Saturday, November 9, 2024

പ്രഭുവേ പ്രകാശിതനേ...

ചില പാട്ടുകൾ അങ്ങനെയാണ്,
കേട്ടാൽ അറിയാണ്ട് നമ്മുടെ കണ്ണിൽ നിന്ന് കണ്ണുനീർ അങ്ങനേ ഒഴുകിക്കൊണ്ടിരിക്കും.
ഈ പാട്ട്,
"പ്രഭുവേ പ്രകാശിതനേ,
പ്രിയരേവരും വരവായ്"
എന്ന ഭക്തിഗാനം കേൾക്കുമ്പോൾ എനിക്കും അങ്ങനെയാണ്,
കണ്ണ് നിറഞ്ഞൊഴുകും, ഒഴുകിക്കൊണ്ടേയിരിക്കും.
അതുപക്ഷേ, ഈ പാട്ടിൽ അടക്കം ചെയ്ത ഭക്തിയിൽ ആറാടിയതിനാൽ ഒന്നുമല്ല, ഒരുകാലത്ത് ഞങ്ങളൊരഞ്ചുപേർ അടങ്ങുന്ന ചങ്ങാതിക്കൂട്ടത്തിന്റെ വൈകുന്നേരചര്യകൾക്ക് സ്ഥിരം തീം സോങ്ങ് ആയിരുന്നു 'പ്രഭുവേ പ്രകാശിതനേ'.

ഒന്നരരണ്ട് കൊല്ലം മുൻപേ,
അഞ്ചിൽ മൂന്നുപേർ പണിയില്ലാതെയും രണ്ടുപേർ പേരിനൊരു പണിയുമായും, ചാക്കോച്ചൻ വാടകക്ക് എടുക്കുകയും, അവൻ തന്നെ വാടക കൊടുക്കുകയും ചെയ്തിരുന്ന ഒരു വെളുത്ത വാഗണാറിലും, ഒരു ആഷ് കളർ സ്വിഫ്റ്റിലുമായി തേരാപാരാ പോരുവഴിദേശം മുഴുവൻ  കറങ്ങുന്ന കാലം.
രാവിലെ മുതൽ വൈകീട്ട് വരെ ഫാമിലിക്ക് വേണ്ടി ഓടുന്ന കാറുകൾ രാത്രിയിൽ ഒരു ചിന്ന ബാർ സെറ്റപ്പിലേക്ക് മാറുന്നു.
ഒപ്പം പെൻഡ്രൈവിൽ സേവ് ചെയ്ത "പ്രഭുവേ പ്രകാശിതനേ" കാർ സ്റ്റീരിയോയിൽ പാടിത്തുടങ്ങുന്നു.

കൂട്ടത്തിൽ ഒരുത്തന്റെ കല്യാണപ്പിറ്റേന്ന്, 'കൊങ്ങാക്ക് പിടിവീണല്ലോടാ' എന്നുപറഞ്ഞുള്ള അവന്റെ വിഷമം മാറ്റാൻ ഒന്നരക്കുപ്പി മാജിക് മൊമെന്റസിനൊപ്പം ചക്കോളി മുതൽ പുനലൂർ വരെയും,
തിരിച്ച് വരുംവഴി കൊട്ടാരക്കരേന്ന് വീണ്ടുമൊരു കുപ്പിക്കൊപ്പവും "പ്രഭുവേ" സ്റ്റീരിയോയിൽ പാടി ആർമാദിച്ചു.

പലപ്പോഴും കോട്ടേലെ വിജയാ ബാറിന്റെ പിന്നിലെ കോമ്പൗണ്ടിൽ 'ഭക്ത്യാദരാൽ കാറിന്നരികിൽ' ('ഭക്ത്യാദരാൽ ഖബറിന്നരികിൽ' എന്ന് പാട്ടിലെ വരി) നിന്ന് ഹോട്ടും, ബിയറും, കുതിരക്ക് കൊടുക്കുന്നതും, മാട്ടയും ഒക്കെ മാറി മാറി അടിച്ചു കപ്പാസിറ്റി അളന്നു.
പാട്ടിന്റെ പശ്ചാത്തലത്തിൽ കിടന്ന് തല്ലുണ്ടാക്കി, അങ്ങോട്ടും ഇങ്ങോട്ടും കലിച്ചു മിണ്ടാതിരുന്നു, വീണ്ടും പിണക്കം മാറി കെട്ടിപ്പിടിച്ചു, അപ്പോഴും കാർ അനുസ്യൂതം ഞങ്ങളുടെ തീംസോങ് പാടി, കുപ്പിഗ്ലാസ്സിന്റെ ചിയേഴ്സ് താളം അതിനൊപ്പം ചേർന്നു.

കഴിഞ്ഞയാഴ്ച പരുമല പദയാത്ര ആരുന്നു,
രാവിലെ മാവേലിക്കരയിലെ ഒരു ബേക്കറിയിൽ ഇരുന്നു രാവിലത്തെ ക്വാട്ട കാപ്പി കുടിക്കുന്ന നേരത്ത് പലയിടങ്ങളിൽ നിന്നുള്ള പദയാത്രികർ മാവേലിക്കര ജംഗ്‌ഷനിലൂടെ കടന്നുപോയി, ഒപ്പം ഞങ്ങളുടെ സ്വന്തം 'പ്രഭുവേ പ്രകാശിതനേ' തീർത്ഥാടകരുടെയും, വഴിയിൽ നിന്നവരുടെയും, എന്റെയും കാതുകൾ വഴി പദയാത്ര നടത്തുന്നുണ്ടായിരുന്നു.
അപ്പോൾ തന്നെ ചാക്കോക്ക് ആ പാട്ട് അയച്ചുതരാൻ പറഞ്ഞു വാട്ട്സാപ്പിൽ മെസേജ് വിട്ടു,
അവൻ അയച്ചുതന്നു.
അതെത്രയാവർത്തി കേട്ടു എന്നറിയില്ല.
വൈകുന്നേരം വരെയും അതങ്ങനെ തുടർന്നു.

വൈകീട്ട് ഒരേഴുമണി കഴിഞ്ഞപ്പോഴേക്കും കാര്യങ്ങൾ കയ്യിന്ന് പോയി, ശരിക്കും പിടിവിട്ടുപോയി,
പാട്ടു കേൾക്കെ കേൾക്കെ കരഞ്ഞുകരഞ്ഞൊരു പരുവമായി.
എന്നിട്ടും കേട്ടു,
അങ്ങനേ അങ്ങുറങ്ങിപ്പോയി.....
ഉറക്കത്തിൽ, അഞ്ചുപേരെയും പേറി ഹെഡ്‌ലൈറ്റ് കത്തിച്ചു പായുന്ന വാഗൺആർ ഉച്ചത്തിൽ പാടുന്നുണ്ട്,
"പ്രഭുവേ പ്രകാശിതനേ,
പ്രിയരേവരും വരവായ്"

ഞാൻ കേൾക്കുന്നുണ്ട്.....

(* 'പ്രഭുവേ പ്രകാശിതനേ' എന്ന ഗാനം പരുമല തിരുമേനിയെ സ്തുതിച്ചുകൊണ്ടുള്ള ഒരു ഭക്തിഗാനം ആണ്.)

Friday, September 13, 2024

ഉരലിസം - ദി മോസ്റ്റ്‌ ക്ളീഷേഡ് കവിത ഓഫ് ദി ഇയർ.

"ഒരുമയുണ്ടെങ്കിൽ
ഒലക്കമേലും കിടക്കാം"
എന്ന മംഗല്യസൂക്തം
(നമ്മുടെ നാട്ടിലാണത് പഴഞ്ചൊല്ല്,
അവര്രെ നാട്ടിലത് മംഗല്യസൂക്തമാണ്.)
മൂന്ന് വട്ടം ഉരുവിട്ടുകൊണ്ടാണ് 
ഉരലുമൊലക്കയും
അവരുടെ ദാമ്പത്യത്തിലേക്ക്
'കോലെ'ടുത്തു വെച്ചത്.

കെട്ടൊക്കെ കഴിഞ്ഞ്,
ഒലക്കയുടെ മേൽ കിടക്കാനായി
പ്രണയത്തോടെ ചെന്ന 
ഉരലിന്,
ചെന്ന് കേറിയ നാള് തൊട്ട്,
കിടക്കപ്പൊറുതിയും
ഇരിക്കപ്പൊറുതിയും കിട്ടിയില്ല,
ഇടി,
ഇടിയോടിടി,
വലത്തും ഇടത്തും,
ചാഞ്ഞും ചരിഞ്ഞും,
ഉയർന്നും താഴ്ന്നും,
ഇടി തന്നെ ഇടി,
പിന്നെ,
തരാതരത്തിന് കുത്തും.
ഇടികൊണ്ട് ഇടികൊണ്ട്
ഉരലിന് മതിയായി.

ഒടുക്കമൊരുദിവസം,

"ഒരുമയും വേണ്ട,
ഒരുമയിരും വേണ്ട,
തൊയ്ര്യം മാത്രം മതി"
എന്നുറക്കെ പ്രഖ്യാപിച്ച് 
ഉരല് സ്വാതന്ത്ര്യത്തിലേക്ക്
ഉരുണ്ടുരുണ്ട് പോയ ദിവസം,
അവരുടെ ലോകത്ത്
ഉരലിസത്തിന് തുടക്കമായി...

എനിക്ക് പറയാം,
എന്റെ കവിതയിലെ ഉരലാണ് 
അതിന് തുടക്കം കുറിച്ചത്...

❤️

Thursday, September 5, 2024

കാരസ്ക്കരത്തിൻ കുരു പാലിലിട്ടാൽ.......

“കാരസ്ക്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പ്പ് ശമിപ്പതുണ്ടോ..??”

എന്ന് ആദ്യം കേട്ടത് അമ്മ പറഞ്ഞാണ്.
അമ്മ ടീച്ചർ ആണ്, റിട്ടയർ ആയി.
അമ്മ ഇടയ്ക്കിടെ ഇങ്ങനെ ഓരോ വരികൾ പറയും.
"ജംബൂഫലാനി പക്വാനി"യും,
"മാലതീമലർ ചേർന്നോരു" പോലെയുള്ള വരികളും ചൊല്ലുകളുമൊക്കെ അമ്മ പറഞ്ഞാണ് ഞാൻ പഠിച്ചത്.

എന്നാൽ മേലേ ആദ്യം പറഞ്ഞ കുഞ്ചൻ നമ്പ്യാരുടെ വരികൾ, കഴിഞ്ഞ കൊല്ലം അധ്യാപകദിനത്തിൽ അമ്മയെ ഫോൺ ചെയ്തിട്ട് പണ്ടത്തെ ഒരു കയ്പ്പേറിയ ടീച്ചറോർമ്മ അമ്മയോട് പങ്കുവെച്ചപ്പോൾ പുള്ളിക്കാരി ഒന്നൂടെ ആവർത്തിച്ചു.
അന്ന് എഫ്ബിയിൽ അത്രകണ്ട് ആക്റ്റീവ് അല്ലാതിരുന്ന ഒരു കാലമായിരുന്നത് കൊണ്ട് എഴുതാൻ വിട്ടു.
ഇക്കൊല്ലം അമ്മയെ വിളിച്ചപ്പോൾ അത്‌ വീണ്ടും ഓർത്തു,
അതുകൊണ്ട് എഴുതുന്നു.

ആ ഓർമ്മ പറയാം.

എന്നെ പഠിപ്പിച്ച ഒരുവിധം ടീച്ചർമാരെ ഒക്കെ - കെ.ജി മുതൽ ഇക്കണ്ട പ്രൊമെട്രിക്കും, OET'യും അടക്കം പഠിപ്പിച്ച ടീച്ചർമാരെ - എനിക്ക് ഇഷ്ടമാണ്.
എന്നാൽ,
ഒരു ടീച്ചറോട്,
ഒരേയൊരാളോട് എന്റെ മനസ്സിൽ ഇപ്പോഴും ഒരു അകൽച്ച ഉണ്ട്.

ചെറിയ ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ്,
പ്രസ്തുത ടീച്ചർക്ക് പൊതുവിൽ കുട്ടികളോടുള്ള സ്ഥായീഭാവം ഒരുതരം പുച്ഛം ആയിരുന്നു, പ്രത്യേകിച്ച് എന്നോട് അതിന്റെ ഡിഗ്രി ഇത്തിരി കൂടുതൽ ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
എനിക്ക് ധാരാളം കളിയാക്കൽ പുള്ളിക്കാരിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.
പലതും ഇപ്പോൾ ഞാൻ ഓർക്കുന്നില്ല,

ഒന്നൊഴികെ...

സ്കൂളിൽ ആനിവേഴ്സറി അനുബന്ധിച്ച് കുട്ടികളുടെ ഒരു നാടകം അവതരിപ്പിക്കാൻ ഉള്ള തീരുമാനം ഉണ്ടാകുന്നു.
മേൽനോട്ടം മേൽപ്പറഞ്ഞ ടീച്ചറിന് ആയിരുന്നു.
നാടകത്തിൽ അഭിനയിക്കാൻ താല്പര്യം ഉള്ളവർ ഉച്ചക്കത്തെ ഇന്റർവെൽ സമയത്ത് ടീച്ചറെ പോയി കാണാൻ പറഞ്ഞു.
ഞാൻ നാടകത്തിൽ അഭിനയിക്കാൻ കച്ചമുറുക്കി ഇറങ്ങി.

അതിന് രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നു,
അഭിനയിക്കാൻ ഉള്ള ഇഷ്ടം രണ്ടാമത്തെ കാരണം ആയിരുന്നു,
അക്കാലത്ത് തന്നെ, ആ കൊച്ചു പ്രായത്തിൽ തന്നെ എനിക്ക് ഒരു ഇഷ്ടം ഉണ്ടായിരുന്നു,
എന്റെ ആദ്യ പ്രണയം,
അവൾ ആ നാടകത്തിൽ നായികയായി എതിരാളികൾ ഇല്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
അവൾക്കൊപ്പം അഭിനയിക്കാൻ കഴിയും എന്നുള്ളതായിരുന്നു ആദ്യകാരണം.

ഉച്ചക്ക് ടീച്ചറുടെ "കാസ്റ്റിംഗ് പ്രോസസ്സ്" നടക്കുന്ന വിശാലമായ വരാന്തയിൽ ചെന്നപ്പോൾ സ്കൂളിലെ സകല ടീച്ചർമാരും, PTA ടീംസും, അഭിനയമോഹവുമായി വന്ന അഞ്ചുപത്ത് എന്നെപ്പോലെ ഉള്ള കുട്ടികളും അടക്കം ഒരു ചെറിയ പടക്ക് ഉള്ള ആൾ ഉണ്ട് അവിടെ.
ഞാൻ അഭിനയമോഹം അറിയിച്ചപ്പോൾ ടീച്ചർ അൽപ്പം പരിഹാസത്തോടെ തന്നെ ചോദിച്ചു,
"ങാഹാ, ഇയാൾ അഭിനയിക്കാൻ വന്നതാണോ..??
ഏത് റോൾ ആണ് നിനക്ക് വേണ്ടത്...??"

നാടകത്തിൽ ഏതൊക്കെ ക്യാരക്ടർ ആണ് ഉള്ളത് എന്ന് എനിക്കറിയില്ലല്ലോ.
എന്റെ പരുങ്ങിനിൽപ്പ് കണ്ടിട്ട് പുള്ളിക്കാരി ചോദിച്ചു,
"ഡോക്ടർ, ഐ.പി. എസ് പോലീസ് ഓഫിസർ, വേലക്കാരൻ, വക്കീൽ, കളക്ടർ.
ഇതിൽ ഏത് റോൾ ആണ് നിനക്ക് വേണ്ടത്..??"

കൊച്ചുപ്രായത്തിൽ ഒക്കെ നമ്മുടെ ഹീറോ പലപ്പോഴും സിനിമകളിൽ പോലീസുകാരനായി വരുന്ന ഒരു നായകൻ ആയിരിക്കും,
എന്റെയും.

"ഐ.പി.എസ് ഓഫീസർ"
ഞാൻ പറഞ്ഞു.

"ങാഹാ, ചെറിയ റോളൊന്നും പോരാ അല്ലിയോ, പോലീസുകാരന്റെ റോൾ തന്നെ വേണം.
എന്നാലേ,
ഈ നാടകത്തിൽ അങ്ങനെ ഒരു റോളില്ല,
അതുകൊണ്ട് നിനക്കും ഈ നാടകത്തിൽ റോളൊന്നും ഇല്ല,
നീ പൊക്കോ,
അയാക്ക് കൊമ്പത്തെ റോൾ വേണം പോലും"

അവിടെ ഉള്ളവരിൽ ഏറെ പേരും ഇതുകേട്ട് അങ്ങോട്ട്‌ ചിരിയും തുടങ്ങി.
ആൾക്കൂട്ടത്തിൽ തനിച്ചായ അവസ്ഥ.
എല്ലാവരുടെയും മുന്നിൽ ഞാൻ നാണംകെട്ടു,
പ്രത്യേകിച്ച് അവൾക്ക് മുന്നിൽ.
മനസ്സ് നല്ലോം മുറിഞ്ഞു.
വീട്ടിൽ പോയി കുറേ കരഞ്ഞു.
വീടിനടുത്തുള്ള കുടുംബഅമ്പലത്തിൽ പോയിരുന്ന് കരഞ്ഞതൊക്കെ എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്.

പിന്നീട് ആ ടീച്ചറെ പലയിടത്തും വെച്ച് ഞാൻ കണ്ടു.
ഒരക്ഷരം ഞാൻ സംസാരിച്ചിട്ടില്ല.
പലപ്പോഴും കാണാൻ ഇടയായ അവസരങ്ങളിൽ ഒക്കെ ഞാൻ ഒഴിഞ്ഞുപോയി.
ടീച്ചറെ കാണുമ്പോൾ ഒക്കെ എനിക്ക് ഉള്ളിൽ ഒരു നെഗറ്റീവ് ഫീൽ വന്ന് കുമിഞ്ഞുകൂടും,
"ഒരു ടീച്ചർ എങ്ങനെ ആകരുത്" എന്ന സ്റ്റേറ്റ്മെന്റ് പലപ്പോഴും എന്റെ ഉള്ളിൽ pop-up ചെയ്യും.
ടീച്ചറുടെ രണ്ട് മക്കളെയും ഒരിടക്ക് വരെ ഞാൻ കണ്ടിരുന്നു.
അവരോട് സംസാരിക്കാറുണ്ട്.
അവരോട് എന്തിന് അകലം...??

അന്നത്തെ എന്റെ പ്രണയിനി കാലാന്തരേ ഒരു ടീച്ചർ ആയി,
അവളോട്‌ കുറേക്കാലം മുന്നേ ഈ സംഭവം ഓർമ്മിച്ചു പറഞ്ഞു കുറേനേരം സംസാരിച്ചു.
ഒടുവിൽ അവളോട്,
"ഈ സംഭവം കേൾക്കുന്നവർക്ക് ഒരുപക്ഷേ, ഇതൊരു ചെറിയ ഇഷ്യൂ അല്ലേ എന്ന് തോന്നാം,
പക്ഷേ,
അന്ന്,
ആ കുഞ്ഞുപ്രായത്തിൽ,
എന്റെ മനസ്സ് മുറിഞ്ഞുപോയ ആ സംഭവം ഒരു വിഷ്വൽ പോലും മങ്ങലേൽക്കാതതെ സീൻ ബൈ സീൻ, ഡയലോഗ് ബൈ ഡയലോഗ് ഞാൻ ഇന്നും ഓർത്തിരിക്കുന്നു എന്നുള്ളതും, ആ ടീച്ചറോട് എനിക്ക് ഇന്നും മാനസികമായി അകൽച്ചയുണ്ട് എന്നതും ആണ് കേൾക്കുന്നവർക്ക് തോന്നുന്ന നിസ്സാരത അല്ല ആ വിഷയത്തിനുള്ളത് എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവ്.
അതുകൊണ്ട്,
ഒരു നീ ഒരിക്കലും അത്തരമൊരു സമീപനം കുട്ടികളോട് കാണിക്കരുത്, നിന്നെക്കുറിച്ച് പിന്നീടൊരു കാലത്ത് കുട്ടികൾ ഓർക്കുമ്പോൾ അവർക്കുള്ളിൽ ആദ്യം വരുന്ന ഓർമ്മ ഇങ്ങനെ കയ്പ്പേറിയ ഒന്നാകരുത്" എന്ന് പറഞ്ഞുവെച്ചു.

കാരണം,

"Man is part DNA,
Part unknown,
And,
Part what he sees and goes through as a child"
എന്നാണല്ലോ.

❤️💔

Monday, July 29, 2024

അപ്പൂട്ടി ❤️

എന്നോട് ഒന്നും മിണ്ടാതേം പറയാതേം കഴിഞ്ഞ തിങ്കളാഴ്ച അച്ഛച്ഛൻ, എന്റെ അപ്പൂട്ടി, ഒറ്റ പോക്ക് അങ്ങ് പോയി....

തൊണ്ണൂറ്റിയഞ്ചിന്റെ ചെറുപ്പത്തിലും പറമ്പിലെ കപ്പ പറിക്കാനും, കുരുമുളക് നുള്ളി ഉണക്കി കെട്ടിവെക്കാനും, വിറക് കൊത്താനും ഒക്കെ മുന്നിട്ടിറങ്ങിയിരുന്ന എന്റെ അപ്പൂട്ടിയാണ്,
മുളകിൻതയ്യിനോ മറ്റോ മുകളിൽ ഇട്ട ഒരു വലയുടെ കുടുക്കിൽ കുടുങ്ങി ഒന്ന് വീണു, ഇടുപ്പെല്ല് പൊട്ടി,
സർജറി ഒക്കെ കഴിഞ്ഞ് മിടുക്കനായി വരുവാരുന്നു.
ഡിസംബറിൽ അവധിക്ക് ഞാൻ നാട്ടിൽ പോകുമ്പോ അപ്പൂട്ടി നല്ല മിടുക്കനായി ഇരിക്കുമെന്ന പ്രതീക്ഷ എനിക്ക് ഉണ്ടായിരുന്നു.
പെട്ടെന്ന് അങ്ങ് പോയി..

ഞാൻ ജനിക്കും മുന്നേ തന്നെ എന്റെ രണ്ട് അപ്പൂപ്പന്മാരും മരിച്ചുപോയിരുന്നു,
എനിക്ക് തിരിച്ചറിവാകുമ്പോഴും അമ്മൂമ്മമാരും പോയി.
അമ്മൂമ്മ-അപ്പൂപ്പൻ സ്നേഹങ്ങൾ ഒന്നും എനിക്ക് കിട്ടിയിട്ടേയില്ല.
അതുകൊണ്ടുതന്നെ,
ദൃശ്യയുടെ അച്ഛമ്മയും അച്ഛച്ഛനും എനിക്ക്, ഏറെക്കാലം കാത്തിരുന്നു കിട്ടിയ കുഞ്ഞുങ്ങളെപ്പോലെ പ്രിയപ്പെട്ടവർ ആയി മാറി.

സൗദിക്ക് വരുന്നതിന് മുൻപുള്ള ഒന്നരമാസം മുഴുവൻ അപ്പൂട്ടിയുടെയും അച്ഛമ്മയുടെയും ഒപ്പം നിക്കാൻ പറ്റി.
അച്ഛമ്മ എല്ലായ്പ്പോഴും യാത്രക്കാലിൽ ആണെങ്കിലും, അച്ഛച്ഛൻ പൊതുവെ വീട് വിട്ട് പുറത്തേക്ക് അങ്ങനെ പോകാറില്ല,
കുടുംബത്തിലെ വിശേഷപ്പെട്ട ചടങ്ങുകൾ പലതും നടന്നത് ചെറിയ ദൂരങ്ങളിൽ ആയിരുന്നിട്ടുപോലും യാത്ര ചെയ്യാൻ വയ്യെന്ന കാരണത്തിൽ അപ്പൂട്ടി ഒഴിവാക്കി.

പക്ഷേ,

ഞാൻ കാറെടുത്ത് ചിക്കൻ വാങ്ങാൻ പോകുമ്പോ അപ്പൂട്ടിയും കൂടെ കേറും.
ചിക്കൻ വാങ്ങി കഴിഞ്ഞ്, വന്നവഴി തിരികെ പോകാതെ, ആറുവരി പാതയുടെ പണി നടക്കുന്ന സ്പിന്നിംഗ് മില്ല് വഴി വലത്തേക്കുള്ള വഴിയേ പോയി ഇടിമുഴിക്കൽ വഴി തിരിച്ച് വീട്ടിൽ പോകും.
ഡോറിന്റെ ഗ്ലാസ്സിലൂടെ അപ്പൂട്ടി നാടിന് വന്ന മാറ്റം കാണും.
പൊതുവിൽ, എനിക്കൊപ്പം അത്തരം ചെറിയ സർക്കീട്ടുകൾക്ക് മാത്രമേ അപ്പൂട്ടി കൂടാറുള്ളൂ.
പക്ഷേ, ഇങ്ങോട്ട് വരുന്നേന് ഒരാഴ്ച മുന്നേ രാമനാട്ടുകര ടൗണിലേക്ക് കുറച്ച് പച്ചക്കറിയും മീനും വാങ്ങാൻ ഇറങ്ങിയ എന്റെയൊപ്പം, "ഞാനും വരുന്നു" എന്ന് പറഞ്ഞ് അപ്പൂട്ടി കാറിൽ കേറി.
ടൗണിൽ ഇറങ്ങി മീൻ വിൽക്കുന്ന കടയിൽ കേറി പേശി ഇഷ്ടമുള്ള മീൻ വാങ്ങി, പച്ചക്കറി കടയിൽ നിന്നും സാധനങ്ങൾ വാങ്ങി, പഴങ്ങളും തണ്ണിമത്തനും വാങ്ങി,
എല്ലാറ്റിനും ആള് തന്നെ വില പേശി,
ഞാൻ ഒരു സൈഡിൽ മാറി നിന്ന് കണ്ടു.
തിരികെ വരുമ്പോ ആറുവരി പാത വഴി അഴിഞ്ഞിലം വരെ പോയി, തിരിച്ച് വീട്ടിൽ വന്നപ്പോൾ നാട് കണ്ടതിന്റെ സന്തോഷം ഒന്നും മുഖത്ത് കണ്ടില്ല, പതിവ് ഗൗരവം തന്നെ.
പക്ഷേ, സന്തോഷം ഉണ്ട് എന്ന് എനിക്ക് അറിയാരുന്നു.

കക്ഷിയുടെ മകന്റെ മരുമകൻ ആണ് ഞാൻ,
പക്ഷേ, ഞങ്ങൾ കൂട്ടുകാരെ പോലെ ആയിരുന്നു.
ഒന്നിച്ചിരുന്നു ഞങ്ങൾ കള്ള് കുടിച്ചു, അച്ഛമ്മയെ കളിയാക്കി,
അച്ഛച്ഛന്റെ (അപ്പൂട്ടി) ഇല്ലാക്കഥകൾ അച്ഛമ്മയോട് പറഞ്ഞ് പുള്ളിക്കാരിയെ എരികേറ്റി,
വീട്ടിൽ നിന്ന ദിവസങ്ങളിൽ ഞങ്ങൾ രണ്ടാളും മുന്നിലെ തൊടിയിൽ കപ്പ പറിക്കാൻ ഇറങ്ങി,
വൈകീട്ട് കോലായയിൽ ഒന്നിച്ചിരുന്ന് ചായ കുടിച്ച് കുളൂസ് പൊട്ടിച്ചു....

ഡിസംബറിൽ നാട്ടിൽ പോകുമ്പോൾ അപ്പൂട്ടിയേയും അച്ഛമ്മയേയും കൊണ്ട് സർക്കീട്ട് പോകാനുള്ള പ്ലാൻ എന്നേ മനസ്സിൽ കരുതിയതാണ്.
പക്ഷേ,
എന്റെ പ്ലാനുകൾ എല്ലാം തകിടം മറിച്ച് ദൈവം അപ്പൂട്ടിയേം കൊണ്ട് സർക്കീട്ട് പോയി.

അപ്പൂട്ടി ഇല്ലാത്ത വീട്ടിലേക്ക് പോകാൻ തന്നെ എനിക്ക് തോന്നുന്നില്ല,
ഉള്ള് വേവും, വെന്ത് നോവും....

പക്ഷേ,
പോകാതിരിക്കാൻ പറ്റില്ല,
അച്ഛമ്മ അവിടെ ഉണ്ട്,
അച്ഛച്ഛനെ സർക്കീട്ട് കൊണ്ടുപോയ ദൈവം അച്ഛമ്മയുടെ ഓർമ്മയും കട്ടോണ്ട് പോയി.
എന്നെ കണ്ടാൽ ഇനി ചിലപ്പോൾ ഓർത്തെന്ന് വരില്ല,
"രാജീവനേത്രാ എൻ കോമളഗാത്രാ,
വെണ്ണയുണ്ണാൻ മോഹമേറും ഉണ്ണിക്കണ്ണനേ"
എന്ന് പാടിയെന്നും വരില്ല,
ഓർമ്മ ഇല്ലങ്കിലെന്താ,
അച്ഛമ്മ ഉണ്ടല്ലോ...

എന്നാലും,
എന്റെ അപ്പൂട്ടി ഇല്ലല്ലോ....

😭

Friday, July 5, 2024

ഉള്ളൊഴുക്ക്

സിനിമയിൽ ഒരു സീനിൽ ഉർവശിയുടെ പുരികങ്ങളുടെ ചലനം വല്ലാതെ കൂടുന്നുണ്ട്, ലീലാമ്മ കടന്നുപോകുന്ന വികാരങ്ങളുടെ വേലിയേറ്റത്തിന് പ്രേക്ഷകർ സാക്ഷിയാകുന്ന ഒരു സീൻ ആണത്‌"

എന്ന് എഴുതി തുടങ്ങാൻ ആണ് ശ്രമിച്ചത്.

പിന്നെയാണ് ആലോചിച്ചത്,

പടത്തിലെ ഒരു സീനിൽ അല്ല, ഒട്ടുമൊത്ത സീനുകളിലും ഉർവശി എന്ന നടിയുടെ മുഖത്ത് ആണ് ക്യാമറ.

ഒരുപക്ഷേ, പാർവതിയുടെ അഞ്ജുവിനേക്കാൾ ക്രിസ്റ്റോയുടെ ക്യാമറ ഫോക്കസ് ചെയ്തത് ഏറെയും ലീലാമ്മയിൽ ആണ്, അവരുടെ മനോവ്യാപാരങ്ങൾ പ്രതിഫലിക്കുന്ന മുഖത്തേക്ക് തന്നെ ആണ്.

അവരുടെ പുരികങ്ങൾ മാത്രമല്ല, കണ്ണുകളും കവിൾത്തടങ്ങളും എല്ലാം നമ്മളെ വിസ്മയിപ്പിക്കും, അവ്വിധം ആഴത്തിൽ ഉർവശിയിലേക്ക് ലീലാമ്മയും അവരുടെ ദുഖങ്ങളും, സ്നേഹവും, ഇടക്ക് വന്നുപോകുന്ന ചെറിയ ദേഷ്യവും ഈർഷ്യയും ഒക്കെ ആവേശിച്ചിട്ടുണ്ട്.

പാർവതിയെ ടേക്ക് ഓഫ്’ലെ സമീറയുടെ തുടർച്ചയായാണ് തോന്നിയത്. ചുറ്റുപാടും പൊങ്ങിയ വെള്ളത്തിന്റെ നടുവിൽ, ഇഷ്ടമില്ലാത്ത കല്യാണത്തിന് വഴങ്ങി കൊടുത്തതിന്റെ ഫലമായി അനുഭവിക്കേണ്ടി വന്ന വേദനകളുടെ നടുവിൽ, ഭർത്താവിന്റേതല്ലാത്ത ഗർഭം നൽകുന്ന വിഷമങ്ങൾക്ക് നടുവിൽ, മകന്റെ കുഞ്ഞിനെ കാത്തിരിക്കുന്ന ലീലാമ്മയുടെ സ്നേഹത്തിന് മുന്നിൽ, ശ്വാസം മുട്ടുന്ന അഞ്ജുവിന്റെ റോൾ പാർവതി അനായാസം കൈകാര്യം ചെയ്തിരിക്കുന്നു. ആ ശ്വാസംമുട്ടലുകൾക്കിടയിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച് പരാജയപ്പെട്ട് അഞ്ജു തിരിച്ചുവരുന്ന സീനിൽ ഒറ്റക്ക് വള്ളം തുഴഞ്ഞുവരുന്ന അവളുടെ മുന്നിലേക്ക് മഴ പെയ്തിറങ്ങുമ്പോൾ നമുക്കും ആ ശ്വാസം മുട്ടൽ അനുഭവപ്പെടും.

ഉർവശി-പാർവതിമാരുടെ ഈ സിനിമയിലെ അഭിനയത്തെ കുറിച്ച് പലരും ഇതിനേക്കാൾ വിശദമായി എഴുതിയതാണ്.

എന്നാൽ, അതിഗംഭീര പ്രകടനങ്ങൾ കൊണ്ട് ഇവർക്കൊപ്പം തന്നെ കട്ടക്ക് കട്ട നിൽക്കാൻ സിനിമയിലെ മറ്റ് താരങ്ങൾ ആയ ജയ കുറുപ്പിനും, പ്രശാന്തിനും, വീണ നായർക്കും കഴിഞ്ഞിട്ടുണ്ട്.

ജയ കുറുപ്പിന്റെ ചില നേരങ്ങളിലെ വെറുതേ ഉള്ള നിൽപ്പ് പോലും topnotch പെർഫോമൻസ് എന്ന ഗണത്തിൽ പെടുത്താം. അന്ത:സംഘർഷങ്ങളുടെ ആഴം അവരുടെ ആ static posture'ൽ നമുക്ക് അറിയാൻ കഴിയും.

പടത്തിൽ തന്നെ ആദ്യമായി കാണിക്കുന്ന സീൻ മുതൽ, താനൊരു ദീനക്കാരൻ ആണെന്നൊരു impact പ്രേക്ഷകന്റെ ഉള്ളിൽ ഉണ്ടാക്കിയെടുക്കാൻ പ്രശാന്തിന്റെ അഭിനയത്തിനാകുന്നുണ്ട്. അയാളുടെ ചിരി തെളിച്ചമുള്ളതല്ല, താൻ പേറുന്ന രോഗത്തെ പ്രതി അയാൾക്കുള്ള ഭയം ആ മങ്ങിയ ചിരിയിൽ പ്രതിഫലിക്കുന്നുണ്ട്.

ഭാര്യയ്‌ക്കൊപ്പം ഉള്ള സ്വകാര്യ നിമിഷങ്ങളിലേക്ക് അയാൾ കടക്കുന്നത് പോലും ധൃതിപ്പെട്ടാണ്, വരാനിരിക്കുന്ന ഭീകരമായ എന്തിനെയോ ഭയക്കുന്ന ഒരാളെ പ്രശാന്തിന്റെ തോമസുകുട്ടിയിൽ നമുക്ക് കാണാം. ഈ റോളിലേക്കായി പ്രശാന്ത് നടത്തിയ ശരീരികമായ ട്രാൻസ്ഫർമേഷനും ഏറെ convincing ആണ്.

സിസ്റ്റർ റോസമ്മ എന്ന കഥാപാത്രമായി വന്ന വീണ നായരും പെർഫോമൻസ് കൊണ്ട് വളരെ മികച്ചുനിന്നതായി തോന്നി. പുറമേ ശാന്തമായി ഒഴുകുന്ന പുഴയുടെ ഉള്ളൊഴുക്ക് വളരെ ശക്തമായിരിക്കും. ഒരു കന്യാസ്ത്രീ എന്ന റോളിലേക്ക് വരുമ്പോൾ പുറമേക്ക് വേണ്ട ശാന്തതയുടെ ഡിഗ്രി കുറച്ച് കൂടും, അതിനനുസരിച്ചു ഉള്ളുരുക്കത്തിന്റെയും. അത് രണ്ടും ഇവിടെ പിച്ച് പെർഫെക്റ്റ് ആണ്. അടക്കം വന്ന അസാധ്യ പെർഫോമൻസ്. ഉർവശിയുടെ ഒരു കുത്തുന്ന ഡയലോഗിൽ നിർന്നിമേഷയായി നിൽക്കുന്ന റോസമ്മയിൽ, പെർഫോമൻസിന്റെ ആ ഡെപ്ത് കാണാൻ കഴിയും.

ഇനിയൊരാൾ ജലം ആണ്,

വെള്ളം…

ചുറ്റോറും നിറഞ്ഞു നിൽക്കുന്ന വെള്ളം സിനിമയിൽ pivotal ആയ ഒരു കഥാപാത്രം ആണ്.

വെള്ളം സങ്കടമാണ്, തോമസുകുട്ടിയുടെ വയ്യായ്കകൾക്കൊപ്പം പൊങ്ങുന്ന വെള്ളം ആ വീട്ടിലേക്ക് ഇടയ്ക്കിടെ കടന്നുവരുന്ന ദുഃഖമാണ്. വർഷത്തിൽ ഏറെനാളും വെള്ളം കയറുന്ന വീടിന്റെ മുറ്റം മണ്ണിട്ട് പൊക്കുന്ന കാര്യവും വെള്ളം കയറാത്ത മുറി ശരിയാക്കണം എന്ന കാര്യവും ഉർവശി പറയുന്നത് മകന്റെ കുഞ്ഞ് അഞ്ജുവിന്റെ വയറ്റിൽ ഉണ്ടെന്ന കാര്യം അറിയുമ്പോൾ ആണ്.

ആണ്ടോടാണ്ട് ദുഃഖത്തിൽ മുങ്ങിനിൽക്കുന്ന ആ വീട്ടിൽ തോമസുകുട്ടിയുടെ കുഞ്ഞിന്റെ വരവിലൂടെ സന്തോഷം വന്നുചേരുമെന്ന ലീലാമ്മയുടെ പ്രതീക്ഷ ആണ് അവിടെ കാണാൻ കഴിയുന്നത്.

വെള്ളം താഴ്ന്നാൽ മാത്രം വഴികൾ - ഭൗതികവും, മാനസികവും, ജൈവികവുമായ വഴികൾ - തെളിയുന്ന സങ്കടാവസ്ഥകളുടെ ആകെത്തുകയാണ് ഉള്ളൊഴുക്ക് എന്ന സിനിമ.

മേലേ ഞാൻ എഴുതിയതെല്ലാം അഭിനേതാക്കളുടെ പ്രകടനങ്ങളെ കുറിച്ചാണ്, സിനിമയുടെ മൊത്തത്തിലുള്ള പ്രകടനത്തെ അല്ല.

സിനിമയുടെ എക്സിക്യൂഷനെ പറ്റി എനിക്ക് ഉള്ള യോജിപ്പില്ലായ്മ എന്തെന്നാൽ, ചിത്രം കൈകാര്യം ചെയ്യുന്നത് പല കഥാപാത്രങ്ങളുടെയും സങ്കടങ്ങൾ നിറഞ്ഞ ഉള്ളൊഴുക്ക് ആണെങ്കിലും ആ സങ്കടങ്ങൾ ഒഴുകി പ്രേക്ഷകനിലേക്ക് എത്താൻ പല സീനുകളിലും കഷ്ടപ്പെടുന്നപോലെ തോന്നി.

മരണം കൂടാൻ വന്ന ഒരു അടുത്ത ബന്ധുവായി പ്രേക്ഷകനെ മാറ്റാൻ പൊട്ടൻഷ്യൽ ഉള്ള ഒരു കഥയിൽ പക്ഷെ, ചിലയിടങ്ങളിൽ ആ വീട്ടുകാരുടെ വിഷമം ഒന്ന് എത്തിനോക്കി കണ്ട് പോയ ഒരു വഴിപോക്കനായി പോലും നമുക്ക് മാറേണ്ടി വരുന്നപോലെ തോന്നി.

അഞ്ജുവും രാജീവും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢത അഞ്ജു തന്നെ ലീലാമ്മയോട് ഒരു വൈകാരികമായ സീനിൽ പറയുന്നുണ്ടെങ്കിലും, നിർണായകമായ ഒരു തീരുമാനമെടുക്കാൻ അഞ്ജുവിനെ പ്രാപ്തയാക്കുന്ന വിധം (ശാരീരികമായ അടുപ്പത്തിന് അപ്പുറം) എത്രത്തോളം തീവ്രമാണ് അവരുടെ ഇഷ്ടമെന്ന് നമ്മളെ convince ചെയ്യാൻ പരാജയപ്പെട്ടത് പോലെ തോന്നി.

ചുരുക്കത്തിൽ,

ചിലയിടങ്ങളിൽ ഒഴുക്കിന്റെ വഴിതിരിഞ്ഞു പോയെന്ന് തോന്നുമെങ്കിലും മൊത്തത്തിൽ ഗംഭീരപ്രകടനങ്ങളുടെ കുത്തൊഴുക്ക് ആണ് സിനിമ.

(ചുറ്റും പൊങ്ങി നിൽക്കുന്ന സങ്കടങ്ങളുടേയും വിഷമങ്ങളുടെയും ഇടയിൽ നിന്ന് നേരിയ ഒരു ആശ്വാസത്തിലേക്ക് വള്ളം തുഴഞ്ഞുപോകലിലാണ് ആണ് സിനിമ തീരുന്നതെങ്കിലും, എല്ലാവരുടെയും കപ്പ്‌ ഓഫ് ചായ ആകണമെന്നുമില്ല.

സിനിമ സംഭവിക്കുന്ന ജ്യോഗ്രഫിക്കൽ ടെറൈനിൽ ഇടയ്ക്കിടെ സംഭവിക്കുന്ന ഇത്തരം അനുഭവങ്ങളിലൂടെ കടന്ന് പോയവർക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാൻ കഴിയും എന്നാണ് ചിലരൊക്കെ അഭിപ്രായപ്പെട്ടത്.)

എനിക്ക് ഇഷ്ടപ്പെട്ടു.

❤️

Sunday, June 9, 2024

"ഇ.വി.റെജിയുടെ ദർശനയും ചക്കോളിയുടെ സ്വന്തം അംബികയും"

"ഇ.വി.റെജിയുടെ ദർശനയും ചക്കോളിയുടെ സ്വന്തം അംബികയും"


ഒരു എറണാകുളം-കായംകുളം ട്രെയിൻ യാത്രയിലാണ് ഇ.വി. റെജിയുടെ "ദർശനാ ടാക്കീസ്" വായിക്കാൻ എടുത്തത്. വായിച്ചുതുടങ്ങി ഒരുമണിക്കൂർ തികച്ച് വേണ്ടിവന്നില്ല അതു തീർക്കാൻ. അത്രക്ക് ഹൃദ്യവും സരസവുമായ ആഖ്യാനം.

ഏതൊരു നാടിൻ്റെ ചരിത്രം ചികഞ്ഞാലും നമുക്ക് കാണാൻ കഴിയും തൊണ്ണൂറുകളോ ഏറിയാൽ രണ്ടായിരാമാണ്ട് വരെയോ അന്നാട്ടിലെ ജനതയുടെ ഹരമായിരുന്നിരുന്ന ഒരു 'സിനിമാ ടാക്കീസ്' അഥവാ 'സിനിമാ കൊട്ടക' എന്ന ചെറു തീയേറ്ററുകളെ.

വലിയ വലിയ തീയേറ്ററുകൾ ചവച്ചുതുപ്പിയ ചണ്ടികളായ സിനിമകൾ കളിക്കേണ്ടിവരികയും, ക്രമേണ, നാടിന്റെ വളർച്ചക്കനുസരിച്ച് പുതുകാലത്തിന്റെ മൾട്ടിപ്ലക്സ് സംസ്ക്കാരത്തിൽ മുങ്ങി പ്രദർശനങ്ങൾ നിർത്തിവെക്കേണ്ടി വന്നതുമായ ചെറുചെറുസിനിമാപ്രദർശനശാലകൾ. അത്തരമൊരു തീയേറ്ററായ "ദർശന ടാക്കീസ്" സിനിമാശാലയിലെ അവസാനത്തെ പ്രദർശനം കാണാൻ ഭാര്യയോടു കള്ളം പറഞ്ഞ് തന്റെ പഴയകാല കൂട്ടുകാരനായ "ഫുൾസൈക്കിൾ" ചവിട്ടി ദർശനയിലെത്തുന്ന ബാലകൃഷ്ണന്റെ ഓർമ്മകളുടെ ഫ്രെയിമുകളിലേക്കാണ് പുസ്തകത്തിലൂടെ ഇ.വി.റെജി നമ്മളെ നയിക്കുന്നത്.

90'സ് കിഡ്സ്‌ ആയ ഒരാൾക്കും അപരിചിതമായ ഓർമ്മകളായിരിക്കില്ല അവയൊന്നും.
പഴയകാല സിനിമാപ്രദർശനശാലകളുടെ ഓർമ്മകളെ പേറുന്ന എല്ലാ വായനക്കാരിലും 'ഇത് എന്റെ തന്നെ കഥയാണല്ലോ' എന്ന ചിന്ത ഈ പുസ്‌തകവായന പകരുമെന്നത് തീർച്ചയാണ്.

"ചക്കുവള്ളി അംബിക"

പുസ്തകത്തിലെ നായകന് ദർശന ടാക്കീസ് ഓർമ്മകൾ ഉള്ളത് പോലെ, പ്രദർശനം നിർത്തിയ ഒരു 
ടാക്കീസിന്റെ ഓർമ്മകൾ ഞാനടക്കം ഉള്ള ഓരോ ചക്കോളിക്കാരനും മനസ്സിൽ കാത്തുസൂക്ഷിക്കുന്നുണ്ട്.
അതാണ്‌ ഞങ്ങളുടെ "അംബിക". വായനയുടെ നേരമത്രയും ചക്കുവള്ളിയിലെ പൂട്ടിപ്പോയ തീയേറ്ററായ "ചക്കോളി അംബിക"യായിരുന്നു എന്റെയുള്ളിൽ.

അധികം സിനിമകളൊന്നും ഞാനവിടെ കണ്ടിട്ടില്ല.
ഭരതൻ്റെ 'അമരം' ആയിരുന്നു ഞാനവിടെ കണ്ട ആദ്യചിത്രം, പിന്നീട് 'കമ്മീഷണർ', 'പത്രം' തുടങ്ങിയ സിനിമകളും കണ്ടിട്ടുണ്ട്.

ചക്കുവള്ളിയുടെ വെള്ളിയാഴ്ചകൾ അംബികയുടെ സ്വന്തമായിരുന്നൊരു കാലം ഉണ്ടായിരുന്നു.
ക്രമേണ കരുനാഗപ്പള്ളിയിലും അടൂരിലുമൊക്കെയായി ആധുനിക സംവിധാനങ്ങളോടു കൂടിയ തീയേറ്ററുകൾ തലപൊക്കിയതോടുകൂടി അംബികയിൽ ജനം കുറഞ്ഞു. ദർശന ടാക്കീസിലെന്നപോലെ പതിയെ അംബികയും വിട്ടുവീഴ്‌ചകളുടെ "വട്ടത്തിൽ ഏ" പ്രദർശനങ്ങളിലേക്ക് ഒതുങ്ങി. കുടുംബപ്രേക്ഷകരുടെ വരവ് നിലച്ചു.

ഷക്കീല എന്ന നടിയെ ആദ്യമായി കേരളക്കരക്കു പരിചയപ്പെടുത്തിയ 'കിന്നാരത്തുമ്പികൾ' അംബികയിലെ ആദ്യ അഡൽറ്റ്സൊൺലി ചിത്രമായി പ്രദർശിപ്പിക്കപ്പെട്ടു.

അംബിക തീയേറ്ററിൻ്റെയും നൌഫലിന്റെ വീടിന്റെയും ഇടയിലുള്ള വഴിയിലൂടെയായിരുന്നു അക്ഷര ട്യൂട്ടോറിയലിലേക്ക് ഉള്ള വഴി.
വഴി തുടങ്ങുന്നിടത്തുള്ള നൌഫലിന്റെ വാപ്പാടെ കടയുടെ മുന്നിലുള്ള സിനിമാ പരസ്യ ബോർഡിൽ ഷക്കീല ചേടത്തി നാട്ടുകാർക്ക് മുന്നിൽ തന്റെ വരവറിയിച്ചു കൊണ്ട് പ്രത്യക്ഷയായി.
അക്ഷര ട്യൂട്ടോറിയലിൽ പോകുന്ന പോക്കിലും, പിന്നീട് 
ഒൻപതരക്കുള്ള ഓച്ചിറ-അടൂർ കോമോസിന് കടമ്പനാട് സ്‌കൂളിലേക്കു പോകുമ്പോൾ ബസിന്റെ വാതിലിൽ തൂങ്ങിനിന്നുകൊണ്ടും,
ഭൂമിയിലേക്ക് ഇപ്പോൾ വീണുപോകും എന്ന കണക്ക് എങ്ങുമെത്താത്ത കച്ചകളിൽ അടക്കം ചെയ്‌ത ചേടത്തിയുടെ അപാരസൌന്ദര്യത്തെ ഞങ്ങൾ ആവോളം കണ്ടു.

തുടർന്ന് മറ്റു മൂന്നു പേർ കൂടി അംബികയിലേക്ക് ആഴ്ചയാഴ്ചകളിൽ വിരുന്നെത്തി. മറിയ, രേഷ്‌മ, സജിനി ത്രയങ്ങളും പിന്നെ ഇടക്കിടെ ഷക്കീലയും അംബികയുടെ സ്വന്തമാൾക്കാരായി. സാബു സാറിന്റെയും ലാലു സാറിന്റെയും സിദ്ധിക്ക് സാറിന്റെയും ക്ലാസുകൾക്കിടയിൽ ഞങ്ങൾ അംബികയിൽ നിന്നുയരുന്ന പ്രണയകാമ ശീൽക്കാരങ്ങൾക്കായി കാതോർത്തു.

നാട്ടുകാർക്ക് പതിയെ ഈ പ്രദർശനങ്ങളും മടുത്തുതുടങ്ങി.
ആൾവരവ് കുറഞ്ഞപ്പോൾ അംബികയൊരു റിനോവേഷനു തയ്യാറായി.

രണ്ടായിരത്തിൽ, അൽപ്പം മോടിപിടിപ്പിക്കലുകളോടു കൂടി അംബിക ഉയിർത്തെഴുന്നേറ്റു. ലോഹിതദാസിൻ്റെ 'അരയന്നങ്ങളുടെ വീട്' പിടിച്ച് തിരിച്ചുവരവ് ഗംഭീരമാക്കി, അതിന് ശേഷം വന്നത് 99'ലെ റിലീസ് ആണെങ്കിലും അപ്പോഴും ഹിറ്റായി തന്നെ നിന്ന ഷങ്കറിന്റെ 'മുതൽവൻ'.

പക്ഷേ ആ ഗാംഭീര്യം തുടരാൻ അംബികക്ക് കഴിഞ്ഞില്ല. കേബിൾ ടെലിവിഷന്റെ അഭൂതപൂർവമായ പ്രചാരത്തിലും, പുതിയ തിയേറ്ററുകളുടെ ഉദയത്തിലും മുങ്ങിപ്പോയി അംബികയിലെ സിനിമാപ്രദർശനങ്ങൾ. താമസിയാതെ പ്രദർശനങ്ങളെ ഓർമ്മയുടെ തിരശ്ശീലയിലേക്കു തള്ളി അംബികക്ക് എന്നെന്നേക്കുമായി താഴ് വീണു.

കുറച്ചുനാൾ മുൻപ് ഞാൻ അംബികയുടെ മുന്നിലെത്തിയപ്പോൾ അകത്തേക്ക് ഒരു നോക്ക് നോക്കി.
പഴയ കെട്ടിടം പൊളിച്ചിരിക്കുന്നു. കെട്ടിടം നിന്നിടത്ത് നീട്ടിക്കെട്ടിയ അയകൾ സ്ഥാനം പിടിച്ചിരിക്കുന്നു. അതിൽ ഉണങ്ങാനിട്ട റബ്ബർ ഷീറ്റുകൾ, പടർന്നു കയറിയ കോവൽ വള്ളികൾ.
പണ്ട് കാഴ്ചയുടെ പുത്തനനുഭവങ്ങൾ ഓരോ ചക്കോളിക്കാരനും പകർന്നുകൊടുത്ത അംബിക ഓർമ്മകളുടെ ശവപ്പറമ്പായി മാറിയിരിക്കുന്നു.

ഒരു കാലത്ത് എൻ്റെ നാടിനെ സിനിമ കാണാൻ പഠിപ്പിച്ച അംബിക തീയേറ്റർ, തന്നിലൂടെ പ്രേക്ഷകർ കണ്ടുതീർത്ത ചലച്ചിത്രങ്ങളുടെ ഓർമ്മകൾ അടക്കിപ്പിടിച്ച് കൊണ്ട്, മണ്ണിനടിയിൽ നിശ്ശബ്‌ദയായി മുകളിലെ നീല തിരശ്ശീലയിലേക്ക് കണ്ണയച്ച് കിടക്കുന്നു....

❤️😭

(2015)

നനു ബ്രോ.. വരദാ.... 😆😆😆

വടകര - കോഴിക്കോട് റൂട്ടിൽ പാലൊളി പാലം ഒന്ന് കടന്നുകിട്ടാൻ ഒരുമണിക്കൂറോളം ട്രാഫിക്കിൽ വെയ്റ്റ് ചെയ്യുമ്പോൾ ആണ് 'ഹൃദയ'ത്തിലെ 'നഗുമോ' ട്രാക്ക് മ്യൂസിക് പ്ലെയറിൽ ഷഫിൾ ചെയ്ത് എത്തിയത്.

മാഹിയിൽ നിന്ന് അടിച്ച ബിയറിന്റെ മയക്കത്തിൽ ആയിരുന്ന മറുപാതി അപ്പോഴുണ്ട് എഴുന്നേറ്റ് കുറേ നേരം അങ്ങനെ മ്യൂസിക് പ്ലെയറിലേക്ക് കണ്ണും മിഴിച്ച് നോക്കികൊണ്ട് പാട്ട് കേട്ടിരിക്കുന്നു...
പിന്നെയൊരു ചോദ്യം,

"ഇത് കർണാട്ടിക് മ്യൂസിക് അല്ലേ..."

സാധാരണ ആൾ ഇങ്ങനത്തെ ചോദ്യം ഒന്നും ചോദിക്കാറില്ല, അതുകൊണ്ട് ഒരമ്പരപ്പ് എനിക്കുണ്ടായി...

"അതേ, കർണാട്ടിക് മ്യൂസിക് ആണ്, എന്തേ...??"

"കുറെ വർഷം മുന്നേ ഉള്ള പാട്ടാവില്ലേ...??"

"അതേ, കുറേ വർഷം ആയിട്ടുണ്ടാവും...."

"അല്ല, ഈ കർണാട്ടിക് മ്യൂസിക്കിൽ ഒക്കെ 'ബ്രോ' എന്നൊക്കെ ഉപയോഗിക്കുമോ... അതൊക്കെ പുതിയ വാക്കല്ലേ...."

😮