കായി തിരിയുന്നു.
ഞാനും അജ്മൽ അളിയനും ആണ് ഒരു ടീം.
കുറേ എന്തൊക്കെയോ വാങ്ങുന്ന കൂട്ടത്തിൽ അജൂക്ക പറഞ്ഞു അവന് ഒരു എഫ്.എം വാങ്ങണം എന്ന്.
അന്ന് ബാംഗ്ലൂർ എഫ്.എം തരംഗം ആണ്. എല്ലാവരുടെയും ചെവിയിൽ കാണും ഇയർഫോണും കയ്യിൽ തീപ്പെട്ടിക്കൂട് വലിപ്പത്തിലൊരു എഫ്.എം ട്രാൻസിസ്റ്ററും.
Anyways, പണ്ട് സീനിയേഴ്‌സ് പഠിപ്പിച്ച പാഠം ഇവിടെയും implement ചെയ്യുന്നു.
ഒരു കുഞ്ഞാമണിക്കാ എഫ്.എമ്മിന് 1000 പറഞ്ഞ കന്നഡക്കാരൻ കടക്കാരനോട്, തമിഴും ഇംഗ്ലീഷും ഒക്കെ കൂട്ടിച്ചേർത്ത് 250 രൂപ മുതൽ അജൂക്ക പേശി തുടങ്ങി, 300'ൽ ഏറെക്കുറെ ഉറപ്പിച്ചു.
ഒരു രസത്തിന് വില ഉറപ്പിച്ച ഐറ്റത്തിന് മുകളിൽ ഞാൻ എന്റെ "സ്വൽപ്പ സ്വൽപ്പ കന്നഡ" വെച്ചോന്ന് ഒന്ന് കളിച്ചു നോക്കി,
"200 രൂപെഗെ കൊട ബഹുദാ അണ്ണേ.."
ഞാൻ അതിന് മുൻപ് കേട്ടിട്ടില്ലാത്ത "പളാർ" എന്നൊരു ശബ്ദം അന്നാദ്യമായി ഞാൻ കേട്ടു.
അതിന്റ കൃത്യമായ അർത്ഥം എന്തെന്ന് നിർവചിച്ചെടുക്കാൻ ഇടതടവില്ലാതെ എന്റെ തലക്ക് ചുറ്റും കറങ്ങിക്കൊണ്ടിരുന്ന ഈച്ചകൾ, അതും പൊന്നീച്ചകൾ എന്നെ തീരെ സമ്മതിക്കുന്നുണ്ടായിരുന്നില്ല...
വെടി പൊട്ടുന്നത് പോലെയോ മറ്റോ ഉള്ള ഒരു ശബ്ദവീചി ആണത്.
തലയുടെ തരിപ്പ് ഒന്ന് മാറി ഞാൻ തലപൊക്കി നോക്കുമ്പോൾ കാണുന്നത് ആ എഫ്.എം കച്ചവടക്കാരനെ ഒരു കൈ കൊണ്ട് കഴുത്തിന് പിടിച്ച് പൊക്കി മറ്റേ കൈ കൊണ്ട് ചെവിക്കുറ്റിക്ക് തേമ്പി മറ്റേ വാക്കിന്റെ അർത്ഥം അയാൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാൻ ശ്രമിക്കുന്ന അജൂക്കയെ ആണ്.
ഇടക്ക് "ചെറുക്കനെ തൊടുന്നോടാ" എന്ന് ചോദിക്കുന്നതും കേൾക്കാമായിരുന്നു...
അപ്പോഴേക്കും അപ്പുറത്ത് നിന്നും ഓടിവന്ന മലയാളികളായ കുറച്ച് കടക്കാർ ഞങ്ങളോട് സ്കൂട്ടായിക്കോളാൻ പറഞ്ഞ് അവിടുന്ന് രക്ഷിച്ചു.
അല്ലേൽ അന്ന് ഞങ്ങൾ അടികൊണ്ട് ചുരുണ്ടേനേ...
സിനിമയിൽ പല മാസ്സ് സീനുകളും കണ്ടിട്ടുണ്ടെങ്കിലും ഞങ്ങടെ അജൂക്കയോളം മാസ്സ് പിന്നെ ഞാൻ ഒരിടത്തും നേരിൽ കണ്ടിട്ടില്ല....
(ഇന്നും വിലപേശുന്ന കാര്യത്തിൽ എനിക്കുള്ള inhibition രണ്ടാമത്തെ സംഭവത്തിന്റെ impact ആണെന്നാണ് എന്റെയൊരു കണക്കുകൂട്ടൽ...)
😊
No comments:
Post a Comment